ഗാന്ധി രക്തസാക്ഷി ദിനാചരണ പോസ്റ്ററിൽ ശ്രീരാമനും; വയനാട് എൻസിപിയിൽ വിവാദം പുകയുന്നു
വയനാട്ടിൽ എൻസിപി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിൽ വിവാദം. പോസ്റ്ററിൽ ഗാന്ധിക്കൊപ്പം ശ്രീരാമനെയും ഉൾപ്പെടുത്തിയതാണ് ഒരു വിഭാഗം പ്രവർത്തകർ ചോദ്യം ചെയ്യുന്നത്. ശ്രീരാമനെ സംഘപരിവാർ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ മതേതര പ്രസ്ഥാനമായ എൻസിപി ഇത്തരം നടപടികളിലേക്ക് പോകരുതെന്നാണ് വിമർശനം.
സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടെ ഈ പോസ്റ്റർ ചൂണ്ടിക്കാട്ടി നടന്നത് വലിയ സംവാദമാണ്. സംഘപരിവാർ കൈകാര്യം ചെയ്യുന്ന രീതിയിൽ എൻസിപി ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്നാണ് പ്രധാന വിമർശനം. ബ്ലോക്ക് പ്രസിഡന്റ് എ പി ഷാബുവിന്റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം.
എൻസിപി സംസ്ഥാന സെക്രട്ടറി സിഎം ശിവരാമൻ, ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ തുടങ്ങിയ പ്രമുഖരെല്ലാം ഈ യോഗത്തിൽ പങ്കെടുത്തു. അതേസമയം അഹിംസയുടെ പ്രവാചകനും ശ്രീരാമ ഭക്തനും സഹിഷ്ണുതയും സഹവർത്തിത്വവും നിലകൊള്ളുന്ന രാമരാജ്യം സ്വപ്നം കണ്ടയാളാണ് ഗാന്ധിജി എന്നായിരുന്നു പരിപാടി സംഘടിപ്പിച്ചവരുടെ വാദം. ഗാന്ധിജിയുടെ രാമരാജ്യ വീക്ഷണം എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യവും തുല്യ ബഹുമാനവും നൽകുന്നതാണ് എന്നായിരുന്നു ബ്ലോക്ക് കമ്മിറ്റിയുടെ നിലപാട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here