Advertisement

ആ പാട്ടിലെ താരങ്ങൾ ഇവരാണ്; പ്രേംനസീറല്ല

November 19, 2017
Google News 1 minute Read

അരവിന്ദ് വി

ഇതൊരു അപൂർവ്വ ചിത്രമാണ്. ഏറെ ആസ്വദിച്ച ‘ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു…’ എന്ന മനോഹര ഗാനം ടെലിവിഷനിൽ കാണുമ്പോഴെല്ലാം എന്തിനാണ് പ്രേംനസീറും ആ നായികയും കൂടി ഇത്രയും പ്രണയപരവശരായി ഈ പാട്ടിനു ചുണ്ടുകൾ ചലിപ്പിക്കുന്നതെന്ന് ആലോചിക്കും. സി ഐ ഡി നസീർ സീരീസിലെ ഡെയ്ഞ്ചർ ബിസ്‌കറ്റ് എന്ന 1969 ലെ സിനിമയിലെ പാട്ടിൽ നസീറിന്റെ ചില നിഗൂഢ ഭാവങ്ങളും മിന്നിമറയുന്നുണ്ട്. പക്ഷെ പാട്ടിന്റെ സാഹിത്യവുമായി ഈ ദൃശ്യങ്ങൾക്കൊന്നും ഒരു ബന്ധവുമില്ല. സിനിമയിലെ കഥാസന്ദർഭങ്ങളുമായി ഈ ഗാനത്തെ കോർത്തിണക്കാൻ സമർത്ഥനായ സംവിധായകന് ചിലപ്പോൾ അന്ന് കഴിഞ്ഞിട്ടുണ്ടാകാം. പക്ഷെ വരികളും ഈണവും ആലാപനവും കാലങ്ങളെ അതിജീവിക്കുമ്പോൾ വരികളിലെ സാഹിത്യത്തോട് രംഗങ്ങൾ നീതിപുലർത്തുന്നില്ല.

മലയാളത്തിന്റെ ക്ലാസിക് കലാകാരന്മാരെ അക്ഷരപൂജയിലൂടെ സ്മരിക്കുന്ന വരികൾ…! സ്വന്തം ഗ്രാമമായ ഹരിപ്പാടിന്റെ പരിസരങ്ങളെ സമ്പന്നമാക്കിയ കലാകാരന്മാരെ എക്കാലവും മലയാളികൾ ഓർത്ത് വയ്ക്കുക എന്ന മനസ്സോടെ ആയിരിക്കണം അനുഗ്രഹീത കവി ശ്രീകുമാരൻ തമ്പി ഈ വരികൾ എഴുതിയത്.

”കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി…
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു…
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ ഉത്തരയായി…”

അപൂർവ്വമായ ഈ ചിത്രത്തിലുണ്ട് ഈ ഗാനത്തിന്റെ അവകാശികളായ യഥാർത്ഥ ഹീറോസ്. പള്ളിപ്പുറം ഗോപാലൻ നായർ , ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, ഗുരു ചെങ്ങന്നൂര്‍ രാമൻപിള്ള, അമ്പലപ്പുഴ രാമവർമ്മ, മാങ്കുളം വിഷ്ണുനമ്പൂതിരി, മങ്കൊമ്പ് ശിവശങ്കരപ്പിള്ള… ഒപ്പം എല്‍ പി ആർ വർമ്മയും …

uthara swayamvaram real heroes

ഈ ചിത്രം നിങ്ങൾ സൂക്ഷിച്ചു വയ്ക്കണം. ‘ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു…’ എന്ന ഗാനം നിങ്ങൾ കേട്ടാസ്വദിക്കൂ. പക്ഷെ അത് ടി വി യിൽ വന്നാൽ ഈ ചിത്രം നിങ്ങൾ എടുത്തു നോക്കണം… ഈ നായകരെ! ഇവരെ വരികളിലൂടെ അനശ്വരരാക്കിയ ശ്രീകുമാരൻ തമ്പി സാറിന്റെ യഥാർത്ഥ ഉദ്ദേശം അങ്ങനെ സാധ്യമാകട്ടെ !

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here