ഒരു മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവം; വാഷിംഗ്ടണില്‍ ഇന്ത്യന്‍ വംശജന്‍ പിടിയില്‍

ഒരു മാസം പ്രായമായ കുഞ്ഞിനെ കാറിന്റെ പിന്‍സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വാഷിംഗ്ടണില്‍ കുട്ടിയുടെ അച്ഛനായ ഇന്ത്യന്‍ വംശജന്‍ പോലീസ് പിടിയില്‍. കണക്ടികട്ടിലെ റോക്കി ഹില്ലിലുള്ള ദിവ്യ പട്ടേലാണ് അറസ്റ്റിലായത്. കുട്ടിയുടെ ആരോഗ്യനില തകരാറാണെന്ന് അറിഞ്ഞിട്ടും വൈദ്യസഹായം നല്‍കാന്‍ വൈകിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കുഞ്ഞിന്റെ ആരോഗ്യനില തകരാറിലാണെന്ന് അറിയിച്ച് നവംബര്‍ 18നാണ് കുഞ്ഞിന്റെ അമ്മ അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പരായ 911ലേക്ക് വിളിക്കുന്നത്. കുട്ടി ഭര്‍ത്താവിനൊപ്പം പുറത്ത് പോയിരിക്കുകയാണെന്നും കാറില്‍ ഒരു പാര്‍ക്കിംഗ് ഏരിയയിലാണുള്ളതെന്നും കുട്ടിയുടെ അമ്മ അറിയിച്ചിരുന്നു. ഇതനുസരിച്ച് മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയെങ്കിലും കുട്ടിയെയും പട്ടേലിനെയും കണ്ടെത്താനായില്ല.
തുടര്‍ന്ന് സംഘം പട്ടേലിന്റെ മൊബൈലില്‍ വിളിച്ചെങ്കിലും സഹകരിക്കാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മുപ്പത് മിനുട്ടിന് ശേഷം പട്ടേലിന്റെ വീട്ടിലെത്തിയ മെഡിക്കല്‍ സംഘം കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കണക്ടികട്ടിലെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞിട്ടും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ പട്ടേല്‍ തയ്യാറായില്ലെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഇതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here