ബിജെപി എം പി രാജീവ് ചന്ദ്ര ശേഖറിന്റെ ഭൂമി കയ്യേറ്റം; നടപടി തുടങ്ങി

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന് ഓഹരി പങ്കാളിത്തമുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് കായല്‍ പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ നപടിയ്ക്കൊരുങ്ങി റവന്യൂ വകുപ്പ്. കുമരകം വില്ലേജ് ബ്ലോക്ക് നമ്പര്‍ 11 ഉള്‍പ്പെട്ട കായല്‍ പുറമ്പോക്ക് 0.44 ചതുരശ്ര.മീറ്ററും 0.50 ചതുരശ്ര.മിറ്റര്‍ വസ്തുക്കളും ബ്ലോക്ക് 10 ല്‍ പെടുന്ന റിസര്‍വ്വെ 302/ 1 ല്‍ പെട്ട തോട്, പുറമ്പോക്കില്‍ പെടുന്ന 2.17 ആര്‍ എന്നീ ഇടങ്ങളാണ് കയ്യേറിയതെന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വ്യക്തമാക്കിയത്. ഇത് ഏതാണ്ട് ഏഴര സെന്റോളം വരും.
കയ്യേറ്റം സംബന്ധിച്ച കൃത്യമായ കണക്ക് കുമരകം പഞ്ചായത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ ഈസ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്. കുമരകം പഞ്ചായത്ത് സെക്രട്ടറിയാണ് കയ്യേറ്റം സംബന്ധിച്ച പരാതി നല്‍കിയത്. വേമ്പനാട് കായല്‍ പുറമ്പോക്കുഭുമിയും തോടുമാണ് നിരാമയ റിസോര്‍ട്ട് അധികൃതര്‍ കയ്യേറിയത്. ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കണമെന്ന് കാണിച്ച് അടുത്ത ദിവസം തന്നെ റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിരുന്നു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ച് നീക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്. ആരോപണമുള്ള കുമരകത്തെ റിസോര്‍ട്ട് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയും ഭൂമിയില്‍ കൊടികുത്തുകയും ചെയ്തിരുന്നു.
ഒരു വർഷം മുൻപ് റവന്യു വകുപ്പ് സ്ഥലപരിശോധന നടത്തി കയ്യേറ്റമുണ്ടെന്ന റിപ്പോർട്ട് പഞ്ചായത്തിനു നൽകിയിരുന്നു. ഇത് പരാമര്‍ശിക്കാതെ റവന്യൂ വകുപ്പിന് മേല്‍ പഴിചാരിയതോടെയാണ് വീണ്ടും റവന്യൂ ഉദ്യോഗസ്ഥരെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.
ബിജെപിയും എംപിയും വ്യാവസായിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ് ദേശീയ ചാനലായ റിപ്പബ്ലിക്കും ഏഷ്യാനെറ്റ് വാര്‍ത്താ ശൃംഗലയും പ്രവര്‍ത്തിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here