നീറ്റിനെതിരായ പ്രക്ഷോഭം; വിജയ് അനിതയുടെ കുടുംബത്തിനൊപ്പം

മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ വേദനയിൽ തമിഴ്‌നാട്ടിൽ ആത്മഹത്യചെയ്ത അനിതയുടെ വീട് സന്ദർശിച്ച് നടൻ വിജയ്. നീറ്റിനെതിരെ തമിഴ്‌നാട്ടിൽ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജയ് അനിതയുടെ വീട്ടിലെത്തിയത്.
രജനീകാന്തും കമൽഹാസനും ഉൾപ്പെടെ നിരവധി പേരാണ് നീറ്റിനെതിരെ തമിഴ് സിനിമയിൽനിന്ന് രംഗത്തെത്തിയിട്ടുള്ളത്. മാധ്യമങ്ങളെ ഒന്നും അറിയിക്കാതെയാണ് വിജയ് അനിതയുടെ കുടുംബത്തെ കാണാനെത്തിയത്.
സംഗീത സംവിധായകൻ ജി വി പ്രകാശ്, സംവിധായകൻ പാ രഞ്ജിത്ത് എന്നിവർ അനിതയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. നടൻ സൂര്യ നീറ്റിനെതിരെ ലേഖനവും എഴുതിയിരുന്നു.
പ്ലസ്ടുവിന് 98 ശതമാനം മാർക്ക് നേടിയിട്ടും നീറ്റ് പരീക്ഷയുടെ മാനദണ്ഡങ്ങളിൽപെട്ട് മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് അനിത ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടിൽ പ്ലസ് ടു വരെ തമിഴ് മീഡിയത്തിൽ പഠിത്തുന്ന വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ എഴുതുന്നതിന് പ്രയാസമുണ്ടെന്ന് കാണിച്ച് അനിത സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
മെഡിക്കൽ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ വേണമെന്നായിരുന്നു അനിതയുടെ ആവശ്യം. എന്നാൽ ഹർജി കോടതി തള്ളിയതോടെയാണ് അനിതയടക്കമുള്ള വിദ്യാർത്ഥികൾക്ക് മുന്നിലുള്ള പ്രതീക്ഷ മങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here