Advertisement

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് സ്ഥാനം; അവകാശ വാദവുമായി ഉമ്മൻചാണ്ടി ബ്രിഗേഡും രംഗത്ത്

2 hours ago
Google News 2 minutes Read

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ച് ഉമ്മൻചാണ്ടി ബ്രിഗേഡും രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളത്തെ പ്രസിഡന്റ് ആക്കണമെന്നാണ് ആവശ്യം. സംസ്ഥാന കമ്മിറ്റിയിൽ നിന്നല്ല നിയമനമെങ്കിൽ കെ എം അഭിജിത്തിനെ സംസ്ഥാന പ്രസിഡൻ്റ് ആക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. 27 ഭാരവാഹികൾ ദേശീയ നേതൃത്വത്തിന് അയച്ച കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

ചാണ്ടി ഉമ്മനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഉമ്മൻചാണ്ടി ബ്രിഗേഡ്. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ചു് ഒറ്റയ്ക്ക് മത്സരിച്ച എ വിഭാഗമാണ് ഉമ്മൻചാണ്ടി ബ്രിഗേഡ്. കെ എം അഭിജിത്തിന് പരിപൂർണ്ണ പിന്തുണയെന്ന് ഉമ്മൻചാണ്ടി ബ്രിഗേഡ് വ്യക്തമാക്കിയിട്ടുണ്ട്. അശ്ലീല സന്ദേശ വിവാദത്തിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് അടുത്ത അധ്യക്ഷ സ്ഥാനത്തിനായുള്ള പിടിവലിയും നടക്കുന്നത്.

Read Also: ‘രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ കൂടി കേൾക്കണം, വിശദീകരണം വരേണ്ടതുണ്ട്’; കോൺഗ്രസ് നേതാക്കൾ

അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലാ പ്രസിഡൻ്റുമാരുൾപ്പെടെ 40 സംസ്ഥാന ഭാരവാഹികൾ എ.ഐ.സി.സിക്ക് കത്തയച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സമാന സാഹചര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അബിൻ വർക്കിക്കായുള്ള സമ്മർദം. സ്വാഭാവിക നീതി ലംഘിക്കരുതെന്നതാണ് ആവശ്യം. നിലവിലെ ഭാരവാഹികൾക്ക് പുറത്തുനിന്ന് അധ്യക്ഷൻ വേണ്ടെന്നും ഇവർ വാദിക്കുന്നു. അങ്ങനെയുണ്ടെങ്കിൽ രാജി ഭീഷണി ഉൾപ്പടെ മുഴക്കാനും അബിൻ വർക്കി പക്ഷം ആലോചിക്കുന്നുണ്ട്.

കേരളത്തിൽ തർക്കം ഉണ്ടായാൽ താൽക്കാലിക ചുമതല ബിനു ചുള്ളിയിലിന് നൽകാനും ആലോചനയുണ്ട്. കെഎം അഭിജിത്തിനായുള്ള നീക്കവും ഇപ്പോഴും അണിയറയിൽ സജീവമാണ്. അരിതാ ബാബുവിനെ ഉയർത്തിക്കാട്ടി വനിതാ പ്രവർത്തകരും സമ്മർദം ശക്തമാക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപനം നടത്താമെന്ന നിലപാടാണ് ഇപ്പോൾ നേതൃത്വത്തിനുള്ളത്.

Story Highlights : Oommen Chandy brigade demands Youth Congress state president post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here