പത്മാവതിയുടെ റിലീസ് മാറ്റി

സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതിയുടെ റിലീസ് മാറ്റി. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീയ്യതി നിശ്ചയിച്ചിരുന്നത്. പുതിയ റിലീസ് തീയ്യതി എന്നാണെന്ന് അറിവായിട്ടില്ല. ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കണമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കേണ്ടതുണ്ട്. ‘പത്മാവതി’ പോലൊരു സിനിമ ഈ സമയത്ത് റിലീസ്‌ചെയ്യുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്നും സുരക്ഷ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും കാണിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനാണ് യുപി ആഭ്യന്തര സെക്രട്ടറി കത്തയച്ചത്.
രജപുത്ര ചരിത്രത്തിലെ ധീരവനിതയായ പത്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമ എന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ രംഗത്തുവന്നത്. അലാവുദീന്‍ ഖില്‍ജി 1303-ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്റെ കഥയാണ് ബന്‍സാലിയുടെ പുതിയ സിനിമ പറയുന്നത്. റാണാ റാവല്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും സിനിമയിലുണ്ടെന്നും ഇത് ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ ഭീഷണികള്‍ ഉയരുന്നത്.
സിനിമയില്‍ പത്മാവതിയായി അഭിനയിച്ച ദീപികാ പദുകോണിന്റെ മൂക്ക് ചെത്തുമെന്ന് രജപുത്രരുടെ സംഘടനായ കര്‍ണിസേന പ്രഖ്യാപിച്ചിരുന്നു. ദീപികയുടെയും ബന്‍സാലിയുടെയും തലയറക്കുന്നവര്‍ക്ക് അഞ്ചുകോടിരൂപ നല്‍കുമെന്ന് ഉത്തര്‍പ്രദേശിലെ ഒരു ഠാക്കൂര്‍ നേതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നും ചിത്രത്തില്‍ ഇല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണ സ്ഥലം കര്‍ണി സേന തകര്‍ത്തിരുന്നു. പിന്നീട് മസായി പീഠ ഭൂമിയില്‍ കൂറ്റന്‍ സെറ്റിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമ പ്രദര്‍ശനത്തിനെത്തുമ്പോള്‍ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ചലച്ചിത്രസംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here