വിദ്യാർത്ഥിയെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് തള്ളിയിട്ട് കൊന്നു

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു. ഉത്തർപ്രദേശിലെ ദിയോറയിൽ നെഹ്‌റു നഗറിലെ മോഡേൺ സിറ്റി മോണ്ടിസോറി സ്‌കൂളിലെ വിദ്യാർഥിനിയെയാണ് കെട്ടിടത്തിന് മുകളിൽനിന്ന് തള്ളിയിട്ട് കൊന്നത്. സംഭവത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തന്നെ ആരോ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് മരിക്കുന്നതിന് തൊട്ടു മുൻപ്് കുട്ടി പിതാവിനെ അറിയിച്ചിരുന്നു.
സ്‌കൂളിലെ കുട്ടികളാണ് വീട്ടിലെത്തി സംഭവം അറിയിച്ചതെന്നും സ്‌കൂളിൽനിന്ന് അധികൃതരോ അധ്യാപകരോ തന്നെ അറിയിച്ചില്ലെന്നും പിതാവ് പറഞ്ഞു. പിതാവ് എത്തിയതിന് ശേഷമാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
എന്നാൽ, രക്ഷിതാവിനെ വിവരമറിയിച്ചിരുന്നുവെന്നും കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും സ്‌കൂൾ പ്രിൻസിപ്പൽ മിതിലേഷ് മിശ്ര പറഞ്ഞു. അതേസമയം കോളേജിലെ സിസിടിവി ക്യാമറകൾ കുറച്ച് ദിവസമായി പ്രവർത്തനരഹിതമാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here