കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം; പൊതുപരിപാടികളില്‍ സജീവമായി തോമസ് ചാണ്ടിയുടെ സഹോദരന്‍

കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് എന്‍സിപിയില്‍ അനിശ്ചിതത്വം തുടരവെ പൊതുപരിപാടികളില്‍ സജീവമായി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്. സഭാ നേതൃത്വങ്ങളെയടക്കം പങ്കെടുപ്പിച്ചു കൊണ്ട് കൈനകരിയില്‍ റോഡ് നിര്‍മാണോദ്ഘാടനം നടത്തി. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ഈ മാസം 27 ന് എന്‍സിപി സംസ്ഥാന കമ്മിറ്റി എറണാകുളത്ത് ചേരും.

തോമസ് ചാണ്ടിയുടെ സമയത്ത് സ്ഥലമേറ്റെടുപ്പിനെ ചൊല്ലി തുടങ്ങാനാകാതെ പോയ ചാവറ റോഡിന്റെ നിര്‍മാണ ജോലികളാണ് തുടങ്ങിയത്. പ്രദേശത്തെ പ്രമുഖരെ വരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു നിര്‍മാണോദ്ഘാടനം. തോമസ് ചാണ്ടിയുടെ വികസന തുടര്‍ച്ചയാണ് കുട്ടനാട്ടുകാര്‍ ആഗ്രഹിക്കുന്നതെന്ന് തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാട്ടില്‍ മത്സരിക്കുന്ന കാര്യം എന്‍സിപി നേതൃത്വമാണ് തീരുമാനിക്കുന്നത്.

തോമസ് ചാണ്ടിയുടെ നിര്യാണത്തിന് ശേഷം താനാണ് പിന്‍ഗാമിയെന്ന് തോമസ് കെ തോമസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതാക്കളായ സലിം പി മാത്യു, സുല്‍ഫിക്കര്‍ മയൂരി എന്നിവരും സീറ്റിനായി ശക്തമായി രംഗത്തുണ്ട്.

ഈ മാസം 27 ന് എറണാകുളത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട കുട്ടനാടാണ്. നിര്‍ണായക ഉപതെരഞ്ഞെടുപ്പായതിനാല്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് സിപിഐഎമ്മും അറിയിച്ചിട്ടുണ്ട്.

Story Highlights: thomas chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top