റോഹിൻഗ്യൻ അഭയാർത്ഥികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചുകൂടെ ? കേന്ദ്രത്തോട് സുപ്രീം കോടതി

രോഹിൻഗ്യൻ അഭയാർഥിവിഷയത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചുകൂടേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി.
കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും ഉൾപ്പെടെ വലിയ സമൂഹത്തിന് സഹായമേകി രാജ്യാന്തരസമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ ഇന്ത്യക്ക് സാധിക്കില്ലേയെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് സർക്കാരിനോട് ആരാഞ്ഞു.
ഏകദേശം 40,000 അഭയാർഥികളെ മടക്കി അയക്കാനുള്ള തീരുമാനത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും ഇത് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നുമുള്ള സർക്കാർവാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. ഇത്തരം കേസുകളിൽ അധികാരപരിധി ആർക്കാണെന്നത് വളരെ ആലോചിച്ചുമാത്രം തീർപ്പുകൽപ്പിക്കാനാകുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
രാജ്യത്തിന്റെ ഭരണഘടന സംഘങ്ങളുടെ അവകാശങ്ങൾക്കല്ല പ്രാധാന്യം നൽകുന്നതെന്നും വ്യക്തികളുടെ അവകാശങ്ങൾക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഉൾപ്പെടെയുള്ള അഭയാർഥിസമൂഹത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
രോഹിൻഗ്യൻ അഭയാർഥികൾ രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവരെ ഉടൻ തിരിച്ച് അയക്കാനുള്ള സർക്കാർതീരുമാനത്തിൽ ഇടപെടരുതെന്നുമായിരുന്നു സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. വിഷയം 13ന് കോടതി വീണ്ടും പരിഗണിക്കും.
show some humaneness to rohingyan refugees says sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here