നാലുചക്ര വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധം

ഡിസംബർ ഒന്ന് മുതൽ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലുചക്ര വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻറെതാണ് ഉത്തരവ്. ടോൾ പ്ലാസകളിൽ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം.
ഡിജിറ്റൽ പണം ഇടപാട് വഴി ടോൾ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഇതുപയോഗിച്ച് ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാൽ ടോൾ പ്ലാസകളിൽ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാൻ സാധിക്കും. സമയവും ലാഭിക്കാം.
പുതിയ പാസഞ്ചർ കാറുകളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ പുതുതായി നിരത്തിലെത്തുന്ന എല്ലാ നാലു ചക്ര വാഹനങ്ങൾക്കും വിൻഡ് സ്‌ക്രീനിൽ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിർബന്ധമാക്കിയത്. പുതിയ വാഹനങ്ങളിൽ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള മുഴുവൻ ഉത്തരവാദിത്വവും വാഹന ഡീലർമാർക്കാണ്.
പഴയ വാഹനങ്ങൾക്ക് ബാങ്കുകൾ വഴിയും ടോൾ പ്ലാസകളിൽ നിന്നും ഫാസ്ടാഗ് വാങ്ങി ഘടിപ്പിക്കാം. രാജ്യത്തെ 370 ടോൾപ്ലാസകളിൽ നിലവിൽ ഈ സൗകര്യം ഒരുക്കിക്കഴിഞ്ഞു.
FASTag must for 4-wheelers from Dec
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here