കാണാതായ പാക് മാധ്യമ പ്രവർത്തകയെ കണ്ടെത്തി

ഇന്ത്യൻ പൗരന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ കാണാതായ മാധ്യമ പ്രവർത്തകയെ മോചിപ്പിച്ചു. പാകിസ്താൻ സുരക്ഷാ സൈന്യമാണ് സീനത്ത് ഷഹ്‌സാദിയയെ മോചിപ്പിച്ചത്. ബുധനാഴ്ച്ച പാകിസ്താൻ അഫ്ഗാനിസ്താൻ അതിർത്തിയിൽ നിന്നാണ് ഷഹ്‌സാദിയയെ മോചിപ്പിച്ചത്.
2015 ലാണ് ലാഹോറിൽ വെച്ച് ഷഹ്‌സാദിയയെ കാണാതാകുന്നത്. ഇന്ത്യക്കാരനായ ഹമീദ് നേഹാൾ അൻസാരിയെ കാണാനില്ലെന്ന് കാണിച്ച് പാകിസ്താൻ സുപ്രിംകോടതിയിൽ ഇവർ പരാതി നൽകിയിരുന്നു. അൻസാരിയുടെ മാതാവ് ഫൗസിയ അൻസാരിക്കുവേണ്ടി മനുഷ്യാവകാശ കമ്മിഷനും ഇവർ പരാതി നൽകിയിരുന്നു. തുടർന്നായിരുന്നു ഷഹ്‌സാദിയയുടെ തിരോധാനം.
2015 ൽ മക്കയിൽ വെച്ച് സീനത്തും അൻസാരിയുടെ മാതാവും തമ്മിൽ ആദ്യമായി കാണുകയും മകനെ കണ്ടെത്താൻ സഹായിക്കാമെന്ന് സീനത്ത് ഉറപ്പു നൽകുകയുമായിരുന്നു.
2012ലാണ് ജോലി അന്വേഷിച്ച് അഫ്ഗാനിലേക്ക് പോയ അൻസാരിയെ കാണാതായത്. പാകിസ്താനിലെ കോഹാട് സ്വദേശിനിയായ പെൺകുട്ടിയുമായി ഹമീദ് പ്രണയത്തിലായെന്നും മറ്റൊരാളുമായുള്ള ആ പെൺകുട്ടിയുടെ വിവാഹം തടയാൻ പാകിസ്താനിലേക്ക് പോയെന്നും ഫൗസിയ അറിഞ്ഞു. ഇക്കാര്യങ്ങൾ അവർ സീനത്തിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് സീനത്ത് നടത്തിയ അന്വേഷണങ്ങളിൽ കോഹട്ടിൽ പോലീസ് കസ്റ്റഡിയിൽ ഹമീദിനെ കണ്ടെത്തി. തുടർന്നാണ് സീനത്ത് മനുഷ്യാവകാശ സെല്ലിന് പരാതി നൽകിയത്.
2012 ൽ ഹമീദിനെ അറസ്റ്റ് ചെയ്തായും പിന്നീട് ഇന്റലിജൻസ് അധികൃതർക്ക് കൈമാറിയതായും 2016 ൽ പാകിസ്താൻ പോലിസ് പെഷവാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ അൻസാരിയെ പുറത്തുവിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here