സോളാറിൽ കുരിങ്ങി കോൺഗ്രസ് നേതൃത്വം; ആ കേസ് ഇങ്ങനെ

വേങ്ങര തെരഞ്ഞെടുപ്പ് ചൂടിൽ ഉരുകവെ സോളാർ കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന മുഖ്യമന്ത്രിയുടെ മന്ത്രിസഭായോഗ തീരുമാനമാണ് കേരളത്തിന്റെ ശ്രദ്ധ വീണ്ടും സോളാർ വിവാദത്തിലേക്ക് എത്തിച്ചത്. ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം വേണമെന്നും, തിരവഞ്ചൂരിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും, ആര്യാടൻ മുഹമ്മദിനെതിരെയും വിജിലൻസ് കേസെടുക്കണമെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമായിരുന്നു. ഒപ്പം,
‘സോളാർ കേസിൽ പ്രതിയായ സ്ത്രീ’ കത്തിൽ പരാമർശിച്ചവർക്കെതിരെ ബലാത്സംഗ കേസും എടുക്കണമെന്ന് പിണറായി പറഞ്ഞു.
സംസ്ഥാനത്ത് സൗരോർജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് ബിജു രാധാകൃഷ്ണൻ സി.എം.ഡിയായ ‘ടീം സോളാർ’ കമ്പനി പലരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസാണ് സോളാർ അഴിമതിക്കേസ്. എഴുപതോളം പേരിൽ നിന്നായി 50 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിട്ടുള്ളത്. കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും ‘കോൺഗ്രസ് നേതാക്കൾ ലൈംഗിക ചൂഷ്ണം നടത്തിയ സ്ത്രീ’ രണ്ടാം പ്രതിയുമാണ്. തട്ടിപ്പ് നടത്താനായി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസ് ദുരുപയോഗം നടത്തിയെന്ന ആരോപണം പുറത്ത് വന്നതോടെയാണ് കേസ് രാഷ്ട്രീയ ശ്രദ്ധ നേടിയത്.
ആ കേസിന്റെ നാൾ വഴി ഇങ്ങനെ :
വർഷം – 2013
ജൂൺ 03
സോളാർ തട്ടിപ്പ് കേസിൽ ‘സോളാർ വിവാദ നായിക’ അറസ്റ്റിലായി.
ജൂൺ 04
ടീം സോളാറിൻറെ തട്ടിപ്പ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.
ജൂൺ 10
സോളാർ സ്ത്രീയും സംഘവും ചേർന്ന് നിരവധി വ്യക്തികളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തൽ.
ജൂൺ 12
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി സോളാർ കേസിലെ പ്രതിയായ സ്ത്രീക്ക് ബന്ധമെന്ന് നിയമസഭയിൽ പ്രതിപക്ഷാരോപണം. സോളാർ തട്ടിപ്പു കേസിൽ മല്ലേലിൽ ശ്രീധരൻ നായർ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
ജൂൺ 14
മുഖ്യമന്ത്രി ദില്ലിയിലെ വിജ്ഞാനഭവനിൽവെച്ച് സോളാർ വിവാദ നായികയെ കണ്ടു എന്ന് തോമസ് കുരുവിള. സോളാർ തട്ടിപ്പിൽ ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പി.എ ടെനി ജോപ്പനെയും, ഗൺമാൻ സലിംരാജിനെയും തൽസ്ഥാനങ്ങളിൽനിന്നും നീക്കി.
ജൂൺ 15
കൊച്ചിയിലെ ഗസ്റ്റ്ഹൗസിൽവെച്ച് ഉമ്മൻചാണ്ടി ബിജു രാധാകൃഷ്ണനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിൻറെ വിവരങ്ങൾ പുറത്തുവന്നു. സോളാർ തട്ടിപ്പുകേസ് അന്വേഷിക്കാൻ എഡിജിപി ഹേമചന്ദ്രൻറെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ജൂൺ 16
സോളാർ പ്രതിയായ സ്ത്രീയുടേയും ബിജുവിൻറെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ്. ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര താരം ശാലു മേനോൻറെ വീടിൻറെ പാലുകാച്ചൽ ചടങ്ങിൽ ആഭ്യന്തരമന്ത്രി പങ്കെടുത്തതിൻറെ തെളിവുകൾ പുറത്തുവന്നു.
ജൂൺ 17
ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിൽ അറസ്റ്റിലായി. ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം. പൊതുചടങ്ങുകളിൽ മുഖ്യമന്ത്രിയെ ബഹിഷ്‌ക്കരിക്കാൻ തീരുമാനം.
ജൂൺ 19
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ശാലുമേനോനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി.
ജൂൺ 21
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സോളാർ പദ്ധതിക്ക് സഹായം ലഭിച്ചതായി ബിജുവും സോളാർ സ്ത്രീയും വെളിപ്പെടുത്തുന്നു.
ജൂൺ 26
ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്‌സണൽസ്റ്റാഫ് അംഗം ജിക്കുമോൻ ജേക്കബ് രാജിവച്ചു.
ജൂൺ 28
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പനെ അറസ്റ്റു ചെയ്തു
ജൂൺ 29
പാലക്കാട് കിൻഫ്രാ പാർക്കിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചുനൽകാനായി പത്തനംതിട്ട സ്വദേശി ശ്രീധരൻനായരുമായി സരിതയും ടെന്നിജോപ്പനും 5 കോടി രൂപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ച് കൈമാറിയതായും ശ്രീധരൻനായർ.
ജൂലൈ 01
വ്യവസായി മല്ലേലിൽ ശ്രീധരൻ നായരുടെ പരാതിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരും പരാമർശിച്ചിരിക്കുന്നതിനെച്ചൊല്ലി വിവാദം.
ജൂലൈ 03
സോളാർ വിവാദ നായികയുടെ ഫോൺവിളി രേഖകൾ മാധ്യമങ്ങൾക്ക്. വിളിച്ചവരിൽ തിരുവഞ്ചൂർ രാധാകൃഷ്ണനുൾപ്പെടെ 4 മന്ത്രിമാർ.
ജൂലൈ 04
സോളാർ സ്ത്രീയുടെ ഫോൺവിളിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടു കേന്ദ്ര മന്ത്രിമാർ, 7 സംസ്ഥാന മന്ത്രിമാർ, 6 എം.എൽ.എമാർ, ഒരു എം.പി എന്നിവർ കോൾ ലിസ്റ്റിൽ.
ജൂലൈ 05
സോളാർ കേസിൽ നടി ശാലു മേനോനെ അറസ്റ്റുചെയ്തു.
ജൂലൈ 06
മല്ലേലിൽ ശ്രീധരൻ നായരുടെ രഹസ്യമൊഴി റാന്നി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.
ജൂലൈ 08
ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് സോളാർ വിവാദ നായിക സഹായിച്ചെന്ന് ശ്രീധരൻ നായരുടെ വെളിപ്പെടുത്തൽ.
ജൂലൈ 10
ലക്ഷ്മിനായർ എന്ന വ്യാജപേരിൽ സോളാർ വിവാദ നായിക, സോളാർ പ്ലാന്റും കാറ്റാടിപ്പാടവും വാഗ്ദാനം നൽകി 1.04 കോടി രൂപ തട്ടിയെടുത്തതായി പ്രവാസി വ്യവസായി ടി സി മാത്യുവിന്റെ വെളിപ്പെടുത്തൽ.
ജൂലൈ 16
സലിംരാജ്, ജിക്കുമോൻ ജേക്കബ് എന്നിവരുമായി പ്രതികൾക്കുള്ള ബന്ധം വെളിപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിന്റെ വേദിയാക്കിയതിന് തെളിവുകൾ ലഭിച്ചിട്ടും എന്തുകൊണ്ടാണ് അത് അന്വേഷിക്കാത്തതെന്ന് ജസ്റ്റിസ് എസ് എസ് സതീഷ്ചന്ദ്രൻ.
ജൂലൈ 17
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തർ സോളാർ തട്ടിപ്പിലെ ബന്ധത്തിന്റെ പേരിൽ രാജിവെയ്ക്കുന്നു.
ജൂലൈ 18
ടെന്നി ജോപ്പന് തട്ടിപ്പിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നതായി അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിയുടെ വെളിപ്പെടുത്തൽ.
ജൂലൈ 20
സെക്രട്ടറിയേറ്റിൽവെച്ച് ടെനി ജോപ്പന് 2 ലക്ഷം രൂപ കൊടുത്തെന്ന് സോളാർ വിവാദ നായിക.
ജൂലൈ 25
പത്തനംതിട്ട സബ്ജയിലിലായിരുന്ന സോളാർ പ്രതിയായ സ്ത്രീയെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാജയിലിലേക്കു മാറ്റുന്നു. സ്ത്രീ നേരിട്ട് പരാതി എഴുതി നൽകണമെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്.
ജൂലൈ 27
സോളാർ സ്ത്രീയെ പാർപ്പിച്ചിരുന്ന ജയിലിൽ ഡിഐജിയുടെ രഹസ്യസന്ദർശനം.
ജൂലൈ 28
സോളാർ സ്ത്രീയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് എഴുതി നൽകിയ 22 പേജുള്ള പരാതിയേയും 20 മിനിറ്റോളം മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ മൊഴിയെയും അപ്രസക്തമാക്കിക്കൊണ്ട് സ്ത്രീ എഴുതി നൽകിയ വെറും 4 പേജുള്ള പരാതി പുറത്തുവന്നു.
ജൂലൈ 30
സോളാർ കേസിലെ പ്രതിയായ സ്ത്രീയ്ക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
ഓഗസ്റ്റ് 12
ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫിൻറെ സെക്രട്ടറിയേറ്റ് വളയൽ സമരം.
ഓഗസ്റ്റ് 13
മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു, എൽഡിഎഫ് അനിശ്ചിതകാല ഉപരോധസമരം പിൻവലിച്ചു.
ഓഗസ്റ്റ് 28
സോളാർ പ്രതിയായ സേത്രീയെയും ബിജു രാധാകൃഷ്ണനേയും എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. താൻ ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ത്രീ കോടതിയിൽ പറഞ്ഞെങ്കിലും മജിസ്‌ട്രേറ്റ് അത് രേഖപ്പെടുത്താതിരുന്നത് പിന്നീട് വിവാദമായി.
സെപ്റ്റംബർ 10
സലിംരാജിനെ അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 11
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന ഹർജി ഹൈക്കോടതി തളളി.
ഒക്ടോബർ 09
മല്ലേലിൽ ശ്രീധരൻ നായരുടെ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു.
ഒക്ടോബർ 11
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ഹൈക്കോടതിയുടെ ക്‌ളീൻചിറ്റ്. മല്ലേലിൽ ശ്രീധരൻ നായരുടെ ആരോപണം ശരിയാണെന്ന് കരുതിയാലും അതിൻറെ പേരിൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി.
ഒക്ടോബർ 23
പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായി സോളാർ തട്ടിപ്പ് കേസ് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു.
ഒക്ടോബർ 25
മല്ലേലിൽ ശ്രീധരൻ നായരുടെ പരാതിയിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ടെനി ജോപ്പൻ തട്ടിപ്പിനു കൂട്ടുനിന്നതായി കുറ്റപത്രത്തിൽ. മുഖ്യമന്ത്രിയെക്കുറിച്ചു പരാമർശമില്ല.
ഒക്ടോബർ 27
കണ്ണൂരിൽ എൽഡിഎഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കുനേരെ കല്ലേറ്.
ഒക്ടോബർ 30
സോളാർ വിവാദ നായികയുടേയും ബിജു രാധാകൃഷ്ണൻറേയും ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പി.എ. ടെനി ജോപ്പന് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘത്തിൻറെ കുറ്റപത്രം. മല്ലേലിൽ ശ്രീധരൻ നായരുടെ രഹസ്യമൊഴി പുറത്ത്. മുഖ്യമന്ത്രിയെ കണ്ടത് സോളാർ നായികയ്‌ക്കൊപ്പമെന്നും മുഖ്യമന്ത്രി സഹായിക്കാമെന്നു പറഞ്ഞെന്നും ശ്രീധരൻ നായർ.
നവംബർ 13
ലൈംഗികചൂഷണത്തിൻറെ പരാതി ഉന്നയിച്ച സോളാർ നായിക ചില പേരുകൾ പറഞ്ഞുവെന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൻ.വി.രാജു വിജിലൻസ് രജിസ്ട്രാർക്കു മൊഴി നൽകി.
നവംബർ 21
മന്ത്രിമാരുമൊത്ത് സോളാർ നായികയുടെ വീഡിയോ രംഗങ്ങൾ ഉണ്ടെന്ന് സ്ത്രീയുടെ അഭിഭാഷകൻ.
നവംബർ 26
മാധ്യമങ്ങൾക്ക് ബിജുവിൻറെ തുറന്ന കത്ത്. എല്ലാ പ്രശ്‌നങ്ങൾക്കും കാരണം സോളാർ നായികയും മന്ത്രി ഗണേഷ് കുമാറും തമ്മിലെ ബന്ധമെന്ന് കത്തിൽ പരാമർശം.
ഡിസംബർ 10
ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ക്ലിഫ് ഹൗസ് വളയൽ ആരംഭിച്ചു.
ഡിസംബർ 26
എൽഡിഎഫ് സമരം പിൻവലിച്ചു.
വർഷം – 2014
ജനുവരി 20
സോളാർ വിവാദ നായികയുടെ സാന്നിധ്യത്തിൽ ശ്രീധരൻ നായർ മുഖ്യമന്ത്രിയെ കണ്ടതായി ആരോപിക്കപ്പെട്ട തീയതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം തളളിയ ഹൈക്കോടതി നടപടിക്കെതിരെ ജോയ് കൈതാരം നൽകി ഹർജി സുപ്രീംകോടതി തളളി.
ഫെബ്രുവരി 21
സോളാർ നായിക ജയിൽ മോചിതയായി.
മാർച്ച് 03
ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. എ.പി. അബ്ദുള്ളകുട്ടി ബലാൽസംഗം ചെയ്‌തെന്ന് സോളാർ നായികയുടെ ആരോപണം.
ഏപ്രിൽ 28
ശിവരാജൻ കമ്മീഷൻറെ കാലാവധി 6 മാസത്തേക്കുകൂടി നീട്ടി.
ജൂൺ 05
സോളാർ സ്ത്രീയുടെ കേസ് കൈകാര്യം ചെയ്തതിൽ മുൻ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൻ.വി.രാജുവിന് ഗുരുതരമായ വീഴ്ചപറ്റിയതായി ഹൈക്കോടതി.
ജൂൺ 11
സോളാർ നായിക ലൈംഗിക ചൂഷണത്തെക്കുറിച്ചു പരാതി പറഞ്ഞിട്ടും പരാതി എഴുതി വാങ്ങാതെ വീഴ്ച വരുത്തിയ മജിസ്‌ട്രേറ്റിനെതിരെ വിജിലൻസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നടപടി തുടരാൻ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.
ജൂലൈ 01
അന്വേഷണ കമ്മീഷൻ നിയമനം രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് ജൂഡീഷ്യൽ കമ്മീഷനെതിരെ സോളാർ സ്ത്രീ ഹൈക്കോടതിയെ സമീപിച്ചു.
ജൂലൈ 04
മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കുമെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് സോളാർ കേസിൽ പ്രതിയായ സ്ത്രീ സോളാർ കമ്മീഷനു മൊഴി നൽകി.
നവംബർ, 07
മുഖ്യമന്ത്രിയുടെ ഓഫീസ്, പേഴ്‌സണൽ സ്റ്റാഫ്, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കെതിരെ ഉയർന്നിട്ടുളള ആരോപണങ്ങൾ കൂടി അന്വേഷണ പരിധിയിൽ സോളാർ കമ്മീഷൻ ഉൾപ്പെടുത്തി.
വർഷം- 2015
ഏപ്രിൽ 07
കോടതി മുൻപാകെ സമർപ്പിക്കാൻ പത്തനംതിട്ട ജയിലിൽനിന്നും സോളാർ നായിക എഴുതിയ കത്ത് പുറത്തായി.
ഒക്ടോബർ 13
സോളാർ കമ്മീഷൻറെ കാലാവധി 2016 ഏപ്രിൽ വരെ നീട്ടി.
ഡിസംബർ 01
കെ.സി.വേണുഗോപാലും, ആര്യാടൻ മുഹമ്മദും ഗണേഷ്‌കുമാറും പണം ആവശ്യപ്പെട്ടിരുന്നെന്ന് ബിജു രാധാകൃഷ്ണൻറെ വെളിപ്പെടുത്തൽ.
ഡിസംബർ 04
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സോളാർ സ്ത്രീയുമൊത്തുള്ള രംഗങ്ങളുണ്ടെന്ന് ബിജു രാധാകൃഷ്ണൻ അവകാശപ്പെടുന്ന സിഡി ഹാജരാക്കാൻ ശിവരാജൻ കമ്മീഷൻ ഉത്തരവ്.
ഡിസംബർ 10
സിഡി കണ്ടെടുക്കാൻ പൊലീസ് സംഘം കോയമ്പത്തൂരിലേക്ക്. പക്ഷെ സിഡി കണ്ടെത്താനായില്ല.
വർഷം – 2016
ജനുവരി 14
വിവാദ കത്ത് കമ്മീഷനു മുൻപാകെ ഹാജരാക്കാൻ കഴിയില്ലെന്ന് സോളാർ നായിക.
ജനുവരി 25
ഉമ്മൻ ചാണ്ടി ശിവരാജൻ കമ്മീഷനു മുമ്പാകെ ഹാജരായി 13 മണിക്കൂർ വിചാരണ നേരിട്ടു. സോളാർ സ്ത്രീയെ 3പ്രാവശ്യം കണ്ടിട്ടുണ്ടായിരിക്കുമെന്ന് ഉമ്മൻ ചാണ്ടി മൊഴി നൽകി.
ജനുവരി 27
ഉമ്മൻ ചാണ്ടിക്കു കൈക്കൂലി നൽകിയെന്ന് സോളാർ കമ്മീഷനു മുമ്പാകെ സോളാർ നായികയുടെ മൊഴി. തമ്പാനൂർ രവിയും സോളാർ സ്ത്രീയും തമ്മിലെ ഫോൺ സംഭാഷണം പുറത്തായി. ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്ന് സോളാർ നായിക.
ജൂൺ 14
മുൻ മന്ത്രി ഷിബു ബേബിജോൺ സോളാർ സ്ത്രീയെ തവണ ഫോണിൽ വിളിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ സോളാർ കമ്മീഷനു ലഭിച്ചു.
ജൂൺ 16
സോളാർ സ്ത്രീ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിൽ കണ്ടിട്ടില്ലെന്ന് ഹൈബി ഈഡൻ എം.എൽ.എ. കമ്മീഷനിൽ മൊഴി നൽകി.
ജൂൺ 16
സോളാർ കേസിൽ പ്രതിയായ സ്ത്രീയുമായി എം.എൽ.എ പി.സി.വിഷ്ണുനാഥ് 183 തവണ ഫോണിൽ സംസാരിച്ചതായി സോളാർ കമ്മീഷനിൽ ഫോൺകോൾ രേഖകൾ കിട്ടി.
ജൂൺ 24
സോളാർ നായികയെ നേരിട്ടു കണ്ടിട്ടുണ്ടെന്നു മുൻമന്ത്രി കെ.പി.മോഹനൻ സോളാർ കമ്മീഷനിൽ മൊഴി നൽകി.
ജൂൺ 24
സോളാർ കോഴ ആരോപണത്തെ തുടർന്ന് ഉമ്മൻചാണ്ടിക്കും ആര്യാടൻ മുഹമ്മദിനും എതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന തൃശൂർ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ജൂൺ 27
സോളാർ വിവാദ നായികയെ സോളാർ കമ്മീഷൻ 9 മണിക്കൂർ ക്രോസ് വിസ്താരം നടത്തി.
ജൂലൈ 01
സോളാർ സ്ത്രീയെ കണ്ടിട്ടുണ്ട്, ഫോണിൽ സംസാരിച്ചിട്ടില്ലെന്ന് ജോസ് കെ.മാണി എം.പി. സോളാർ കമ്മീഷനിൽ മൊഴി നൽകി.
ജൂലൈ 13
മുൻമന്ത്രി എ.പി.അനിൽകുമാറിൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നസറുളള 185 തവണ സോളാർ സ്ത്രീയുമായി ഫോണിൽ ബന്ധപ്പെട്ടതിൻറെ രേഖകൾ സോളാർ കമ്മീഷനു ലഭിച്ചു.
ജൂലൈ 15
ഉമ്മൻചാണ്ടിക്ക് ദില്ലിയിൽ വച്ചു പണം നൽകിയെന്ന സോളാർ നായിക മൊഴി ശരിയെന്ന് ബിജു രാധാകൃഷ്ണൻ.
ജൂലൈ 28
സോളാർ നായികയെ പരിചയമില്ലെന്നും നേരിൽ കണ്ടിട്ടില്ലെന്നും മുൻ മന്ത്രി ജയലക്ഷ്മി സോളാർ കമ്മീഷനിൽ മൊഴി നൽകി.
ഒക്ടോബർ 04
സോളാർ കമ്മീഷൻറെ കാലാവധി 6 മാസം നീട്ടി.
ഒക്ടോബർ 25
വിജിലൻസ് ഡയറക്ടറായിരിക്കെ എൻ.ശങ്കർ റെഡ്ഡി സോളാർ കേസുമായി ബന്ധപ്പെട്ട പരാതികൾ പൂഴ്ത്തിയെന്ന ഹർജിയിൽ നിലപാട് അറിയിക്കാൻ വിജിലൻസ് ഡയറക്ടർക്കു വിജിലൻസ് കോടതി നിർദ്ദേശം.
നവംബർ 08
ശങ്കർ റെഡ്ഡിക്ക് എതിരായ ഹർജി കോടതി തളളി.
ഡിസംബർ 16
സോളാർ തട്ടിപ്പിലെ ആദ്യ കേസിൽ സോളാർ സ്ത്രീയ്ക്കും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും പിഴയും.
ഡിസംബർ 23
സോളാർ കമ്മീഷനു മുമ്പാകെ വീണ്ടും ഉമ്മൻചാണ്ടി ഹാജരായി. സോളാർ സ്ത്രീയയുമായി ഉമ്മൻചാണ്ടി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന സലിംരാജിൻറെ മൊഴി അദ്ദേഹം തളളി.
വർഷം- 2017
ജനുവരി 30
പേഴ്‌സണൽ സ്റ്റാഫ് തൻറെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വീണ്ടും സോളാർ കമ്മീഷനു മുമ്പാകെ ഉമ്മൻചാണ്ടി മൊഴി നൽകി.
ഏപ്രിൽ 05
സോളാർ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജൻ കമ്മീഷൻറെ കാലാവധി 2017 ഏപ്രിൽ 28 മുതൽ മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വാക്കാലും രേഖാമൂലവുമുള്ള ധാരാളം തെളിവുകൾ കമ്മീഷൻ മുമ്പാകെ വന്നതിനാൽ അവ പരിശോധിച്ച് തീരുമാനം എടുക്കുന്നതിന് കാലാവധി മൂന്ന് മാസം നീട്ടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനം.
സെപ്തംബർ 26
സോളാർ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. നാല് വോളിയം റിപ്പോർട്ടാണ് സമർപ്പിച്ചത്.
ഒക്ടോബർ 07
നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്ന കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ വിധി വന്നു. കേസിൽ ഉമ്മൻചാണ്ടി കുറ്റവിമുക്തനാക്കി. വ്യവസായി എം പി കുരുവിള നൽകിയ പരാതിയിലാണ് വിധി.
ഒക്ടോബർ 11
സോളാർ വിഷയത്തിൽ വിജിലൻസ് കേസെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം വേണമെന്നും, തിരവഞ്ചൂരിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും, ആര്യാടൻ മുഹമ്മദിനെതിരെയും വിജിലൻസ് കേസെടുക്കണമെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. സോളാർ വിവാദ നായിക കത്തിൽ പരാമർശിച്ചവർക്കെതിരെ ബലാത്സംഗ കേസും എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും വകുപ്പ് തല അന്വേഷണം ഉണ്ടാകും. ഉദ്യോഗസ്ഥരായ ഐജി പത്മകുമാർ, ഡിവൈഎസ്പി ഹരീഷ് കുമാർ എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും.
solar case history so far
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here