തിങ്കളാഴ്ച്ച കോടതിയിൽ ജാമ്യപൂരം

വരുന്ന തിങ്കളാഴ്ച്ച കേരളജനത കാത്തിരിക്കുന്നത് താരങ്ങൾ സമർപ്പിച്ച ജാമ്യാപേക്ഷയിലെ വിധിക്കായാണ്. നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പതിനൊന്നാം പ്രതി ദിലീപ്, സുഹൃത്തും നടനും സംവിധായകനുമായ നാദിർഷ, ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി പറയാൻ കോടതി മാറ്റിവെച്ചിരിക്കുന്നത് തിങ്കളാഴ്ച്ചത്തേക്കാണ്. ഇവരിൽ ആർക്കൊക്കെ ജാമ്യം ലഭിക്കും ലഭിക്കില്ല എന്നത് അക്ഷമരായി കാത്തിരിക്കുകയാണ് കേരളം.
ദിലീപ് ഇത് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. മുമ്പ് മൂന്ന് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അച്ഛന്റെ ശ്രാദ്ധകർമ്മങ്ങളിൽ പങ്കെടുക്കാൻ മാത്രമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ദിലീപിന് അനുവാദം ലഭിച്ചത്. ദിലീപ് കോടതിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന ജനത്തിരക്കും സുരക്ഷാപ്രശ്‌നങ്ങളും കണക്കിലെടുത്ത് ദിലീപിനെ വീഡിയോ കോൺഫറൻസിങ്ങ് വഴി മാത്രമാണ് കോടതിക്ക് മുമ്പാകെ ഹാജരാക്കുന്നത്.
കേസിൽ ഇന്നാണ് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തന്നെ അറസ്റ്റ് ചെയ്യാൻ നീക്കം ഉള്ളതിനാലാണ് കാവ്യ ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകുന്നതെന്നാണ് സൂചന. അഡ്വ രാമൻപിള്ള വഴിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിലെ മുഖ്യ പ്രതി പൾസർ സുനി കേസിൽ മാഡം ഉണ്ടെന്നും, പണം കാവ്യയുടെ ഉടമസ്ഥതയിൽ ഉള്ള വസ്ത്രവില്പന ശാലയിലെത്തിയെന്നും വ്യക്തമാക്കിയിരുന്നു.
ദിലീപിന്റെ സുഹൃത്തും നടനുമായ നാദിർഷയുടെ ജാമ്യാപേക്ഷയിലും വിധി പറയുക തിങ്കളാഴ്ച്ചയാണ്. കേസ് സംബന്ധിച്ച് ചാദ്യം ചെയ്യലിനായി നാദിർഷയോട് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നാദിർഷ പോലീസ് ക്ലബിൽ എത്തിയിരുന്നില്ല. അതിന് പിന്നാലെയാണ് ഇന്നലെ ഹൈക്കോടതിയിൽ നാദിർഷ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ശേഷം കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുമ്പിൽ താരം ഹാജരാവുകയും ചെയ്തിരുന്നു. എന്നാൽ ശാരീരിതാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്യൽ നടന്നില്ല.
നേരത്തെ നടിയെ അക്രമിച്ച കേസിൽ പിടിയലായ സുനിൽ കുമാർ ജയിലിൽ നിന്ന് നടനും സംവിധായകനുമായ നാദിർഷയെ ഫോണിൽ വിളിച്ചത് പുറത്തുവന്നിരുന്നു. മൂന്ന് തവണയാണ് സുനി നാദിർഷയെ വിളിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതിൽ ഒരു കോൾ 8 മിനിറ്റ് നീണ്ട് നിൽക്കുന്നതായിരുന്നു എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം, നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിന്റെ ജാമ്യാപേക്ഷയിലും വിധി പറയുക തിങ്കളാഴ്ച്ചയാണ്.
star bail plea verdict on monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here