കാലടി സര്‍വകലാശാലയിലെ ഫ്‌ളക്സ് വിവാദം; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

എറണാകുളം കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് വിവാദത്തില്‍. ഗുജാറാത്ത് കലാപവും ബാബറി വിഷയവും പ്രതീകാത്മകമായി ചിത്രീകരിച്ചതാണ് ഫ്‌ളക്‌സ്. ക്യാമ്പസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. വിഷയത്തില്‍ പൊലീസ് കേസെടുത്തു.
കാലടി സര്‍വ്വകലാശാലയുടെ കവാടത്തിലാണ് ഇന്ന് രാവിലെയോടെ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നാലു കൈകളുള്ള മോദി. ഒരു കൈയ്യില്‍ ത്രിശൂലത്തില്‍ കുത്തിയ നവജാതശിശു, ഒന്നില്‍ ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍. മറ്റ് കൈകളില്‍ തൂക്കുകയറും താമരയും. പിന്നാലെ ബിജെപി ക്യാമ്പസിലേക്ക് പ്രകടനമായെത്തി. സംഘര്‍ഷാവസ്ഥയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റു.
എസ്എഫ്‌ഐയാണ് ഫ്‌ളക്‌സ് സ്ഥാപിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ബന്ധമില്ലെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതിനെതിരെ കാലടി നഗരത്തില്‍ എസ്എഫ്‌ഐ മാര്‍ച്ച് നടത്തി.
മറ്റന്നാള്‍ ആരംഭിക്കുന്ന സര്‍വ്വകലാശാല കലോത്സവത്തിന് മുന്നോടിയായാണ് കവാടത്തില്‍ ഫ്‌ളക്‌സുയര്‍ന്നത്. വിവാദമായതോടെ അപ്രത്യക്ഷമായി. കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിന് എസ്എഫ്‌ഐ- ബിജെപി പ്രവര്‍ത്തകരെ പ്രതികളാക്കിയും എഫ്‌ഐആറിട്ടു.
Story Highlights : Kalady University flex controversy; Police register case for incitement to riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here