ഓഖി വിവാദം; സര്‍ക്കാരിനെ പിന്തുണച്ച് അല്‍ഫോന്‍സ് കണ്ണന്താനം

ഓഖി ചുഴലിക്കാറ്റ് വിവാദത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്. സംസ്ഥാനത്തെ കേന്ദ്രം വിവരം അറിയിച്ചത് നവംബര്‍ 30ന് പന്ത്രണ്ട് മണിയോടെയാണ്. കാറ്റിന്റെ ഗതിയെകുറിച്ച് അവ്യക്തതകള്‍ ഉണ്ടായിരുന്നുവെന്ന് കണ്ണന്താനം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.. ഓഖി ദുരന്തവും തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചേര്‍ന്ന ഉന്നതലയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കണ്ണന്താനം.
കഴിഞ്ഞ 30ന് പകല്‍ 12നാണ് ചുഴലിക്കാറ്റ് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ഇതിനുമുന്‍പുള്ള ദിവസങ്ങളില്‍തന്നെ നിരവധി കപ്പലുകള്‍ മത്സ്യബന്ധനത്തിന് കടലിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അവര്‍ക്ക് കൃത്യമായൊരു മുനറിയിപ്പ് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ഔദ്യോഗികമായി നല്‍കിയ മുന്നറിയിപ്പുകളുടെ വിവരങ്ങള്‍ ഞാന്‍ പരിശോധിച്ചു. വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് കാറ്റ് പോകുമെന്നായിരുന്നു മുന്നറിയിപ്പുകള്‍. എന്നാല്‍ ചുഴലിക്കാറ്റിന്‍റെ ഗതിമാറ്റം കൃത്യമായി പ്രവചിക്കാന്‍ സാധിച്ചില്ല. മുന്നറിയിപ്പ് ലഭിച്ചശേഷം എല്ലാവരുടെയും സഹകരത്തോടെ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനവും തെരച്ചിലുംനടന്നിട്ടുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുമെന്നും കണ്ണന്താനം പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സംസ്ഥാനം അത് അവഗണിക്കുകയായിരുന്നുമെന്നുമുള്ള കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പടെയുള്ളവരുടെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പിക്കുകയാണ് കണ്ണന്താനത്തിന്‍റെ വാക്കുകള്‍.
ഇതേസമയം ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അത്തരമൊരു പദ്ധതി കേന്ദ്രത്തിനില്ല. സംസ്ഥാനത്തിന് ആവശ്യമായ പണം കേന്ദ്രം നല്‍കുമെന്നും കണ്ണന്താനം പറഞ്ഞു.
എല്ലാവരുമായും സഹകരിച്ച് ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു ദിവസം മാത്രം 395 പേരെ രക്ഷിക്കാനായി. എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇത്രയും പേരെ രക്ഷിക്കാനായത്. ഇതേ ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനം തുടരും. രക്ഷാപ്രവര്‍ത്തനത്തില്‍ തീരത്തെ മത്സ്യത്തൊഴിലാളികളെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here