ലക്ഷങ്ങൾ കൊടുക്കാനുണ്ട്; ജോമോൻ പുത്തൻപുരയ്ക്കലിനെ പൂട്ടാൻ സർക്കാർ

ജോമോന്റെ സുവിശേഷങ്ങളൊക്കെ സർക്കാർ ചിലവിലായിരുന്നോ ? കണക്കുകൾ പുറത്തു വന്നപ്പോൾ 13 ലക്ഷത്തിലധികം രൂപയാണ് സർക്കാരിന് ജോമോൻ കൊടുക്കാനുള്ളത്. സുവിശേഷം ജോമോൻ പക്ഷെ ദുൽക്കർ സൽമനല്ല. അഭയക്കേസ് സജീവമാക്കിയ ജോമോൻ പുത്തൻപുരയ്ക്കലാണ് സർക്കാർ ചിലവിൽ കഴിഞ്ഞ കുറെ വർഷങ്ങളായി സാമൂഹ്യ പ്രവർത്തനം നടത്തുന്നത്. ജോമോൻ സാമൂഹ്യപ്രവർത്തനം നടത്തുന്നതൊക്കെ നല്ല കാര്യം. പക്ഷെ അതൊക്കെ ഖജനാവിൽ നിന്ന് വേണോ എന്നതാണ് ചോദ്യം.
സർക്കാർ കടുപ്പിച്ച് തന്നെ
അഭയാകേസ് മാത്രമല്ല, ജിഷ വധക്കേസിലും ജോമോൻ ഇടപെട്ടിരുന്നു. ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലാണ് ജോമോൻ പുത്തൻപുരയ്ക്കൽ അറിയപ്പെടുന്നത്. ഇപ്പോൾ ജോമോനെതിരെ കടുത്ത നടപടിക്ക് ആണ് സർക്കാർ നീക്കം. കാര്യം സർക്കാർ വക കെട്ടിടങ്ങളിൽ താമസിച്ച വകയിൽ കൊടുക്കാനുള്ള വാടക കൊടുത്തിട്ടില്ല എന്നതാണ്. സർക്കാർ അതിഥിമന്ദിരത്തിൽ വാടക നൽകാതെ വർഷങ്ങളോളം താമസിച്ച വകയിൽ തുക ഈടാക്കാനാണ് പി.ഡബ്ലിയൂ.ഡി. ബിൽഡിംഗ് ഡിവിഷൻ നടപടിക്ക് തുടക്കമിട്ടത്. ജോമോൻ തിരുവനന്തപുരത്തേയും എറണാകുളത്തേയും പിഡബ്ളിയുഡി അതിഥി മന്ദിരത്തിലെ മുറികളിൽ താമസിച്ച വകയിൽ 13 ലക്ഷത്തോളം രൂപ സർക്കാരിന് കിട്ടാനുണ്ടെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ഓഡിറ്റിംഗിലാണ് കണ്ടെത്തിയത്.
ഇതെങ്ങനെ ജോമോൻ സാധിച്ചു ?
താരതമ്യേന വാടക കുറവാണ് സർക്കാർ അതിഥി മന്ദിരങ്ങളിൽ ഈടാക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെയോ ജനപ്രതിനിധികളുടെയോ പേരിലാണെങ്കിൽ അത് അവിശ്വസനീയമാം വിധം പിന്നെയും കുറവാണ്. എന്നിട്ടും ആകെ തുക 13 ലക്ഷം കവിഞ്ഞിരിക്കുന്നു. അതായത് സർക്കാർ മുറികൾ താക്കോൽ പോക്കറ്റിലിട്ട് സ്ഥിരമായി ജോമോൻ ഉപയോഗിച്ചിരിക്കുന്നു; ഇടതടവില്ലാതെ. തിരുവനന്തപുരത്തേയും എറണാകുളത്തേയും പി.ഡബ്ലിയൂ.ഡി. അതിഥി മന്ദിരങ്ങളിൽ ജോമോന് സ്ഥിരം മേൽവിലാസം പോലും ഉണ്ടെന്നതാണ് ശ്രദ്ധേയം. അവിടെ കത്തുകളും വിവരാവകാശ രേഖകളും ജോമോന് തപാലായി ലഭിക്കും. സർക്കാർ സ്ഥാപനം ഇങ്ങനെ ഹൈജാക്ക് ചെയ്യാൻ ജോമോന് കഴിഞ്ഞതെങ്ങനെ ?
ഉത്തരം ലളിതമാണ്. ഇതിന് ജോമോന് കൂട്ടായി സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടെന്നതാണ് ആ ഉത്തരം. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ താമസിച്ചതിൽ പ്രകടമായ ക്രമക്കേട് ഉണ്ടെന്നു ധനകാര്യ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എറണാകുളത്തെ മുറി പോസ്റ്റൽ മേൽവിലാസമായി ഉപയോഗിക്കുകയാണെന്നും അന്വേഷണത്തിൽ ബോധ്യമായി എന്ന് റിപ്പോർട്ട് ഉണ്ട്. ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് ധനകാര്യ വിഭാഗത്തിന്റെ വിലയിരുത്തൽ. അഴിമതി നിരോധന നിയമകാരം ശിക്ഷിക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കുന്നതിന് സിവിലായും വേണ്ടി വന്നാൽ ക്രിമിനലായും നടപടിക്കാണ് സർക്കാർ നീക്കം. തുടർ നടപടികളുടെ ഭാഗമായി പി.ഡബ്ലിയൂ.ഡി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ നിയമോപദേശം തേടിയിരിക്കുകയാണ്.
Allegation Against Jomon Puthenpurackal, Activist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here