കൊച്ചിയ്ക്ക് കൗതുകമായി ലിമോസിൻ

കുറച്ച് ദിവസമായി കൊച്ചിയുടെ പലഭാഗത്തും ഇവനെ കണ്ടവരുണ്ട്. കേട്ടവറിവായിരുന്നു പലർക്കും. എങ്കിലും ഇന്നലെ സീപോർട്ട് എയർപോർട്ട് റോഡിൽ ബ്ലോക്ക് ഉണ്ടാക്കിയപ്പോഴാണ് ഇവനെ ഒന്ന് ശരിക്കാ കാണാൻ പറ്റിയത്. പറഞ്ഞ് വരുന്നത് ലിമോസിൻ കാറിനെ കുറിച്ചാണ് കേട്ടോ..സാക്ഷാൽ കാഡിലാക് എസ്കലേഡ് ലിമോസിൻ, എട്ട് കോടി വില വരുന്ന വിദേശ നിർമ്മിത കാറ്!!
ഇന്നലെ വൈകിട്ട് കാക്കനാട്ട് രജിസ്ട്രേഷൻ പരിശോധനയ്ക്കായാണ് ഈ വിദേശി എത്തിയത്. കാറെത്തിയത് കേട്ട് നിരവധി പേരാണ് കാറിനെ കാണാനും സെൽഫി എടുക്കാനും തടിച്ച് കൂടിയത്. വലിപ്പക്കൂടുതൽ കാരണം കളക്ട്രേറ്റ് വളപ്പിലേക്ക് കാറ് കടത്താനായില്ല. ഒടുവിൽ സിപോർട്ട് എയർ പോർട്ട് റോഡിൽ വച്ചാണ് കാറിന്റെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയത്. ഇതോടെ ഈ റോഡ് മാർഗ്ഗം സഞ്ചരിച്ചിരുന്നവരും കാറ് കാണാനായി വണ്ടി ഒതുക്കി. ഇതോടെ ഗതാഗത കുരുക്കും ഒപ്പം കൂടി.
38അടിയാണ് ഈ കാറിന്രെ നീളം. 18പേർക്ക് സുഖമായി സഞ്ചരിക്കാം. സിനിമാക്സ് മൾട്ടിപ്ലസ് ഉടമ ചെങ്ങന്നൂർ സ്വദേശി ബാബു ജോണിന്റെയും പഞ്ചാബ് സ്വദേശി ഗുരുദേവ് സിങ്ങിന്റെയും ഉടമസ്ഥതയിലുള്ള കാറാണിത്. ഇവർ ദുബായിയിൽ ഉപയോഗിച്ചിരുന്ന ഈ കാറ് ഷൂട്ടിംഗ് ആവശ്യത്തിനായാണ് കൊച്ചിയിൽ എത്തിച്ചത്. എന്നാൽ ഇത് കൊച്ചിയിൽ ഇറക്കുമതി ചെയ്യാൻ കസ്റ്റംസ് ആദ്യം അനുമതി നിഷേധിച്ചു. ഒടുവിൽ ബാംഗളൂരു കസ്റ്റംസ് എക്സൈസ് ആന്റ് സർവീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലാണ് അനുമതി നൽകിയത്. കൊച്ചിയിലും പഞ്ചാബിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് കാറ് എത്തിച്ചത്. കെഎൽ 7 സിഎൽ 6666എന്ന നമ്പറിനായി ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് ഇഷ്ടൻ, കൊച്ചിയുടെ വീഥികളെ ഭ്രമിപ്പിക്കാൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here