തീരാനോവിന്റെ പതിമൂന്ന് വര്‍ഷങ്ങള്‍

2004 ഡിസംബര്‍ 26. ക്രിസ്മസ് ആഘോഷത്തിന്റെ ആലസ്യങ്ങളില്‍ നിന്ന് ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ ലോകരാജ്യങ്ങള്‍. ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂമി വന്‍ ശബ്ദത്തോടെ വിറച്ചു. രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 9.3 തീവ്രത.ഇന്ത്യന്‍ ഭൂതലം ബര്‍മ്മന്‍ ഭൂതലത്തിന് മുകളിലേക്ക് ഇടിച്ചുകയറി.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂറ്റന്‍ തിരമാലകള്‍ ഉയര്‍ന്നു. സുനാമിത്തിരകള്‍ തീരത്തേക്ക് അടിച്ചുകയറി. ഇന്ത്യന്‍ മഹാസമുദ്ര തീരത്തുള്ള പതിനാറ് രാജ്യങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നില്‍ വിറങ്ങലിച്ചു.ഇന്തോനേഷ്യയില്‍ മുപ്പത് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറി. കടലില്‍ അന്നം തേടി ഇറങ്ങിയ മത്സ്യത്തൊഴിലാളികളും കടല്‍ കാണാന്‍ ഇറങ്ങിയ വിനോദസഞ്ചാരികളും തീരത്ത് ചിരിച്ചുല്ലസിച്ചവരുമെല്ലാം കടല്‍ക്കലിയില്‍ നിശ്ചലരായി.
മരണം വിതച്ച സുനാമി
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് അനുസരിച്ച് രണ്ട് ലക്ഷത്തി ഇരുപത്തിയേഴായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയെട്ട്(2,27,898) പേര്‍ക്കാണ് സുനാമിയില്‍ ജീവന്‍ നഷ്ടമായത്.ഇന്തോനേഷ്യയില്‍ മാത്രം ഒരു ലക്ഷത്തി അറുപത്തേഴായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഒന്‍പത്(1,67,799) പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. ശ്രീലങ്കയും ഇന്ത്യയും ദുരന്തമുഖമായി.ഇന്ത്യയില്‍ മരിച്ചത് 18,405 പേര്‍.തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്-7,798.കേരളത്തിലും സുനാമിത്തിരമാലകള്‍ 168 പേരുടെ ജീവനെടുത്തു.പാറശ്ശാല മുതല്‍ വൈപ്പിന്‍ വരെ സുനാമിത്തിരമാലകളുടെ രൗദ്രഭാവത്തില്‍ വിറകൊണ്ടു.
സൊമാലിയ,മഡഗാസ്‌ക്കര്‍,കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും സുനാമിത്തിരമാലകള്‍ എത്തി.വലിയ നാശനഷ്ടങ്ങളാണ് എല്ലായിടത്തുമുണ്ടായത്
ചരിത്രത്തിലെ വലിയ രക്ഷാദൗത്യം
തകര്‍ന്നടിഞ്ഞ രാജ്യങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ ദുരന്തത്തിന് ആക്കം കൂട്ടി.കോളറയും ഡിഫ്ത്തീരിയയും ടൈഫോയിഡുമെല്ലാം കൂടുതല്‍ ജീവനെടുത്തു. സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി പതിനായിരക്കണക്കിന് ദുരിതാശ്വാസ ക്യാംപുകള്‍ തകര്‍ന്നു. ലോകരാജ്യങ്ങള്‍ സഹായ ഹസ്തവുമായെത്തി. 14 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ അടിയന്തര സഹായമാണ് ഇന്തോനേഷ്യയിലേക്ക് എത്തിയത്.ഓസ്‌ട്രേലിയ 819.9 മില്യണ്‍ യുഎസ് ഡോളറും ജര്‍മ്മനി 660 മില്യണ്‍ യുഎസ് ഡോളറും ജപ്പാന്‍ 500 മില്യണ്‍ യുഎസ് ഡോളറും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി
സാമ്പത്തികമേഖല തകര്‍ത്ത സുനാമി
സുനാമിത്തിരകളില്‍ പല രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥ കൂടി തകര്‍ന്നു. മത്സ്യബന്ധനവും വിനോദസഞ്ചാരവും പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന ഇന്തോനേഷ്യയും ശ്രീലങ്കയും പിടിച്ചു നില്‍ക്കാന്‍ ഏറെ പാടുപെട്ടു. ശ്രീലങ്കയില്‍ രണ്ടരലക്ഷം പേരായിരുന്നു നേരിട്ടും അല്ലാതെയും മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തിയിരുന്നത്. സുനാമികള്‍ തകര്‍ത്തത് അവരുടെ ജീവിതം കൂടിയായിരുന്നു.ശ്രീലങ്കയും മത്സ്യബന്ധന കയറ്റുമതിയില്‍ 66 ശതമാനത്തിന്റെ കുറവാണ് സുമാനിക്ക് ശേഷമുണ്ടായത്. സുനാമിയില്‍ തകര്‍ന്നടിഞ്ഞ ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരികള്‍ എത്താതായതോടെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞു.വിദേശനാണ്യത്തില്‍ 80 ശതമാനത്തിലേറെ കുറവാണ് ഇന്തോനേഷ്യയില്‍ ഉണ്ടായത്.ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ നാഗപട്ടണത്തും തിരുച്ചിറപ്പള്ളിയിലുമെല്ലാം കുറേക്കാലത്തേക്ക് മത്സ്യബന്ധമേഖല സ്തംഭിച്ചിരുന്നു.
സുനാമി തകര്‍ത്ത പരിസ്ഥിതി സംതുലനം
മനുഷ്യജീവനുകളെ മാത്രമല്ല സുനാമി കവര്‍ന്നത്.കടലിലേയും തീരത്തേയും പാരിസ്ഥിതിക സംതുലനവും കൂടിയാണ്. കടലിനടിയിലെ ജൈവവ്യവസ്ഥ തകര്‍ന്നു. പവിഴപ്പുറ്റുകളേയും മറ്റും തകര്‍ത്ത് വന്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയെന്ന് പഠനങ്ങള്‍ തെളിയിച്ചു. പലയിടത്തേയും ശുദ്ധജല വിതരണ ശൃംഖലയേയും സുമാനിത്തിരകള്‍ തകര്‍ത്തു
സുനാമിക്ക് ശേഷം
സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതള്‍ കാര്യക്ഷമമാക്കാന്‍ ഇടപെടലുകള്‍ ഉണ്ടായി . ഇന്ത്യയിലും ദുരന്ത നിവാരണത്തിനായി പുതിയ നിയമം (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ്) കൊണ്ടുവന്നു. പുതിയ ദേശീയ ദുരന്ത നിവാരണ അതോറിറ്റി,ദേശീയ ദുരന്ത നിവാരണ സേന,ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ മാറ്റങ്ങളുണ്ടായി. എന്നിട്ടും ഓഖി ചുഴലിയില്‍ കേരളവും തമിഴ്‌നാടും വിറങ്ങലിച്ചപ്പോള്‍ കടല്‍ദുരന്തങ്ങളെ നേരിടാന്‍ ഇത്തരം സംവിധാനങ്ങള്‍ പര്യാപ്തമാണോ എന്ന ചോദ്യം വീണ്ടും ഉയരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here