കാസർഗോഡ് സോളാർ പാർക്കിന് മന്ത്രിസഭാ അനുമതി

സോളാർ പാർക്ക് നിർമ്മിക്കുന്നതിന് കാസർഗോഡ് ജില്ലയിലവെ ഹോസ്ദുർഗ് താലൂക്കിൽ 250 എക്കർ ഭൂമി പാട്ടത്തിന് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമായി. റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ് കേരളയ്ക്കാണ് ഭൂമി പാട്ടത്തിന് നൽകുന്നത്. സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്ന ഭൂമിയിൽ സോളാർ പാർക്ക് മാത്രമേ നിർമ്മിക്കാവൂ എന്ന വ്യവസ്ഥയിലാണ് ഭൂമി പാട്ടത്തിന് നൽകുന്നത്.
കെഎസ്ഇബിയുടെ പ്രസരണ സംവിധാനത്തിന്റെ വോൾട്ടേജ് വർദ്ധിപ്പിക്കാൻ കഴിയുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഏരനാട് ലൈൻസ് പാക്കേജ്, ഉത്തരമേഖല എച്ച് ടി എൽ എസ് പാക്കേജ് എന്നിവ കാരാറുകാരെ ഏൽപ്പിക്കാനും മന്ത്രിസഭ അനുമതി നൽകി.
ഏറനാട് ലൈൻസ് പാക്കേജിന് 455 കോടി രൂപയും ഉത്തരമേഖലാ പാക്കേജിന് 63 കോടി രൂപയുമാണ് ചെലവ്. ട്രാൻസ്ഗ്രിഡ് പദ്ധതി 2021 മാർച്ചിനു മുമ്പ് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 6375 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
ഇടുക്കി ജില്ലയിലെ പത്തുചങ്ങല പ്രദേശത്ത് നാല്പത് വർഷത്തിലേറെയായി താമസിച്ച് കൃഷി ചെയ്തുവരുന്ന കുടുംബങ്ങൾക്ക് ജലവൈദ്യുതപദ്ധതി പ്രദേശത്തുനിന്ന് മൂന്നു ചെയിൻ വിട്ടുളള സ്ഥലത്ത് പട്ടയം നൽകാൻ തീരുമാനിച്ചു.