സർദാർ സരോവർ അണക്കെട്ട് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സർദാർ സരോവർ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.1961ൽജവഹർലാൽ നെഹ്റു തറക്കല്ലിട്ട അണക്കെട്ടാണിത്. നർമദാ ജില്ലയിലെ കെവാഡിയിൽ ഡാമിന്റെ ഗേറ്റുകൾ തുറന്നാണ് ഉദ്ഘാടനം. മോഡിയുടെ അറുപത്തിയേഴാം പിറന്നാളാണിന്ന്.
അണക്കെട്ടിന് അഭിമുഖമായി സാധുബേട്ട് ദ്വീപിൽ 182 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയും മോഡി സന്ദർശിക്കും.
അണക്കെട്ട് വരുന്നതോടെ 9000 ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കാനാകും. 1.2 കിലോമീറ്റർ നീളത്തിലുള്ള ഡാമിന്റെ നിർമാണ ചെലവ് 8000 കോടി ആണ്.ഡാമിന്റെ ഉയരം 138.98 മീറ്ററാക്കി ഉയർത്തിയിട്ടുണ്ട്. ഇതോടെ 177 ഗ്രാമങ്ങളിലെ നാല്പതിനായിരത്തിലധികം വീടുകളും മുപ്പതിനായിരം ഹെക്ടർ കൃഷിസ്ഥലവും പൂർണമായി വെള്ളത്തിനടിയിലാകും. പാരിസ്ഥിതിക പുനരധിവാസ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തക മേഥാ പാട്കർ സുപ്രീം കോടതിയെ സമീപിച്ചതാണ് പദ്ധതി വൈകാൻ കാരണം. നർമദയുടെ തീരത്ത് കുടിയൊഴിക്കപ്പെടുന്ന പതിനായിരങ്ങളുടെ ദേഹത്ത് ചവിട്ടിയാണ് മോദി ജൻമദിനം ആഘോഷിക്കുന്നതെന്നാരോപിച്ച് മേധാ പട്‍കർ ജലസത്യാഗ്രഹം തുടങ്ങിയിട്ടുണ്ട്. കൃത്യമായ പുനരധിവാസസൗകര്യങ്ങളൊരുക്കുന്നതുവരെ ഡാമിന്റെ ഉയരം 121 മീറ്ററിൽ കൂട്ടരുതെന്ന് ആവശ്യപ്പെട്ടാണ് നർമദാ ബച്ചാവോ ആന്തോളന്റെ ഇപ്പോഴത്തെ സമരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here