ആധാർ ലിങ്ക് ചെയ്യാത്തതിൽ റേഷൻ നിഷേധിച്ച സംഭവം; ആധാർ കത്തിച്ച് പ്രതിഷേധം

BURN ADHAR

ആധാർ ലിങ്ക് ചെയ്യാത്തതിന്റെ പേരിൽ റേഷൻ നിഷേധിച്ച് ജാർഖണ്ഡിൽ 11 വയസ്സുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആധാർ കാർഡുകൾ കത്തിച്ചാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

മനുഷ്യ ജീവനേക്കാൾ വിലയുണ്ട് ആധാർ കാർഡിനെങ്കിൽ ആത്തരം വ്യവസ്ഥ തകർക്കണമെന്നാണ് പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നത്. ദേവേഷിഷ് ജരാരിയ എന്ന ആൾ ട്വിറ്ററിലൂടെ ആധാർ കത്തിക്കുന്നതിന്റെ ചിത്രത്തോടൊപ്പം ഈ വാചകങ്ങൾ കൂടി കുറിച്ചിട്ടുണ്ട്.

ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിച്ചില്ലെന്ന് കാണിച്ച് കഴിഞ്ഞ ആറ് മാസമായി ലോക്കൽ റേഷൻ ഡീലർ ഇവർക്ക് റേഷൻ വിഹിതം നൽകിയിരുന്നില്ല. പൊതുവിതരണം സുഖമമാക്കാൻ ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ ഉക്കരവിറക്കിയിരുന്നു.

പെൺകുട്ടി മരിച്ചത് സെപ്തംബർ 28നായിരുന്നെങ്കിലും ഇപ്പോഴാണ് മരണവും കാരണവും പുറംലോകമറിയുന്നത്. സ്വന്തമായി ഭൂമിയോ, രക്ഷിതാക്കൾക്ക് പറയത്തക്ക വരുമാനമോ ഇല്ലാത്ത പെൺകുട്ടിയുടെ കുടുംബം സാമ്പത്തികമായ ഏറെ പിന്നോക്കം നിൽക്കുന്നവരാണ്.

എന്നാൽ ആധാർ നിർബന്ധമാക്കാനാകില്ലെന്ന 2013ലെ സുപ്രീം കോടതി വിധിയുടെ ലംഘനം കൂടിയാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി വിധി നിലനിൽക്കെയാണ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ റേഷൻ നിരോധിച്ചതിനെ തുടർന്ന് പെൺകുട്ടി പട്ടിണി കിടന്ന് മരിച്ചത്.

സന്തോഷി കുമാരിയുടെ കുടുംബത്തിന്റേത് മാത്രമല്ല, സമാന സാഹചര്യത്തിൽ 10ഓളം കുടുംബങ്ങളെയും ആധാറുമായി ബന്ധിപ്പിക്കാത്തിന്റെ പേരിൽ സബ്‌സിഡി ലിസ്റ്റിൽനിന്ന് നീക്കം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

മാനസിക നില തെറ്റിയ സന്തോഷി കുമാരിയുടെ പിതാവിന് തൊഴിലെടുക്കാനാകില്ല. അമ്മയും 20 വയസ്സ് പ്രായമുള്ള സഹോദരിയും പുല്ല് വെട്ടുന്ന തൊഴിൽ ചെയ്താണ് ജീവിക്കുന്നത്. എന്നാൽ ഇതിൽനിന്ന് ആഴ്ചയിൽ 80 മുതൽ 90 രൂപവരെ മാത്രമാണ് ഈ കുടുംബത്തിന് ലഭിക്കുന്ന വരുമാനം. റേഷൻ കടയിൽനിന്ന് ലഭിക്കുന്ന ആഹാര സാദനങ്ങളായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്വാസം. സന്തോഷിയുടെ ഒരു വയസ്സ് പ്രായമുള്ള സഹോദരന് അംഗൻവാടിയിൽനിന്ന് ലഭിക്കുന്ന ആഹാരമാണ് മിക്കപ്പോഴും ഇവർ കഴിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top