കമൽ ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്‌ക്കെതിരായ കൊലവിളി: പിണറായി വിജയൻ

kamal hassan - pinarayi vijayan

 

കമൽ ഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കമൽ ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളി തന്നെയാണ് എന്നും പിണറായി പ്രസ്താവിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയൻ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വർഗീയ ശക്തികളെ നിയമപരമായി നേരിടണം. കമൽ ഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകണം. ജനാധിപത്യ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമൽഹാസനെ നിശബ്ദനാക്കാൻ ഇത്തരം കൊലവിളികൾക്കും ഭീഷണികൾക്കും ആവില്ല.

മഹാത്മജിക്കും ഗോവിന്ദ് പൻസാരെ, ധാബോൽക്കർ, കലബുർഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകൾ കൂട്ടിച്ചേർക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. മതനിരപേക്ഷതയുടെ കൊടി ഉയർത്തി ജനങ്ങൾ അണിനിരക്കുന്ന മുന്നേറ്റമാണ് ഈ കുടില ശക്തികൾക്കെതിരെ രാജ്യത്താകെ ഉയരേണ്ടത്.

വർഗീയ വിഭാഗീയ അജണ്ടയുമായി ജനങ്ങളെ വിഭജിക്കാനും സാമൂഹിക ജീവിതം കലുഷമാക്കാനും അശാന്തി വിതയ്ക്കാനും മുതിരുന്ന ഒരു ശക്തിയെയും അംഗീകരിക്കാനാവില്ല.

കമൽ ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളി തന്നെയാണ്. ശക്തമായി പ്രതിഷേധിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top