കെ എസ് യു പ്രവർത്തകരുടെ കരി ഓയിൽ പ്രയോഗം; വീണ്ടും മാതൃകയായി കേശവേന്ദ്ര കുമാർ

കെ എസ് യു പ്രവർത്തകർ ദേഹത്ത് കരി ഓയിൽ ഒഴിച്ച കേസ് പിൻവലിക്കുന്നുവെന്ന് കേശവേന്ദ്രകുമാർ ഐഎഎസ്. ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് കേശവേന്ദ്രകുമാർ കത്ത് നൽകി. 2012 ൽ കേശവേന്ദ്ര കുമാർ ഹയർ സെക്കൻഡറി ഡയറക്ടറായിരിക്കെയാണ് കെ എസ് യു പ്രവർത്തകർ ഓഫീസിനുള്ളിൽ എത്തി കരി ഓയിൽ ഒഴിച്ചത്.
ഇവർക്ക് പിന്നീട് ഈ കേസ് നിലനിൽക്കുന്നതിനാൽ തൊഴിൽ തേടാനാകാതെ വന്നതിനെ തുടർന്ന് രക്ഷിതാക്കൾ കേസ് പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് കേശവേന്ദ്ര കുമാറിനെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച അദ്ദേഹം വിദ്യാർത്ഥികൾ സാമൂഹ്യ സേവനം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും സന്നദ്ധ പ്രവർത്തനം നടത്തിയ ഇവർ അധികൃതരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ശേഷമാണ് കേസ് പിൻവലിയ്ക്കാൻ കേശവേന്ദ്ര കുമാർ തയ്യാറായത്.
2015ൽ ഉമ്മൻ ചാണ്ടി സർക്കാർ കേസ് പിൻവലിക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും ഐഎഎസ് അസോസിയേഷന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു ഈ കേസ് വീണ്ടും പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here