തോമസ് ചാണ്ടിയുടെ കയ്യേറ്റം; കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്

thomas chandi thomas chandy didnt break law says NCP

തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് കളക്ടര്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. കടുത്ത നിയമലംഘനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വലിയകുളം സീറോഡെട്ടി റോഡിന്റെ നിര്‍മ്മാണത്തിലാണ് വലിയ ക്രമക്കേട് നടന്നത്.  2012വരെ റിസോര്‍ട്ടിലേക്ക് കരമാര്‍ഗ്ഗം വഴിയില്ലായിരുന്നു. 2013 ലാണ് നെല്‍വയല്‍ നികത്തി ഇങ്ങോട്ട് റോഡ് നിര്‍മ്മിച്ചത്.

സര്‍ക്കാറിന്റെ അനുവാദം ഇല്ലാതെയായിരുന്നു നികത്തല്‍ തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് ഈ നികത്തിയത്. പാര്‍ക്കിംഗ് സ്ഥലം തോമസ് ചാണ്ടിയുടെ അധീനതയില്‍ ഉള്ളത് തന്നെയാണ്.  വസ്തുതകള്‍ പരിശോധിക്കാതെയാണ് ബന്ധപ്പെട്ട അധികാരികള്‍ ഇതിന് അനുമതി നല്‍കിയതെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

പാര്‍ക്കിംഗ് ഗ്രൗണ്ടാക്കിയ ഭൂമി മറ്റൊരാളുടെ അധീനതയിലുള്ള ഭൂമിയാണെന്നാണ് വാട്ടര്‍വേള്‍ഡ് കമ്ബനി വ്യക്തമാക്കിയിരുന്നത്. ഇത് പാട്ടത്തിനെടുത്താണ് പാര്‍ക്കിംഗ് ഏരിയയാക്കിയതെന്നും കമ്പനി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ലീലാമ്മ ഈശോ എന്ന സ്ഥലമുടമ തോമസ് ചാണ്ടിയുടെ സഹോദരിയാണെന്നും, അവര്‍ക്ക് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിന് 2014 ല്‍ സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അന്ന് മെമ്മോ വാട്ടര്‍വേള്‍ഡ് കൈപ്പറ്റിയിരുന്നെങ്കിലും വിശദീകരണം നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഇത് വിവാദമായപ്പോഴാണ് ആ സ്ഥലം സ്വകാര്യവ്യക്തിയുടേതാണെന്ന് വാട്ടര്‍വേള്‍ഡ് കമ്പനി പറയുന്നതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

റോഡിന് അംഗീകാരം നല്‍കണമോ വേണ്ടയോ എന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ലേക്പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ ആലപ്പുഴ നഗരസഭയില്‍ നല്‍കാന്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് കഴിഞ്ഞില്ല. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്ന നഗരസഭയുടെ അന്ത്യശാസനത്തിനുള്ള മറുപടിയിലാണ് രേഖകള്‍ ഹാജരാക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top