കാവ്യ മാധവന്റെ ജാമ്യാപേക്ഷയിൽ നിരവധി പേർക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയിൽ നിരവധി പേർക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ, പ്രമുഖ രാഷ്ട്രീയപ്രവർത്തകന്റെ മകൻ, ശ്രീകുമാര മേനോൻ എന്നിവർക്കെതിരെയാണ് പ്രധാന ആരോപണങ്ങൾ.
ഒരു കൂട്ടം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും, സിനിമ പ്രവർത്തകരും, മാധ്യമ പ്രവർത്തകരും ചേർന്ന് ദിലീപിന്റെ ജീവിതവും, അതുവഴി ദിലീപിന്റെ കൗമാരപ്രായക്കാരിയായ മകളുടെയും ജീവിതം തകർക്കാൻ ശ്രമിക്കുകയാണെന്ന് അപേക്ഷയിൽ പറയുന്നു.
കൂടാതെ പോലീസ് ഐജി കശ്യപിനെ ഇതുവരെ ദിലീപ് കണ്ടിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അരങ്ങേറിയ നാടകങ്ങൾക്കെല്ലാം പിന്നിൽ സംവിധായകൻ ശ്രീകുമാർ മേനോൻ ആണെന്നും ജാമ്യാപേക്ഷയിൽ കാവ്യ ആരോപിക്കുന്നു. നിരവധി മാധ്യമ-കോർപറേറ്റ് സ്ഥാപനങ്ങളുമായി ബന്ധമുള്ള ഇയാളാണ് കേരളത്തിലെ വിവിധ വൻകിട സംരംഭങ്ങൾക്ക് ധനസഹായം നൽകിയുട്ടുള്ളത്. കേരളത്തിലെ ഒരു പ്രമുഖ ബിസിനസ്സുകാരന്റെ മകളുടെ വിവാഹത്തിൽ ഇവന്റ് മാനേജ്‌മെന്റ് ചെയ്തിരിക്കുന്നത് ഇയാളും, കേരളത്തിലെ ഒരു പ്രമുഖ ഭരണപക്ഷ രാഷ്ട്രീയ നേതാവിന്റെ മകനും ചേർന്നാണെന്നും ഒപ്പം, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇയാൾ ദിലീപിനെതിരെ കടുത്ത വിദ്വേഷം വച്ചുപുലർത്തുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
ഇതിന് പുറമേ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനും, എസ്പി സുദർശനനും എതിരെ ജാമ്യാപേക്ഷയിൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇരുവരും സെപ്തംബർ 8 ന് കാവ്യയുടെ മാതാപിതാക്കൾ താമസിക്കുന്ന വെണ്ണലയിലെ സഫയർ കോർട്ട് വില്ലയിൽ എത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുമായി ദിലീപ് വെച്ചുപുലർത്തുന്ന നിസ്സഹകരണ മനോഭാവത്തിൽ നിന്നും ദിലീപിനെ പിന്തിരിപ്പിക്കണമെന്നും, എഡിജിപി സന്ധ്യയാണ് ഈ സ്വകാര്യ സന്ദർശനത്തിനായി തങ്ങളെ അയച്ചതെന്ന് അവർ പറഞ്ഞിട്ടുള്ളതായും അപേക്ഷയിൽ പറയുന്നുണ്ട്.
കേസിൽ ഇന്നാണ് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തന്നെ അറസ്റ്റ് ചെയ്യാൻ നീക്കം ഉള്ളതിനാലാണ് കാവ്യ ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകുന്നതെന്നാണ് സൂചന. അഡ്വ രാമൻപിള്ള വഴിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിലെ മുഖ്യ പ്രതി പൾസർ സുനി കേസിൽ മാഡം ഉണ്ടെന്നും, കാവ്യയുടെ ഉടമസ്ഥതയിൽ ഉള്ള വസ്ത്രവില്പന ശാലയിലെത്തി പണം കൈപ്പറ്റിയെന്നും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച്ചയാണ് ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക.
kavya madhavan bail plea filled with personal allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here