മൃഗശാലയിൽ ജീവനക്കാരനെ വെള്ളക്കടുവകൾ കടിച്ചുകൊന്നു

കർണാടകയിലെ ബയോളജിക്കൽ പാർക്കിൽ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങൾ കടിച്ചുകൊന്നു. ബന്നേരുഘട്ട പാർക്കിലെ മൃഗശാല കാവൽക്കാരനായ ആഞ്ജനേയ (41)നാണ് കൊല്ലപ്പെട്ടത്. വെള്ളക്കടുവ കുഞ്ഞുങ്ങൾ കഴുത്തിൽ കടിച്ചാണ് അഞ്ജനേയൻ കൊല്ലപ്പെട്ടത്. കടിച്ചെടുത്ത ഇയാളുടെ മാംസം കടുവ കഴിച്ചു. ശനിയാഴ്ച വൈകീട്ട് കടുവകൾക്ക് ഭക്ഷണം നൽകാൻ കൂട്ടിൽ കയറിയപ്പോഴായിരുന്നു സംഭവം.
ഒക്ടോബർ ഒന്നിന് താൽക്കാലികമായി മൃഗശാലയിൽ ജോലിയ്ക്ക്് കയറിയതായിരുന്നു അഞ്ജനേയ. സഫാരി ഭാഗത്തേയ്ക്ക് കടുവകളെ മാറ്റി നിർത്തി മറ്റൊരു ഭാഗത്താണ് ഭക്ഷണം നൽകിയിരുന്നത്. എന്നാൽ ആഞ്ജനേയ കയറുമ്പോൾ സഫാരിയ്ക്കും ഭക്ഷണം നൽകുന്ന ഇടത്തിനുമിടയിലുള്ള വാതിൽ അടച്ചിരുന്നില്ല.
ഒപ്പമുണ്ടായിരുന്ന ഹച്ചഗൗഡ എന്ന ജോലിക്കാരൻ ഓടി രക്ഷപ്പെട്ടു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംഭവത്തിൽ മൃഗശാല അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ പാർക്കിൽ രണ്ട് വർഷം മുമ്പ് സിംഹത്തിന്റെ ആക്രമണത്തിൽ മറ്റൊരു കാവൽക്കാരന് ഗുരുതര പരിക്കേറ്റിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here