കേട്ടെഴുത്തെടുക്കാൻ ആവശ്യപ്പെട്ട് ധനമന്ത്രിയ്ക്ക് 7ആം ക്ലാസുകാരന്റെ കത്ത്

കേട്ടെഴുത്തെടുക്കാൻ സ്‌കൂളിലേയ്ക്ക് വരണമെന്നാവശ്യപ്പെട്ട് ധനമന്ത്രി ടി എം തോമസ് ഐസകിന് ഏഴാംക്ലാസുകാരന്റെ കത്ത്. ശ്രീഹരി എന്ന് സ്വയം പരിചയപ്പെടുത്തിയ ശ്രീ ചിത്തിര മഹാരാജ വിലാസം ഗവ. യു പി സ്‌കൂളിലെ വിദ്യാർത്ഥിയാണ് മന്ത്രി സ്‌കൂളിലേയ്ക്ക് വരണമെന്നും കേട്ടെഴുത്തെടുക്കണമെന്നും ആവശ്യപ്പെടുന്നത്.
സ്‌കൂൾ കെട്ടിട ഉദ്ഘാടന സമയത്ത് പറഞ്ഞതനുസരിച്ച് മലയാളം എഴുതാനും വായിക്കാനും പഠിച്ചുവെന്നും കേട്ടെഴുത്തെടുക്കാൻ എന്നുവരുമെന്നുമാണ് ശ്രീഹരി ചോദിക്കുന്നത്. ഇതിനുള്ള മറുപടി ഫേസ്ബുക്കിലൂടെ ധനമന്ത്രി നൽകി. ശ്രീഹരിയുടെ കത്തുകൂടി ചേർത്തായിരുന്നു മറുപടി.
കയർ കേരളയുടെ തിരക്കുകൾ കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ ഞാൻ സ്‌കൂളിൽ എത്തുമെന്നാണ് അദ്ദേഹം ശ്രീഹരിയ്ക്ക് മറുപടി നൽകിയത്.
ധനമന്ത്രിയുടെ മറുപടി
പ്രിയപ്പെട്ട ശ്രീഹരി ,
മോൻറെ കത്ത് ഇന്നലെ കയ്യിൽ കിട്ടി . വളരെ സന്തോഷം തോന്നി.
മോനെപ്പോലെ ഒത്തിരി കുട്ടികൾ ഉണ്ടായിരുന്നല്ലോ അവിടെ . അവർ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ?
കയർ കേരളയുടെ തിരക്കുകൾ കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ ഞാൻ സ്‌കൂളിൽ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാൻ .
സ്‌നേഹത്തോടെ ,
തോമസ് ഐസക്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here