Advertisement

പ്രതിഛായ ഉണ്ടാക്കൽ, പരിപാലനം, കാത്തുസൂക്ഷിക്കൽ എന്നതും ഒരു രാഷ്ട്രീയമാണ്

November 16, 2017
2 minutes Read

പാർട്ടി ചെറുതോ വലുതോ എന്നതിലല്ല , അതിന്റെ മുഖം നന്നായിരിക്കുക എന്ന ലളിതമായ തത്വം തന്നെയാണ് രാഷ്ട്രീയത്തിൽ വേണ്ടത്. അതിനുള്ള മാർഗ്ഗങ്ങൾ പലതാകാം. പക്ഷെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുക എന്ന ആഗോള കച്ചവട തന്ത്രം തന്നെയാണ് രാഷ്ട്രീയത്തിന്റെയും അടിസ്ഥാനം. ഈ കളിയിൽ കഴിഞ്ഞ കുറെ നാളായി സി പി ഐ എന്ന ‘സംസ്ഥാന പാർട്ടി’യ്ക്കുണ്ടാകുന്ന തുടർച്ചയായ വിജയത്തെ തള്ളിക്കളയാൻ പറ്റില്ല. അതിൽ വിറളിപിടിക്കുകയല്ല , ബുദ്ധിപൂർവ്വം പഠിക്കുകയാണ് വേണ്ടത്.

പ്രതിഛായ നിർമാണത്തിൽ മാത്രം ശ്രദ്ധിക്കാൻ സി പി ഐക്ക് പ്രത്യേക കമ്മിറ്റിയോ സെല്ലോ ഒന്നുമില്ല. സി പി ഐ യുടെയും പോഷക(പോഷണമൊക്കെ കണക്കാണെന്ന് പരാതിയുണ്ടെങ്കിലും) സംഘടനകളുടെയും ഭാരവാഹികളും സംസ്ഥാന സമിതിയും ഒരുമിച്ചു ഒരു ദിവസം ചേർന്നാൽ അത്ര തന്നെയേ അണിയും ആണിയുമായി ഇതിലുള്ളൂ. എന്നിട്ടും ചില പൊടിക്കൈകളുമായി രംഗത്ത് ഉറച്ചു നിൽക്കുന്നതിലൂടെയാണ് സിപിഐ മുഖം മിനുക്കൽ തുടരുന്നത്. പി കെ വിയുടെ കാലത്തും വെളിയം ഭാർഗവൻ വന്നപ്പോഴും പിന്നീട് സി കെ ചന്ദ്രപ്പൻ നേതാവായപ്പോഴും ഈ നില തുടർന്ന് വന്നു.

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സി പി എമ്മിനെക്കാൾ ബഹുദൂരം പിന്നിലാണ് സി പി ഐ. സ്വന്തമായുള്ള ജനയുഗം എന്ന പത്രം പോലും പണം മുൻകൂറായി അടച്ച വരിക്കാരന് കൃത്യമായി എത്തിക്കാൻ അവർക്ക് ത്രാണിയില്ല. വിവാദ വിഷയങ്ങൾ അച്ചടിച്ച് ചാനലുകളിലൂടെ വാർത്ത സൃഷ്ട്ടിക്കുന്നതിനാൽ ജനയുഗം ടിവിയിൽ കണ്ടാണ് ജനങ്ങൾക്ക് കൂടുതൽ പരിചയം. പാർട്ടിയുടെ മുൻകാല ചരിത്രത്തെ കൃത്യമായി അടുക്കിവച്ച് എ ഐ എസ് എഫുകാർക്കോ വൈ എഫുകാർക്കോ പകർന്നു നൽകുന്ന വിദ്യാഭ്യാസ പ്രവർത്തനമില്ല. മുൻകാല നേതാക്കളെ കുറിച്ച് പോലും അറിവില്ലാത്ത പാർട്ടിയിലെ നവസൈദ്ധാന്തികർ ആണ് സി പി ഐയിലുള്ളത്. മന്ത്രിമാരുടെ ഓഫീസിലുള്ളവർക്ക് പാർട്ടിയുടെ നയങ്ങളെ കുറിച്ച് പോലും അറിവില്ല. എന്നാൽ സി പി എമ്മിൽ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെന്ന പോലെ എല്ലാറ്റിനും കൃത്യമായ ഫയലും സംവിധാനങ്ങളുമുണ്ട്. ദേശാഭിമാനി പണം മുടക്കുന്നവന് കൃത്യമായി കിട്ടും. കൈരളി ചാനൽ കൂടാതെ വാർത്തയ്ക്കും വിനോദത്തിനും വെവ്വേറെ ചാനലുകൾ ഉണ്ട്. എന്നിട്ടും പ്രതിഛായക്കളിയിൽ സി പി എമ്മിനെ പറന്നു വെട്ടുകയാണ് സി പി ഐ.

സി പി ഐ പ്രതിഛായ നിർമിക്കുന്ന വിധം (രഹസ്യ കൂട്ട്)

റോ മെറ്റേരിയൽസ് ശേഖരിക്കൽ: റോ മെറ്റേരിയൽസ് ശേഖരിക്കൽ ആണ് ആദ്യം. ഈ മന്ത്രിസഭ അധികാരമേറ്റത് മുതൽ അളന്നും അറിഞ്ഞുമാണ് സി പി ഐയുടെ കളികൾ. അതത്ര യാദൃശ്ചികമോ നിലപാടുകളിലെ പൂർണ്ണമായ രാഷ്ട്രീയ സംശുദ്ധതയോ കൊണ്ടല്ല. മറിച്ച് വാർത്തകൾ സൃഷ്ടിക്കപ്പെടലാണ് അണികൾ കുറഞ്ഞ പാർട്ടിയുടെ പ്രതിഛായക്കളിയിൽ നിർണായകമെന്നു കാനവും ഒപ്പമുള്ളവരും തിരിച്ചറിയുന്നത് കൊണ്ടാണത്.

വിഷയം കണ്ടെത്തൽ : സി പി ഐ വിഷയങ്ങൾ സെലെക്റ്റ് ചെയ്യുന്ന രീതിയും അതിനായി അവർ തെരഞ്ഞെടുക്കുന്ന ഘട്ടവും ആണ് ശ്രദ്ധേയം. എല്ലാ വിഷയങ്ങളും എടുക്കില്ല. പ്രതിഛായ , പൊതുജന ശ്രദ്ധ എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ ആണ് മാനദണ്ഡം. വിഷയം എടുത്താൽ ഉടനെ തന്നെ അതിൽ പ്രതികരിക്കുകയോ ചാടി ഇറങ്ങുകയോ ചെയ്യില്ല. ആദ്യം വിഷയത്തിലെ വിജയ സാധ്യത പരിശോധിക്കും. ഏറെക്കുറെ ഉറപ്പിച്ചാൽ കാത്തിരിക്കും.

സാമ്പിൾ : വിഷയത്തിൽ ഇടപെടുന്നതിന് സി പി ഐ നടത്തുന്ന മുന്നൊരുക്കത്തിൽ ഒന്നാണ് സാമ്പിൾ. പൂരത്തിനൊക്കെ നടക്കുന്ന സാമ്പിൾ വെടിക്കെട്ട് പോലെ ഒന്ന്. അതിനായി എ ഐ വൈ എഫ് , എ ഐ എസ് എഫ് , മഹിളാസംഘം , എ ഐ ടി യു സി , ജോയിന്റ് കൗൺസിൽ എന്നീ പോഷകങ്ങളിൽ ഒന്നിനെ കൊണ്ട് ഒരു പ്രസ്താവന ഇറക്കിക്കും. പ്രസ്താവനയിൽ സി പി എമ്മിനെയും പൊതുവിൽ സർക്കാരിനെയും വിമർശിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. പ്രസ്താവനയുടെ ഫലം എന്താവും ? കാത്തിരിക്കും …

സ്കാനിങ് മീഡിയ : പിറ്റേ ദിവസം ഇറങ്ങുന്ന പത്രങ്ങൾ ഈ പ്രസ്താവനയെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് കൂലംകക്ഷമായി പരിശോധിക്കും. ചാനലുകളിലെ റിപ്പോർട്ടർമാരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്താൻ പ്രത്യേകം ചില സമാരാധ്യ ദൂദന്മാർ ഉണ്ട്. കാര്യങ്ങൾ വിചാരിച്ച പോലെ പോയാൽ വാർത്തയിൽ ‘സർക്കാരിനെതിരെ ആഞ്ഞടിച്ച സി പി ഐയുടെ പോഷകന്റെ ശ്രദ്ധേയ നീക്ക’ത്തെ പൊലിപ്പിക്കും. (പാളിയാൽ പ്രസ്താവന ഇറക്കിയ ആളിനെ ഒന്ന് ശാസിച്ചു കോമ്പ്ലിമെൻറ്സ് ആക്കി വിടും)

ആഞ്ഞടിയുടെ നിമിഷങ്ങൾ : സംഗതി മാധ്യമങ്ങൾ ഏറ്റെടുത്താൽ പിന്നെ കാര്യങ്ങൾ എളുപ്പമാകും എന്ന് സി പി ഐക്ക് അറിയാം. ആസ്ഥാന സി പി എം വിരുദ്ധരായ കെ എം ഷാജഹാൻ, പിയേഴ്‌സൺ, ജയശങ്കർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രാത്രികാല ടെലിവിഷൻ ചർച്ച തൊഴിലാളികൾ സി പി ഐയെ പെറ്റമ്മ സ്നേഹിച്ചതിനേക്കാൾ സ്നേഹിക്കും. മുൻകാല എസ് എഫ് ഐ എന്നിടയ്ക്കിടെ ഉരുവിടുന്ന കടുത്ത കമ്മ്യുണിസ്റ് വിരുദ്ധരായ തലസ്ഥാനത്തെ ചില ജേർണലിസ്റ്റുകൾ കയ്യിൽ കിട്ടിയ വിവരങ്ങൾ വച്ച് സി പി ഐ ആഞ്ഞടിച്ചു എന്ന് അരമണിക്കൂർ ഇടവിട്ട് ടെലികാസ്റ്റ് ചെയ്യും. ഓരോ അഞ്ചു മിനിട്ടിലും സ്‌ക്രീനിനടിയിൽ എഴുതിയും കാണിക്കും. അതായത് വലിയ ചിലവില്ലാതെ പ്രതിഛായ പാകത്തിന് കുറുക്കിയെടുക്കാൻ സി പി ഐയെ നാട്ടുകാർ തന്നെ സഹായിക്കും.

തലേദിവസം കളി : നടക്കുന്ന സമരത്തിന് നാളെ ഫലമുണ്ടാകും എന്നുറപ്പായ രാത്രി… കല്യാണതലേന്ന് പോലെ ഒന്ന്. കളിയുടെ ആക്കം കൂട്ടും. പരമാവധി പരസ്യ പ്രസ്താവനകൾ ഇറക്കും. സാഹചര്യങ്ങളുടെ രാഷ്ട്രീയ ചരിത്രം എഴുതി ചാനലുകൾക്കും പത്രങ്ങൾക്കും നൽകും. എൽ ഡി എഫ് ഉണ്ടായതിന്റെ കഷ്ടപ്പാടിന്റെ ചരിത്രമൊക്കെ അതിൽ കാണും. ഫേസ്ബുക്ക് , വാട്സാപ്പ് സാഹിത്യം ഒഴുകിപ്പരക്കും. അപ്പൊ കാര്യം നാളെ ഉറപ്പാണ്… അല്ലെ ? ആയിരിക്കും. അങ്ങനെ ആശ്വസിച്ചു കാത്തിരിക്കും.

ഫലം അച്ചെട്ടാവുന്ന അസുലഭ മുഹൂർത്തം: ഇനി ഫല സിദ്ധിയാണ്. മൂന്നാർ , ലോ അക്കാദമി തുടങ്ങി ചാണ്ടി വരെയുള്ള വിഷയങ്ങളിൽ സംഭവിച്ചതും അത് തന്നെ. ഫലസിദ്ധിയുടെ അവകാശം സി പി ഐ സ്വന്തമാക്കുന്ന മുഹൂർത്തമാണ് ബാക്കിയുള്ളത്. മുൻകൂട്ടി ഫല സിദ്ധി ഏതാണ്ടുറപ്പിച്ചിരിക്കുന്നതിനാൽ അതും സംഭവിക്കും. നേരത്തെ ഉറപ്പിച്ച അന്തിചർച്ചയിൽ ജയശങ്കർ പിണറായി വിജയനെ തെറി പറയുന്നതോടെ സി പി ഐക്ക് സർട്ടിഫിക്കറ്റും അടിച്ചു കിട്ടും.

അഥവാ വിജയിച്ചില്ലങ്കിലും പരാജയ കാരണം മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തലയിൽ കെട്ടി വയ്ക്കാൻ കഴിയുമോ എന്ന് നോക്കും. സ്വന്തം പാർട്ടിയുടെ പ്രതിഛായ സംരക്ഷിക്കുന്നതും ഇനി അഥവാ ഇല്ലങ്കിൽ പുതുതായി ഉണ്ടാക്കുന്നതും ഒരു രാഷ്ട്രീയം തന്നെയാണ് എന്ന പാഠം സി പി ഐയിൽ നിന്നാണ് പഠിക്കേണ്ടത്.

തോമസ് ചാണ്ടിയുടെ രാജി നാളെ ഉണ്ടാകും എന്ന് കോടിയേരി ബാലകൃഷ്ണൻ തലേന്ന് രാത്രി തന്നെ കാനത്തെ അറിയിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും മാധ്യമപ്രവർത്തകർ വിശ്രമിക്കാനും ഉറങ്ങാനും പോയതിനാൽ തലേ ദിവസത്തെ കളിയുടെ ഫൈനൽ ലാപ്പ് അന്നത്തെ മന്ത്രിസഭാ യോഗ ദിവസത്തേക്ക് മാറ്റി വച്ചു എന്ന വ്യത്യാസം കാനം രാജേന്ദ്രൻ എന്ന ആ രാഷ്ട്രീയ അഭ്യാസിയുടെ അസാധാരണമായ കഴിവാണ്.

ജനയുഗത്തിലെ ചാണ്ടിയുടെ പരസ്യം

സർക്കാരിന്റെ റിപ്പോർട്ടുകളെ എതിർത്ത് ചാണ്ടിയുടെ റിസോർട്ട് നൽകിയ അരപ്പേജ് പരസ്യം ജനയുഗം പ്രസിദ്ധീകരിച്ച നടപടി വലിയ വിമർശനങ്ങൾക്ക് വിധേയമായ അതെ ദിവസം തന്നെയാണ് സമ്മേളന നഗരികളിൽ തനിക്കെതിരെയുള്ള ഒരു വാളായി അത് രൂപപ്പെടുന്ന കാര്യം കാനം രാജേന്ദ്രൻ തിരിച്ചറിയുന്നത്. തുടർച്ചയായി ജനയുഗത്തിന്റെ ഈ ‘പരസ്യ ‘ ഇരട്ടത്താപ്പ് ടെലികാസ്റ്റ് ചെയ്തിരുന്ന മാധ്യമങ്ങളുടെ തലച്ചോറിൽ നിന്ന് പോലും അത് മായ്ച്ചു കളഞ്ഞു കൊണ്ടാണ് പരസ്യ പ്രസ്താവനയുമായി കാനം ഇറങ്ങിയത്. അങ്ങനെ ഒരു ഇറക്കത്തിന് മാത്രമേ ചാണ്ടി – സി പി ഐ – ജനയുഗം ബന്ധത്തെ പാടെ ഉടച്ചു കളയാൻ കഴിയൂ എന്ന കാര്യം കാനത്തിന് അറിയാം എന്നതും ആ രാഷ്ട്രീയക്കാരന്റെ മറ്റൊരു വൈദഗ്ധ്യം ആണ്.

സി ദിവാകരനും കെ ഈ ഇസ്മായിലും ഇത്തവണയും സ്വാഹാ

സി പി ഐ സമ്മേളനം കൂടി കാനം രാജേന്ദ്രന്റെ ലക്ഷ്യമായിരുന്നു. ഒരൊറ്റ വെടി പക്ഷി പലത് . തലേന്ന് തന്നെ രാജിയുടെ കാര്യം മുൻകൂട്ടി കാനത്തെ അറിയിച്ചത് മുന്നണി മര്യാദ എന്നൊക്കെ പറഞ്ഞു സി പി എമ്മിന് സമാധാനിക്കാം എന്നെയുള്ളൂ. പ്രതിപക്ഷത്തിരുന്നപ്പോൾ കമ്മ്യുണിസ്റ് ജിഹ്വ ആയിരുന്ന വി എസ് സുനിൽ കുമാർ എവിടെ ? കാനം രാജേന്ദ്രനെതിർ ചേരിയിൽ കഴിഞ്ഞ സമ്മേളന കാലത്ത് യുവ തുർക്കികളുടെ നേതാവായിരുന്ന സുനിൽ കുമാർ ശക്തനായ കാനത്തിനോട് സന്ധി ചെയ്തിരിക്കുന്നു. അദ്ദേഹം മന്ത്രി ആയതും ഇപ്പോഴും അങ്ങനെ തുടരുന്നതും ഈ ഒത്തു തീർപ്പിലാണ്. വരുന്ന സമ്മേളന കാലം കൂടി സുനിൽ കുമാർ മുന്നിൽ കണ്ടിരിക്കണം. അവസരം മുതലാക്കിയ സി പി ഐക്ക് ഫേസ്ബുക്കിൽ നിറയുന്ന ലാൽസലാമിനൊപ്പം കാനം രാജേന്ദ്രൻ വരുന്ന സമ്മേളനത്തിൽ ഒരു വട്ടം കൂടി ഉറപ്പിക്കുമ്പോൾ കൊതിക്കെറുവുമായി ആഞ്ഞു വിളിച്ചോ ഇൻക്വിലാബ് എന്ന് സി ദിവാകരൻ ഇസ്മായിൽ സഖാവിനോട് പറയും.

cpm against cpi’s face lifting tactics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top