പരീക്ഷ ഒഴിവാക്കാൻ എട്ടാംക്ലാസ് വിദ്യാർത്ഥിയുടെ തട്ടിക്കൊണ്ടുപോകൽ നാടകം; പോലീസ് വട്ടം കറങ്ങിയത് മണിക്കൂറുകളോളം

ഇംഗ്ലീഷ് പരീക്ഷയെഴുതുന്നത് ഒഴിവാക്കാൻ വിദ്യാർത്ഥി മെനഞ്ഞ തട്ടിക്കൊണ്ടുപോകൽ നാടകം പൊലീസിനെ വട്ടംകറക്കിയത് മണിക്കൂറുകളോളം. എടനീരിലെ ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് തട്ടിക്കൊണ്ടുപോകൽ നാടകം മെനഞ്ഞത്.
ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയുമായി പിതാവ് വിദ്യാനഗർ പോലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയുടെ ഷർട്ട് കീറിപ്പറിഞ്ഞ് ദേഹത്ത് ബ്ലെയ്ഡുപയോഗിച്ച് പോറലേൽപ്പിച്ച നിലയിലായിരുന്നു. സ്‌കൂളിന് സമീപത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോകുന്നതിനിടെ വെളുത്ത വാനിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടു പോയെന്നും ആദൂർ ഭാഗത്തെത്തിയപ്പോൾ ചാടിയിറങ്ങി രക്ഷപ്പെട്ടതാണെന്നുമാണ് പോലീസിനോട് പറഞ്ഞത്.
രണ്ടുപേരിലൊരാൾ ജീൻസും കറുത്ത ടീ ഷർട്ടും രണ്ടാമത്തെയാൾ ലുങ്കിയും ഷർട്ടുമാണ് ധരിച്ചിരുന്നത്. ചെർക്കള ഭാഗത്തേക്കാണ് വാൻ ആദ്യം പോയത്. ഫോണിലൂടെ ആളെ കിട്ടിയിട്ടുണ്ടെന്ന് ഇതിലൊരാൾ ആരോടോ പറഞ്ഞപ്പോൾ പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് മറുപടി ലഭിച്ചു. ഇതേത്തുടർന്ന് ആദൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. വാനിൽവെച്ചാണ് ബ്‌ളെയ്ഡ് ഉപയോഗിച്ച്
മുറിവേൽപ്പിച്ചത് കുട്ടി വിശദീകരിച്ചു.
ആദൂരിനടുത്തെത്തിയപ്പോൾ അക്രമികളുടെ കൈയിൽ കടിച്ച് പുസ്തകമടങ്ങിയ ബാഗും ചെരിപ്പും വാനിലുപേക്ഷിച്ച് രക്ഷപ്പെട്ടതായും സമീപത്തെ ബന്ധുവീട്ടിലെത്തിയ കുട്ടി പറഞ്ഞു. ബന്ധുവീട്ടിൽനിന്നാണ് പിതാവിനെ വിളിച്ച് തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞത്. പിതാവ് ആദൂരിലെത്തി കുട്ടിയുമായി സ്‌കൂളിലെത്തി പ്രിൻസിപ്പലിനെ അറിയിച്ചു.
വിദ്യാനഗർ സി.ഐ. ബാബു പെരിങ്ങേത്ത്, എസ്.ഐ. കെ.പി.വിനോദ്കുമാർ എന്നിവരുടെ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊപോകൽ നാടകം പൊളിഞ്ഞത്. കുട്ടിയുടെ ദേഹത്ത് സ്വയം മുറിവേൽപ്പിക്കാവുന്ന ഭാഗങ്ങളിൽ മാത്രമാണ് പരിക്കുണ്ടായിരുന്നത്. നുണപരിശോധന വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞപ്പോഴാണ് സത്യം പറഞ്ഞത്. ആദൂരിലെ വിജനമായ സ്ഥലത്ത് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ബാഗും ചെരുപ്പും കുട്ടിയുമായെത്തി വിദ്യാനഗർ എസ്.ഐ. കെ.പി.വിനോദ്കുമാർ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here