24
Jul 2021
Saturday

നിർഭയം പെൺമ

women
‘ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ട്’.മൂന്ന് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഒരു മലയാള സിനിമയിലെ നായക കഥാപാത്രം ക്ലൈമാക്‌സ് രംഗത്തിൽ പറയുന്ന ഡയലോഗാണിത്.അന്ന് തിയേറ്ററുകളിൽ ആ ഡയലോഗിനെ കൈയ്യടികളോടെ വരവേറ്റവരുടെ ഇടയിലാണ് നിർഭയയും സൗമ്യയും ജിഷയുമൊക്കെ ജീവനറ്റ് കിടന്നത്…പിച്ചി ചീന്തപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയിൽ അവശേഷിച്ചവർ വേറെയും.പെറ്റ് വീണത് ഒരു പെണ്ണിന്റെ ഉദരത്തിൽ നിന്നാണെന്ന് പോലും ഓർക്കാത്ത നരാധമൻമാർക്കിടയിൽ ഞെരിഞ്ഞമരുന്ന പെണ്മയോളം മനുഷ്യമനസ്സുകളെ അസഹ്യപ്പെടുത്തുന്ന മറ്റൊന്നുമില്ല.അമീറുളിനെ പോലുള്ളവർ തൂക്കുകയറിലേറുമ്പോൾ ആത്മസംതൃപ്തിയിൽ മുഴുകുക എന്നതിനപ്പുറം മറ്റൊന്നും നമ്മുടെ കടമയല്ലെന്ന് നാം നമ്മെ തന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.പുരുഷനോളം വളരണമെന്ന് അവളൊന്ന് ശഠിച്ചാൽ അതെല്ലാം മഹാപാതകങ്ങളാണ് നമുക്ക്.അതിന് ചില കാരണങ്ങളുമുണ്ട്.
പെണ്മയുടെ ചില വഴികൾ തുറന്ന് കൊടുക്കാനും ആ വഴികളിലേക്ക് അവരെ സ്വാതന്ത്ര്യത്തോടെ വിടാനും ഭയമാണ് പുരുഷന്.അത് അവൾ ഉയരങ്ങളിലേക്ക് പറക്കുന്നതിൽ അവന് ഖേദമുണ്ടായിട്ടല്ല…മറിച്ച് വഴിയിൽ പതിയിരിക്കുന്ന ഒളിയമ്പുകളെ അവൾക്ക് നേരിടാൻ കഴിയില്ലെന്ന് അവന് ബോദ്ധ്യമുള്ളതുകൊണ്ടാണ്.അമീറുളും ഗോവിന്ദചാമിയുമൊക്കെ ആവർത്തന സാധ്യതയുള്ള ദുരന്തങ്ങളാണെന്ന് അവനറിയാം.അതിനിടയിലേക്ക് സ്വന്തം ഭാര്യയേയും മകളേയും തള്ളിവിടാൻ കഴിയാത്തത് അവന്റെ നിസ്സഹായതയാകാം…പെണ്മയുടെ സ്വാതന്ത്ര്യം നിഹനിക്കപ്പെടുന്നതിൽ അവൻ പലപ്പോഴും കാരണമാകുന്നത് അങ്ങനെയാണ്.കപാലികൻമാർ അരങ്ങ് വാഴുന്നിടത്തോളം അത്തരക്കാർ തൂക്കപ്പെടുന്നത് കണ്ട് കൈയ്യടിക്കാനും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ട് ആഘോഷിക്കാനുമേ നമുക്ക് കഴിയൂ.ഇന്നലെ കണ്ടതും അത്തരം കാഴ്ചകളാണ്.പെരുമ്പാവൂർ ജിഷ വധക്കേസിലെ വിധിയെ രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും സാധാരണ ജനങ്ങളും വരവേറ്റതും അത്തരത്തിലാണ്.അതിനുമപ്പുറം എല്ലാവരും നിസ്സഹായരാണ്.
ഒരു സമൂഹം മുഴുവൻ നോക്കുകുത്തികളാകുന്ന അവസ്ഥ…
ആർഷ ഭാരത സംസ്‌കാരം മുതൽക്കേ ദേവീ ബിംബങ്ങളോളം ഉന്നതിയിൽ വാഴ്ത്തപ്പെട്ടവരാണ് കാലങ്ങൾക്കിപ്പുറം സ്വന്തം വീടുകളിലും പാതയോരങ്ങളിലും പിച്ചി ചീന്തപ്പെടുന്നത്.മാറേണ്ടത് സമൂഹമാണ്…കാമവെറി തീർക്കേണ്ട ഉപഭോഗ വസ്തുവിനപ്പുറം മുലപ്പാലിന്റെ അമ്മ മാധുര്യമാണ് ഓരോ പെണ്ണുമെന്ന തിരിച്ചറിവ് സമൂഹത്തിൽ ഉടലെടുക്കാത്ത കാലത്തോളം ഇരകളുടെ എണ്ണം കൂടുക തന്നെ ചെയ്യും…
സ്വാതന്ത്ര്യത്തോടെയും ഭയമില്ലാതെയും അവൾക്ക് കയറി ചെല്ലാവുന്ന പെണ്ണിടങ്ങൾ ശുഷ്‌കമായി തുടരും…
ചിന്തിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും അവളുടെ സഞ്ചാര ലോകത്തെ കുറിച്ചാണ്.പക്ഷേ നമ്മൾ ചർച്ച ചെയ്തത് മറ്റ് പലതിനെ കുറിച്ചുമാണ്.ഒരു പെണ്ണെങ്ങാനും പീഢിപ്പിക്കപ്പെട്ടാൽ നമ്മൾ ആദ്യം അന്വേഷിക്കുന്നത് ആ കുട്ടി ധരിച്ച വസ്ത്രത്തിന്റെ നീളവും ആ കുട്ടി പുറത്തിറങ്ങിയ സമയവുമൊക്കെയാണ്.ജിഷ വധക്കേസിന്റെ വിധി പ്രഖ്യാപനത്തിന് മുൻപും പിൻപും ഇത്തരത്തിലൊരു സ്ട്രാറ്റജി മലയാളികൾ പുറത്തെടുത്തു.ജിഷയുടെ അമ്മ രാജേശ്വരിയുടെ പേരും പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടന്നത്.രാജേശ്വരിയിൽ അടിമുടി വന്ന മാറ്റങ്ങളെ എല്ലാവരും ചോദ്യം ചെയ്തു.അവർ മുടി ഡൈ ചെയ്തതും തിളങ്ങുന്ന മാല ധരിച്ചതുമൊക്കെ മലയാളികൾ ചോദ്യം ചെയ്തു.അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് വിമർശിക്കാനും മലയാളി മറന്നില്ല.സ്വീകരിക്കേണ്ട നിലപാടുകളിൽ വിമർശകർക്ക് വ്യതിചലനം സംഭവിച്ചു.സ്വന്തം സ്വപ്‌നങ്ങൾ നേടിയെടുക്കാൻ അഹോരാത്രം പ്രയത്‌നിച്ച ഒരു പെൺകുട്ടിയെ പിച്ചി ചീന്തിയവനെ പലരും വിസ്മരിച്ച നിമിഷങ്ങൾ…
ചിന്താഗതികളിൽ മാറ്റം വരാത്തിടത്തോളം ഓരോ പെണ്ണും നാല് ചുവരുകൾക്കിടയിൽ തളച്ചിടപ്പെട്ടുകൊണ്ടേയിരിക്കും
കഥയറിയാതെ ആടുന്നവരെ പോലെ നാം അർത്ഥമില്ലാത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കും…

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top