പൂക്കളത്തിലും സദ്യയിലും മാത്രം ഒതുങ്ങുന്നതല്ല ഓണം

ഓണമെന്നാൽ ഇന്ന് സെറ്റ് സാരി/മുണ്ട്, പൂക്കളം, സദ്യ എന്നിവയിൽ മാത്രം ഒതുങ്ങി പോകുന്നു. എന്നാൽ അത് മാത്രമാണോ ഓണം ? ഓണമെന്നാൽ അതിൽ നിരവധി കളികളുമുണ്ട്. പുലിക്കളി, ഓണപ്പൊട്ടൻ, കൈകൊട്ടിക്കളി..അങ്ങനെ നീളുന്നു പട്ടിക.
കേരളത്തിൽ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു രസകരമായ നിരവധി ഓണക്കളികൾ ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്…എന്തൊക്കെയാണ് ഓണക്കളികൾ എന്ന് കാണാം…
പുലിക്കളി
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവക്കളി. ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്.. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.
ഓണപ്പൊട്ടൻ
വടക്കേ മലബാറിൽ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമാണ് ഓണപ്പൊട്ടൻ. ഓണേശ്വരൻ എന്നും പേരുണ്ട്. ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഇത്. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന് അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.
മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്.ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകാറുണ്ട്.
കൈകൊട്ടിക്കളി
തിരുവാതിരക്കളിയുടെ ശാസ്ത്രീയതയിൽ അൽപം നാടോടി കലാസ്വഭാവം കൂടിച്ചേർന്ന് ഓണനാളുകളിൽ വീട്ടുസദസ്സുകളിൽ അവതരിപ്പിക്കുന്ന നൃത്തരൂപമാണ് കൈകൊട്ടിക്കളി. ശരീരഭാഷയിലെ വൈശിഷ്ട്യവും ചലനങ്ങളിലെ അനുപാതവുമാണ് കൈകൊട്ടിക്കളിയുടെ തനത് സൗന്ദര്യത്തിന്റെ പ്രധാനഘടകങ്ങൾ. നൃത്ത ശാസ്ത്രത്തിലെ ലാസ്യഭാവമാണ് കൈകൊട്ടിക്കളിയിൽ പ്രധാനമെങ്കിലും ചില ചുവടുകളിൽ താണ്ഡവത്തിന്റെ സ്വാധീനവും കാണാം.
ആക്കയ്യിലീക്കയ്യിലോ മാണിക്യച്ചെമ്പഴുക്ക
ഒരു കൂട്ടം സ്ത്രീകളും തൊടിയിലെ അടയ്ക്കാമരത്തിൽനിന്നുള്ള ഒരു അടയ്ക്കയുമുണ്ടെങ്കിൽ ചെമ്പഴുക്ക കളിക്കാം. വട്ടത്തിലിരിക്കുന്ന സ്ത്രീകൾ പിന്നിലേക്ക് കൈകെട്ടി വൃത്തത്തിനു നടുവിലെ കളിക്കാരിയെ കളിപ്പിക്കുന്നതാണ് ഈ കളി. കളിക്കാരി കാണാതെ പിന്നിൽ കെട്ടിയ കൈകളിലൂടെ അടയ്ക്ക കൈമാറുന്നതിനിടെ ഇത് കണ്ടെത്താൻ ഇവർക്ക് നടുവിൽ നിൽക്കുന്ന സ്ത്രീ ശ്രമിക്കും. ശ്രമം തുടരുന്നതിനിടെ ‘ആക്കയ്യിലീക്കയ്യിലോ… മാണിക്യച്ചെമ്പഴുക്കാ…’എന്ന് പാടും.
ഇത്തവണ ഓണപ്പൂക്കളത്തിലും, സദ്യയിലും മാത്രം ഓണമെന്ന ആഘോഷത്തെ ഒതുക്കാതെ ഇത്തരം കളികൾ കൂടി ഉൾപ്പെടുത്തി പഴമയുടെ പ്രൗഡിയെ തിരിച്ചുവിളിക്കാം
onam art forms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here