കയർത്ത് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് യുവാവിന്റെ മർദ്ദനം

സുഹൃത്തുക്കളോട് കയർത്ത് സംസാരിക്കുന്നത് എതിർത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് അയൽവാസിയിൽനിന്ന് ക്രൂരമർദ്ദനം. മുംബെയിലെ കുർള ഗാർഡനിലാണ് പെൺകുട്ടിയെ അയൽവാസിയായ യുവാവ് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റ പെൺകുട്ടി ബോധരഹിതയായി നിലത്ത് വീണു.
ഇമ്രാൻ ഷാഹിദ് എന്ന യുവാവാണ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തയ്യൽ ക്ലാസ് കഴിഞ്ഞ് സൂഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടി, തന്റെ സുഹൃത്തുക്കളോട് കയർത്ത് സംസാരിക്കുന്ന ഇമ്രാനെ കാണുകയും ഇതിനെ എതിർക്കുകയും ചെയ്തു. തുടർന്നാണ് ഇമ്രാൻ പെൺകുട്ടിയെ ഉപദ്രവിച്ചത്.
ബോധരഹിതയായ പെൺകുട്ടിയെ മാതാപിതാക്കളെത്തി ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. മർദ്ദിക്കുന്നതിന് മുമ്പ് ഇമ്രാൻ പെൺകുട്ടിയ്ക്ക് നേരെ കല്ലുകളെറിഞ്ഞെന്നും പെൺകുട്ടി വ്യക്തമാക്കി. ഇമ്രാനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് പോലീസ് ഇയാളെ ജാമ്യത്തിൽ വിട്ടു.