Advertisement

വെള്ളത്തിൽ വരച്ച കോടികളുടെ അഴിമതി; ഈ കടൽക്കൊള്ളക്കാരെ കയ്യാമം വയ്ക്കണം

December 20, 2017
Google News 4 minutes Read

24 ന്യൂസ് എക്‌സ്‌ക്ലൂസീവ്

അരവിന്ദ് വി / ഇൻവെസ്റ്റിഗേഷൻ

hydrographic 1

തലസ്ഥാന ജില്ലയുടെ നഗരഹൃദയത്തിൽ ഭരണകർത്താക്കളുടെ മൂക്കിന് താഴെ ഒരു സർക്കാർ സ്ഥാപനത്തിൽ നടക്കുന്ന കോടികളുടെ പകൽ കൊള്ളയുടെ ഞെട്ടിക്കുന്ന കണക്കുകൾ ഞങ്ങൾ പുറത്തുവിടുകയാണ്. കൊടുങ്കാറ്റും പ്രകൃതി ദുരന്തങ്ങളും സംസ്ഥാനത്തിന് മുകളിൽ ദുഃഖം വിതച്ച് നിൽക്കുന്ന കാലയളവിലെങ്കിലും ഈ കടൽക്കൊള്ളക്കാരെ കയ്യാമം വച്ചില്ലെങ്കില്‍ അത് കടുത്ത നീതികേടാവും. കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി മനസിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന വിവാദങ്ങൾ ചേർത്ത് വായിച്ചാൽ കേരള ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗിന്റെ തിരുവനന്തപുരം ഓഫീസ് കേന്ദ്രീകരിച്ച് സംസ്ഥാനത്താകമാനം നടക്കുന്ന കോടികളുടെ പച്ചയായ അഴിമതിക്ക് ഒരു നിമിഷം പോലും വൈകാതെ നിയമ നടപടികൾ കൈകൊള്ളണം.

GO(Rt) No. 661/2017/ F&PD അഥവാ 105 ലക്ഷം രൂപയുടെ പകല്‍ക്കൊള്ള

hydrographic 5

സംസ്ഥാന ഭരണത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ ഒപ്പിട്ട് ഉത്തരവായിരിക്കുന്ന സര്‍ക്കാര്‍ കടലാസിന്റെ നമ്പറാണ് GO(Rt) No. 661/2017/ F&PD . ഈ ഉത്തരവ് പ്രകാരം ചീഫ് ഹൈഡ്രോഗ്രാഫര്‍ നല്‍കിയിരിക്കുന്ന 105 ലക്ഷം രൂപയുടെ സര്‍വെ ഉപകരണങ്ങള്‍ വാങ്ങണമെന്ന് പ്രൊപോസല്‍ അംഗീകരിച്ച് അതേ തുകയ്ക്കുള്ള ഭരണാനുമതിയും നല്‍കിയിരിക്കുന്നു. 24.8.2017ലെ ഉത്തരവാണിത്. സര്‍വെ ഉപകരണങ്ങള്‍ ഇല്ലാതെ എന്ത് ഹൈഡ്രോഗ്രാഫിക് വകുപ്പ്.?  ഉപകരങ്ങള്‍ ഇല്ലാതെ ജോലി നടക്കുമോ?  മാധ്യമങ്ങള്‍ എല്ലാം വിവാദമാക്കുന്നു എന്ന പതിവ് ആക്ഷേപത്തില്‍ ഇതിനെപെടുത്തുന്നവരോട് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാന്‍ അപേക്ഷിക്കുന്നു.

എന്താണ് ഹൈഡ്രോഗ്രാഫിക് സര്‍വെ?

hydrographic 4

കടല്‍, ആഴമുള്ള ജലാശയങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നടത്തുന്ന ശാസ്ത്രീയ പരിശോധനയും അതിന്റെ കൃത്യമായ ഫലവും വളരെ പ്രയോജനകരമാണ്. കടലിലെ ആഴം, നീരൊഴുക്ക്, ഒാരോ  നിലയിലുമുള്ള ജല വിതാനത്തിന്റെ സ്വഭാവം എന്നിവ നിരീക്ഷപ്പെടുകയും കൃത്യമായ ചാര്‍ട്ടുകളാവുകയും ചെയ്യും. ഓരോ രാജ്യത്തേയും നാവിക സേനയ്ക്ക് വരെ ഇത് പ്രയോജനമുള്ളതാണ്. ഇന്റര്‍നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓര്‍ഗനൈസേഷന്റെ( IHO) മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇന്ത്യന്‍ നേവി ഹൈഡ്രോഗ്രാഫിക് ഫലങ്ങളെ വിലയിരുത്തുന്നത്.
മത്സ്യ ബന്ധനം ഉപജീവന മാര്‍ഗ്ഗമാക്കിയവരുടെ മേഖലകളില്‍ ഇത്തരം പഠനങ്ങള്‍ ഏറെ പ്രയോജനം ചെയ്യുന്നത് അവര്‍ക്കാണ്. അവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുകയല്ല. ഇനി പറയുന്ന കണക്കുകള്‍ പഠിച്ച് വിലയിരുത്തുകയാണ് വേണ്ടത്.

ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ എന്താണ് തെറ്റ്?

hydrographic 2

ഇത്രയൊക്കെ പ്രയോജനമുള്ളതാണ് ഈ സര്‍വ്വെഫലങ്ങളെങ്കില്‍ ഉപകരണങ്ങള്‍  അതും നല്ല മുന്തിയ ഇനം തന്നെ നോക്കി വാങ്ങുന്നതില്‍ എന്താണ് തെറ്റ്?
ഉത്തരം സിംപിളാണ്.  ഈ പറയുന്ന സര്‍ക്കാര്‍ ഓഫീസ് ഇതിനോടകം വാങ്ങിക്കൂട്ടിയ കോടികളുടെ ഉപകരണങ്ങള്‍ പോലും യഥാവിധി പ്രയോജനപ്പെടുത്തിയിട്ടില്ല. സീല് പോലും പൊട്ടിക്കാത്ത എത്രയോ ഉപകരണങ്ങള്‍; അതും ലക്ഷങ്ങള്‍ വിലയുള്ളത് കേരളത്തിലുടനീളമുള്ള ഹൈഡ്രോഗ്രാഫിക് സര്‍വെ ഓഫീസുകളുടെ മൂലകളില്‍ പൊടിപിടിച്ച് കിടക്കുന്നുണ്ട്.

ഓരോന്നിനും ഇരുപതും മുപ്പതും ലക്ഷങ്ങള്‍ വിലയുള്ള ആധുനിക ഉപകരങ്ങള്‍. ഇരുപത് ലക്ഷത്തിലേറെ മുടക്കി വാങ്ങിയ സോഫ്ട് വെയറുകള്‍, ആറ് വലിയ ബോട്ടുകള്‍, മൂന്ന് ചെറിയ ബോട്ടുകള്‍, 129സാങ്കേതിക ജീവനക്കാര്‍ 23മറ്റ് ജീവനക്കാര്‍ ഇതാണ് ഈ വകുപ്പിന്റെ ശക്തി. പ്രതിവര്‍ഷം 30സര്‍വ്വെളാണ് ഇവരെല്ലാം കൂടി ചെയ്യുന്നത്.  ഏറ്റവും സങ്കീര്‍ണ്ണമായ ഒരു സര്‍വ്വെയ്ക്ക് പരമാവധി മൂന്ന് ദിവസം മതിയാവും. ഇത്രയും ജീവനക്കാരെ മതിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ഇതിലും കുറച്ച് മതി സമയം. അതായത് പ്രതിവര്‍ഷം ഇവര്‍ നടത്തുന്ന 30സര്‍വ്വെയ്ക്ക് ആകെ വേണ്ടി വരുന്നത് 30 x 3 എന്ന കണക്കില്‍ ആകെ 90 ദിവസം. ഒരു വര്‍ഷം 90 ദിവസത്തെ പണികഴിഞ്ഞാല്‍ ബാക്കി സമയം ഇക്കൂട്ടര്‍ എന്താണ് ചെയ്യുന്നത്?

ഒരൊറ്റ കാര്യം കൂടി ശ്രദ്ധിക്കൂ. ഇവര്‍ ചെയ്യുന്ന മുപ്പത് സര്‍വ്വെകളില്‍ ബഹുഭൂരിപക്ഷവും നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നോ, ഫലം തെറ്റാണെന്നോ ഉള്ള കാരണത്താല്‍ നിരന്തരം തിരസ്കരിക്കപ്പെടുകയാണ്. അതായത് ആകെ ശരീരം അനങ്ങി പണിയെടുത്ത 90ദിവസത്തെ ജോലി മുഴുവന്‍ നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വെള്ളത്തില്‍ വരച്ച വരപോലെയായി. ഇന്റര്‍നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓര്‍നൈസേഷന്റെ ഭാഗത്ത് നിന്നും ഇക്കാര്യം നിരവധി തവണ ചൂണ്ടിക്കാണിക്കപ്പെടുകയും ഉണ്ടായി.

തനിതങ്കത്തിൽ തീർത്ത സോഫ്ട്‌വെയർ

സർക്കാർ പണം, കാട്ടിലെതടി, ആരുടെയോ സോഫ്ട്‌വെയർ …. മുക്കാൽ കോടി രൂപയുടെ അത്യത്ഭുത സോഫ്ട്‌വെയർ

hydrographic 7

മൂന്ന് ഫയൽ:- 

1.File No- B1-869 (8)/17/HSW
2. File No- B1-869 (9)/17/HSW
3. File No- B1-869 (6)/17/HSW

ഈ മൂന്ന് ഫയലുകളിലും കൂടി നടന്നത് മുക്കാൽ കോടിയോളം രൂപയുടെ ഇടപാടുകളാണ്. കൃത്യമായി പറയാം…. 72 ലക്ഷം രൂപ ! ഹൈഡ്രോഗ്രാഫിക് സർവെയുമായി ബന്ധപ്പെട്ട് വികസിപ്പിച്ച ഒരു സോഫ്ട്‌വെയറിന്റെ 7 ലൈസൻസുകൾക്കാണ് 72 ലക്ഷം രൂപ.  ഒരേ സോഫ്ട്‌വെയർ ഉപയോഗിക്കുന്നതിന് വീണ്ടും വീണ്ടും പണം നൽകേണ്ടി വരുന്നു എന്ന വിചിത്രമായ വശം കൂടിയുണ്ട് ഇതിന്. ഈ ഇടപാടിന് പിറകിലേക്ക് കൂടി പോകണം. എങ്കിലേ കാര്യം വ്യക്തമാകൂ.

സർവേയ്ക്ക് ആവശ്യമുള്ള സോഫ്ട്‌വെയറുകളുടെ ഒരു ഏകദേശ വിവരങ്ങൾ ശേഖരിച്ച് കമ്പനികളോട് ബന്ധപ്പെട്ടു.  സോഫ്ട്‌വെയർ കമ്പനികൾ തിരുവനന്തപുരത്തും, കൊല്ലത്തും എത്തി സോഫ്ട്‌വെയർ ഡെമോൻസ്‌ട്രേഷൻ കാണിച്ചു.  പക്ഷേ തീരുമാനം ഏകപക്ഷീയമായിരുന്നു. ചീഫ് ഹൈഡ്രോഗ്രാഫർ ‘ഹൈപാക്ക്’ എന്ന വമ്പൻ തുകയുടെ ക്വട്ടേഷൻ ഉത്തരവ് നൽകി. ഉള്ളിൽ നിന്നുണ്ടായ എതിർപ്പുകൾ പോലും വകവെച്ചില്ല എന്നും പരാതികൾ ഉയരുന്നു. ഈ ഇടപാടിൽ ഉദ്യോഗസ്ഥരിൽ ചിലർ വൻതുക കമ്മീഷൻ വാങ്ങിയതായും ആരോപണമുണ്ട്. ചീഫ് ഹൈഡ്രോഗ്രാഫർ എ പി സുരേന്ദ്രലാൽ ആണ് പർച്ചേസിന്റെ തീരുമാനങ്ങൾ എടുത്തത്.

സോഫ്ട്‌വെയർ രംഗത്തുള്ളവർ തന്നെ ഇതിനുള്ള ഉത്തരം പറയണം. ഏഴ് ലൈസൻസ് ഉപയോഗിക്കാൻ ഒരു സോഫ്ട്‌വെയറിന് 72 ലക്ഷം രൂപ !

വിചിത്രമായ ഒരു കാര്യം കൂടി. B-1-869(9) 2017 ടെണ്ടർ വിളിച്ചു. ഡെമോ ചെയ്തവരും അല്ലാത്തവരുമൊക്കെയായി നിരവധി സോഫ്ട്‌വെയർ കമ്പനികൾ എത്തി. ഒടുവിൽ ചീഫ് ഹൈഡ്രോഗ്രാഫർ തിരഞ്ഞെടുത്തത് ‘ഹൈപാക്ക്’ എന്ന സോഫ്ട്‌വെയറിനെ. അതിനാകട്ടെ ഇന്ത്യയിൽ ഒരേയൊരു വിതരണക്കാരനേ ഉള്ളു- എഎസ്ബി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്. ഇപ്പോൾ കാര്യങ്ങൾ വ്യക്തമാകുന്നു. ഒരേയൊരു വിതരണക്കാരന്‍ മാത്രമുള്ള ഒരേയൊരു മുന്തിയ സോഫ്ട്‌വെയർ. അതിന്റെ വിലയാണ് മുക്കാൽ കോടി !

സർക്കാർ ഖജനാവിനെ ഇങ്ങനെ മുച്ചൂടും മുടിക്കുന്നവരോട് പണം തിരിച്ചു പിടിച്ചെടുത്ത് ഓഖി ദുരന്തത്തിൽ ആശ്രയം നഷ്ടപ്പെട്ടവർക്ക് വീതിച്ചു കൊടുക്കുകയാണ് വേണ്ടത്.

കണക്കിലെ കളികൾ 

ഓരോ സര്‍വെയ്ക്കും യഥാര്‍ത്ഥത്തില്‍ വേണ്ടി വരുന്നത് മൂന്ന് മുതല്‍ നാല് ലക്ഷം രൂപവരെയാണ്. അതായത് ഒരു വര്‍ഷം 30മുതല്‍ 35 വരെ സര്‍വ്വെകള്‍ (ഇത്രയുമേ നടക്കുന്നുള്ളൂ എന്നാണ് ഔദ്യോഗിക കണക്കുകള്‍)  നടന്നാല്‍ പരമാവധി ചിലവാകുന്നത് 120-130 ലക്ഷം രൂപയാണ്. അതായത് ഒന്നരക്കോടി രൂപയ്ക്ക താഴെ. അതേ സമയം ഓരോ വര്‍ഷവും പ്ലാന്‍ നോണ്‍ പ്ലാന്‍ ചിലവുകള്‍ പതിനഞ്ച് കോടിയോളം രൂപയാണ്. ഒന്നരക്കോടിയുടെ സ്ഥാനത്ത് പതിനഞ്ച് കോടി. അതായത് സര്‍വ്വെ എന്ന മുഖ്യ ഇനത്തിന് വേണ്ടി വരുന്ന ചിലവിന്റെ 10 ഇരട്ടിയാണ് മറ്റ് ചിലവുകള്‍. ഓരോ വര്‍ഷവും ഈ ഭീമമായ തുക ചെലവഴിക്കാനാണ് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.

ഉപകരണങ്ങള്‍ വാങ്ങലിന്റെ ഇടനില പണവും ലഭിക്കുന്നുണ്ടോ?
ആരാണ് ഈ പകല്‍ക്കൊള്ളയ്ക്ക് ഉത്തരവാദി? ചീഫ് ഹൈഡ്രോഗ്രാഫര്‍ക്ക് ഇത്തരം അഴിമതികള്‍ തടയാനുള്ള ഉത്തരവാദിത്തം ഇല്ലേ? ഇവിടെ വേലി തന്നെ വിളവ് തിന്നുകയാണോ?

ആക്കുളം കായലിന്റെ അടിത്തട്ടിലേക്ക് ആഴ്ന്ന് പോയ 27കോടിയുടെ അഴിമതിക്കഥയുടെ അവസ്ഥയെന്ത് ?

(തുടരും…)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here