അങ്കമാലി കോടതി വിധി ദിലീപിനെ പ്രതികൂലമായി ബാധിക്കുമോ ?

ഹൈക്കോടതി വരെ എത്തിയ ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലേക്ക് എത്തിയതിന്റെ ശാസ്ത്രം എന്തെന്ന് ആലോചിക്കുന്നവരാണ് ബഹുഭൂരിപക്ഷം മലയാളികളും. അതിനു പിന്നിൽ അഭിഭാഷകരുടെ ഒരു (കു)തന്ത്രം ഉണ്ടെന്നാണ് വിലയിരുത്തലുകൾ. അത് ഫലിക്കുമോ എന്ന് കാത്തിരുന്നു കാണാം. പക്ഷെ അങ്കമാലി വിധി ദിലീപിന്റെ തുടർന്നുള്ള നീക്കങ്ങൾക്ക് തടസ്സമാകുമോ ? അതാണ് ഇപ്പോൾ ദിലീപ് പക്ഷത്തിന്റെ പ്രധാന ചിന്ത വിഷയം.
ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യം നിലനിൽക്കുന്നതിനാൽ സെഷൻസ് കോടതി ജാമ്യം നൽകാൻ സ്വാഭാവികമായും തയ്യാറാവില്ല. അത് കൊണ്ട് തന്നെ പ്രതിഭാഗം നടത്താൻ ഒരുക്കിയ ആ നീക്കം ഉപേക്ഷിക്കാനാണ് സാധ്യത.
വിധിയിലൂടെ മനസിലാക്കാൻ കഴിയുന്ന പ്രധാന വസ്തുതകൾ
1. അന്വേഷണത്തിൽ പോലീസ് സംവിധാനത്തിനുള്ള അപ്രമാദിത്തത്തിലേക്ക് തല്ക്കാലം കടന്നു കയറാൻ കോടതി ഉദ്ദേശിക്കുന്നില്ല.
2. ജാമ്യം നിഷേധിക്കാനുള്ള വസ്തുതകൾ കോടതിക്ക് മുന്നിൽ സ്ഥാപിച്ചെടുക്കാൻ പ്രോസിക്കൂഷന് തുടർച്ചയായ നാലാം തവണയും കഴിഞ്ഞിരിക്കുന്നു.
3. ദിലീപ് പുറത്തിറങ്ങിയാൽ ഇരയാക്കപ്പെട്ട നടിയ്ക്കും മറ്റു സാക്ഷികൾക്കും ജീവന് ഭീഷണി ഉണ്ടെന്ന പ്രോസിക്കൂഷൻ വാദം അംഗീകരിക്കപെട്ടിരിക്കുന്നു.
4. നേരിയ വിമർശനം ഉണ്ടെങ്കിലും കേസ് അന്വേഷണത്തിലെ പുരോഗതി കോടതിയ്ക്ക് ബോധ്യമായിരിക്കുന്നു.
5. തുടർ അന്വേഷണങ്ങളിൽ ദിലീപ് എന്ന പ്രതിയുടെ സ്വതന്ത്ര വിഹാരം തടസ്സങ്ങൾ ഉണ്ടാക്കും എന്ന് കോടതി അംഗീകരിക്കുന്നു.
6. കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുടെ അവസാന ഘട്ടത്തിലാണ് തങ്ങൾ എന്ന് പോലീസ്/ പ്രോസിക്കൂഷൻ ഭംഗിയായി കോടതിയെ ധരിപ്പിച്ചിരിക്കുന്നു.
7. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് 90 ദിവസം വരെ സമയം അനുവദിക്കാൻ സ്വാഭാവികമായും കോടതി തയ്യാറായേക്കും എന്ന സന്ദേശം.
8. നാദിർഷാ , ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ എന്നിവർ കോടതിനടപടികൾ നേരിടുന്നതിന്റെ സാഹചര്യം കൂടി ഇതിൽ പരിഗണിക്കുന്നു.
അതായത് ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ കാര്യമായ മാറ്റം കണ്ടെത്താൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയ്ക്ക് കഴിഞ്ഞിട്ടില്ല. അപ്പോൾ ഹൈക്കോടതിയിൽ ദിലീപിന്റെ ജാമ്യാപേക്ഷ എത്തിയാൽ ഈ സാഹചര്യ മാറ്റം സ്ഥാപിച്ചെടുക്കാൻ പ്രതിഭാഗത്തിന് നന്നായി വിയർക്കേണ്ടി വരും. ഇപ്പോൾ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ ബോധിപ്പിക്കാൻ കഴിയാത്ത സാഹചര്യ മാറ്റം എങ്ങനെയാണു ഹൈക്കോടതിയെ ബോധിപ്പിക്കാൻ കഴിയുക.
കേസ് പരിഗണിക്കുമ്പോൾ ഇരു വിഭാഗത്തെയും പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളും ശകാരങ്ങളും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ കേസ് അന്വേഷണത്തിൽ ഇടയിൽ കയറി ഇടപെടുന്നു എന്ന വിമർശനം ഉണ്ടാകാൻ സാധ്യതയുള്ള ഒരു ഉത്തരവും കോടതി നൽകില്ല. ചുരുക്കത്തിൽ പോലീസ് നിർബന്ധം പിടിച്ചാൽ 90 ദിവസം ജയിലിന് അകത്തു കിടക്കുക എന്ന വിധിയിൽ നിന്നും ദിലീപിന് മറ്റൊരു കോടതി വിധിയ്ക്ക് സാധ്യത കുറയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here