ഇന്ത്യക്ക് സ്വാതന്ത്ര്യം വേണം

ഇന്ത്യ എന്ന വാക്കിനു നേരെയാണ് അവരുടെ ആദ്യ വെടിയുണ്ട ചീറിപ്പാഞ്ഞത്. സ്വന്തം രാജ്യത്തിന് പിതൃഘാതകരുടെ തിലകം ചാർത്തി നൽകിയവർ. അവർക്ക് വേണ്ടിയിരുന്നത് വൈദേശികാടിമത്വത്തിൽ നിന്നുള്ള മോചനമായിരുന്നില്ല. മതാന്ധതയിൽ ഒരു ജനതയെ ആകെ തളച്ചിടുകയായിരുന്നു അവരുടെ ലക്ഷ്യം. രാഷ്ട്രപിതാവിന്റെ ചോര കാവിത്തുണിയിൽ തുടച്ച് ഒളിഞ്ഞും തെളിഞ്ഞും അവർ രാജ്യമാകെ കലാപങ്ങൾ പടർത്തി.
പുരാതന സ്മാരകങ്ങളുടെ നേരെ, മതേതരത്വത്തിന്റെ പതാക വാഹകർക്കു നേരെ, ന്യൂനപക്ഷങ്ങൾക്ക് നേരെ… അവർ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി യുദ്ധം നടത്തുന്നു. തീവ്ര ഹൈന്ദവത എന്ന ഏറ്റവും അപകടകരമായ ആശയത്തിന് അടിത്തറ തീർക്കുവാൻ അവർക്ക് സാധിച്ചു. അന്താരാഷ്ട്ര ഭീകരതയെക്കുറിച്ച് ആശങ്ക പെടുന്നവർ സ്വന്തം രാജ്യത്ത് ഏറ്റവും വലിയ ഭീകരവാദ സംഘടനക്ക് സ്വീകാര്യത സൃഷ്ടിച്ചു…
അവരുടെ അണികൾ സന്യാസവേഷം ധരിച്ച കലാപകാരികളായി… അവരുടെ ആശയ വാഹകരെ മതേതര കുപ്പായത്താൽ അണിയിച്ചൊരുക്കി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു അധികാരം നേടിയെടുത്തു. ഞങ്ങളാണ് രാജ്യം എന്ന് ഭീഷണി മുഴക്കി… ആചാരങ്ങളെ, ആഹാരത്തെ, വിശ്വാസങ്ങളെ സ്വന്തം ധാരയിലേക്ക് തളച്ചിടുവാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവർ.
അവർ ഇസ്ലാമിൻറെ വിശുദ്ധാലയം ഇടിച്ചു നിരത്തി, ഗർഭ കുരുന്നിനെ ശൂലമുനയിൽ കുത്തിനിർത്തി, ആഹാരത്തിന്റെ പേരിൽ അരും കൊലകൾ നടത്തി… അക്ഷരങ്ങൾ കൊണ്ട് രാജ്യത്തിന് മതേതരകവചം തീർത്തവരെ ഒളിഞ്ഞിരുന്ന് കൊന്നൊടുക്കി… ഏറ്റവും നികൃഷ്ടമായ പ്രത്യയ ശാസ്ത്രം മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയമാണെന്ന സത്യം വിളിച്ചു പറയുന്നവരെയൊക്ക രാജ്യ ദ്രോഹികളാക്കി. ഇന്ത്യ ഇന്ന് നേരിടുന്നത് സംഘ് പരിവാർ എന്ന തീവ്രവാദ സംഘടനയുടെ അധിനിവേശത്തെയാണ്…
ഈ അധിനിവേശത്തിനു മുൻപിൽ രാജ്യത്തിൻറെ മാധ്യമ ലോകവും തല താഴ്ത്തി നിൽക്കണമെന്നും മറിച്ചായാൽ ഒരു തോക്കിൻകുഴൽ നിങ്ങൾക്കായും ഒരുക്കിവെച്ചിട്ടുണ്ടെന്നുമുള്ള വിളിച്ചു പറയലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം. എല്ലിൻ കഷണങ്ങൾ കണ്ട് വാലാട്ടി ഉച്ചത്തിൽ കുരയ്ക്കുന്ന അർണാബ് ഗോസ്വാമിമാരുടെ ശുനകവർഗമായി മാധ്യമ രംഗത്തെ ചങ്ങലക്കിടാനുള്ള നീക്കം മറുവശത്തു നടത്തിക്കൊണ്ടാണ് സംഘി കൊലപാതകി സംഘം തേരോട്ടം നടത്തുന്നത്.
ഇന്ത്യയ്ക്ക് നില നിന്നേ മതിയാകൂ. ശൂലമുനകളും ,തോക്കുകളുമാണ് ഇന്ത്യയിലെ ഹൈന്ദവ ഭീകരവാദി സംഘത്തിൻറെ ആയുധം. അതിനൊപ്പം അവർ ചേർത്തുവെയ്ക്കുന്നത് ഏറ്റവും വികൃതമായ ഒരാശയത്തെയും. ഇതിനെ ചെറുത്തു തോൽപ്പിച്ചു മാനവികതയുടെ കൊടി പറത്തിയേ മതിയാകൂ. ഇനി ഓരോ വാക്കിനുമുണ്ട് ശക്തി… അത് ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.
വര (cover; courtesy) : Abhilash Thiruvoth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here