ഒരമ്മയും ഇനി ഇങ്ങനെ പൊട്ടിക്കരയരുത്, വാഹനാപകടത്തില്‍ മരിച്ച കൂടപ്പിറപ്പിനായി സഹോദരന്റെ ഒറ്റയാള്‍ പോരാട്ടം

അമിത വേഗതയില്‍ പോയ മുന്‍ എംഎല്‍എയുടെ വണ്ടിയോ, അതും അല്ലെങ്കില്‍ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടേയോ ആരുടേയെങ്കിലും കരുണ ഒന്ന് മതിയായിരുന്നു സച്ചിന്‍ ഇന്ന് ജീവിച്ചിരിക്കാന്‍. വിധിയെ പഴിച്ച് കണ്ണീരൊഴുക്കാനല്ല, മറിച്ച് തന്റെ അനിയന്റെ ജീവന്‍ കവര്‍ന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനാണ് ആറ്റിങ്ങള്‍ സ്വദേശി അക്ഷയുടെ ശ്രമം. അനിയന്‍ സച്ചിന്‍ മരണപ്പെട്ട് രണ്ടാം ദിവസം ഫെയ്സ് ബുക്കില്‍ അക്ഷയ് എഴുതിയ പോസ്റ്റിന് താഴെ നീതിയ്ക്കായി മുറവിളി കൂട്ടുന്ന ഒരു പറ്റം സാധാരണക്കാരുടെ ശബ്ദം ഉയര്‍ന്ന് കഴിഞ്ഞു.
അനിയന്റെ മരണശേഷം അക്ഷയ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇതാണ്
രണ്ട് ദിവസം മുൻപ് എന്റെ അനിയൻ ഒരു ബൈക്ക് ആക്സിഡന്റിൽ മരിച്ചു . കറച്ചു മനസ്സാക്ഷി ഇല്ലാത്തവർ ചേർന്ന് അവനെ ഞങ്ങളുടെ അടുത്ത് നിന്നും പറിച്ചു മാറ്റിയതാണ്. ,മുൻ എംഎല്‍എ ശരത് ചന്ദ്ര പ്രസാദിന്റെ കാറ് വന്ന് ഇടിക്കുക ആയിരുന്നു.
ഇടിച്ച കാർ നിർത്തി എംഎല്‍എ ഇറങ്ങി ചോര വാർന്നു റോഡിൽ കിടക്കുന്ന അവരെ നോക്കുകയും എന്നാൽ അവരെ ഹോസ്പിറ്റലിൽ എത്തിക്കാനോ മറ്റൊ നോൽക്കാതെ അവടന്ന് കടന്നു കളയുകയായിരുന്നു. പുറകിൽ നിന്നും വരുക ആയിരുന്ന അനിയന്റെ സുഹൃത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന ഇവരെ കാണുകയും പെട്ടന്ന് ഒരു ഓട്ടോ മാത്രമേ അവനു കിട്ടിയുള്ളൂ. അതിൽ അവരെ 2പേരയും എടുത്ത്
അടുത്തുള്ള വർക്കല_മിഷൻ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കുക ആയിരുന്നു. എന്നാൽ ഓട്ടോയിൽ വെച്ചു തന്നെ അവന്റെ സുഹൃത്തായ ബാസിൽ മരിച്ചു. എന്റെ അനിയനെ വർക്കല മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചു എന്നാൽ അവനെ പെട്ടന്ന് തന്നെ എതങ്കിലും വലിയ ഹോസ്പിറ്റലിൽ മാറ്റണം എന്ന് ഡോക്ടർ നിർദ്ദേശിച്ചു എന്നാൽ ഹോസ്പിറ്റൽ അധികാരികൾ 4000 രൂപ അടക്കാതെ അവിടന്നു വിട്ടു തരില്ല എന്ന് പറഞ്ഞു. അവനെ ഹോസ്പിറ്റലിൽ എത്തിച്ച പയ്യന്റെ കയ്യിൽ പൈസ ഒന്നും ഇല്ലായിരുന്നു അവൻ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ബൈക്കിന്റെ ചാവിയും കൊടുത്തിട്ടും അവിടത്തെ സ്റ്റാഫ് സമ്മതിച്ചില്ല. ഏതാണ്ട് ഒരു മണിക്കൂറോളം അവടെ കിടന്നു അതിനു ശേഷം കാര്യം അറിഞ്ഞു ഞാനും അച്ഛനും ഹോസ്പിറ്റലിൽ എത്തി പൈസ അടച്ചു. ആദ്യം ഇറക്കിയ ആംബുലൻസ് ഓക്സിജൻ നിറച്ചില്ല എന്ന് പറഞ്ഞു പിന്നു 10 മിനിറ്റ് താമസിച്ചു.
അവിടെന്നു തിരുവനന്തപുരം അനന്തപുരിയിൽ എത്തിചെങ്കിലും അവര്ക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരുന്നു ഡോക്ടർമാർ പറഞ്ഞു ഒരു അരമണിക്കൂർ മുൻപ് വന്നിരുന്നെങ്കിൽ എന്തകിലും ചെയ്യാമായിരുന്നെന്നു ഇടിച്ചിട്ട വണ്ടികാരനോ,വർക്കല മിഷന് ഹോസ്പിറ്റലിലെ അധികാരികളോ കുറച്ചു ദയ കാണിച്ചിരുന്നുവെങ്കിൽ അവൻ ഇന്നും എന്റെ കൂടെ ഉണ്ടാകുമായിരുന്നു. ഒരു അമ്മയ്ക്കും പൊട്ടി കരയേണ്ടി വരില്ലായിരുന്നു . എന്റെ അനിയനും വന്ന പോലെ ഇനി ആര്ക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്.
ഇതായിരുന്നു അക്ഷയുടെ പോസ്റ്റ്…
നവംബര്‍ ഏഴിന് വൈകിട്ട് ആറരയോടെയാണ് അക്ഷയുടെ സഹോദരന്‍ സച്ചിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുന്നത്.പുന്നമൂട് ജംഗ്ഷനിലായിരുന്നു സംഭവം. അപകടം നടന്നതിന് തൊട്ട് പിന്നാലെയെത്തിയ ഇവരുടെ കൂട്ടുകാര്‍ത്തന്നെയാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിക്കുന്നത്. പരിക്കേറ്റ് ചോരവാര്‍ന്ന് കിടന്ന ഇരുവരേയും ആദ്യം ഓട്ടോയില്‍ കയറ്റി താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സച്ചിന് ഒപ്പം ഉണ്ടായിരുന്ന ബാസില്‍ മരിച്ചു. താലൂക്ക് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സിലാണ് സച്ചിനെ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചത്. ഏഴുമണിയോടെ ആശുപത്രിയിലെത്തിച്ച സച്ചിന് ഫസ്റ്റ് എയ്ഡ് നടത്തുന്നത് ഇവിടെ നിന്നാണ്. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ വേറെ ആശുപത്രിയിലേക്ക് മാറ്റാന്‍ വര്‍ക്കല മിഷന്‍ ആശുപത്രി അധികൃതര്‍ തന്നെയാണ് കൂട്ടുകാരോട് പറഞ്ഞത്. എന്നാല്‍ നാലായിരം രൂപ അടച്ചാല്‍ മാത്രമേ കൊണ്ട് പോകാന്‍ സാധിക്കൂ എന്നാണ് അവര്‍ അറിയിച്ചത്. പൈസ പിന്നീട് എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ലെന്ന് അക്ഷയ് പറയുന്നു. മൊബൈലും ബൈക്കിന്റെ താക്കോലും ‘ഈടാ’യി വാങ്ങിയ അധികൃതര്‍ ഫസ്റ്റ് എയിഡിന്റെ പണം കൂടി അടയ്ക്കണമെന്നാണ് പിന്നീട് അറിയിച്ചത്. ഒരു മണിക്കൂറിന് ശേഷം എട്ട് മണിയോടെ അക്ഷയും പിതാവും എത്തി പണം അടച്ച ശേഷമാണ് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിച്ചത്. എന്നാല്‍ സച്ചിനെ ആംബുലന്‍സില്‍ കയറ്റുന്നതിന് തൊട്ട് മുമ്പാണ് ഇതില്‍ ഓക്സിജന്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പത്ത് മിനുട്ടോളം എടുത്ത് ഓക്സിജന്‍ നിറച്ചാണ് സച്ചിനേയും കൊണ്ട് അക്ഷയ്ക്ക് അനന്തപുരി ആശുപത്രിയില്‍ എത്തിച്ചേരാനായത്.
ആശുപത്രി അധികൃതരുടെ കൃത്യവിലോപത്തില്‍ പ്രതിഷേധിച്ച് വര്‍ക്കല ആശുപത്രിയിലേക്ക് സച്ചിന്റെ സുഹൃത്തുകള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പോലീസ് അടിച്ചമര്‍ത്തിയെന്നും തനിയ്ക്കടക്കം പോലീസ് ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റെന്നും അക്ഷയ് പറയുന്നു. മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി കനിവിനായി കാത്തിരിക്കുകയാണ് സച്ചിന്റെ കുടുംബം. വര്‍ക്കല എസ്എന്‍ കോളേജിലെ രണ്ടാം വര്‍ഷ എക്കണോമിക്സ് വിദ്യാര്‍ത്ഥിയായിരുന്നു സച്ചിന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here