ഇതാണ് റിയൽ ‘പാഡ്മാൻ’

അക്ഷയ് കുമാർ വേഷമിടുന്ന ‘പാഡ്മാൻ’ എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യയുടെ മെൻസ്ട്രുവൽ മാൻ എന്നറിയപ്പെടുന്ന മുരുഗാനന്ദം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്.
ഇന്ത്യയിലെ സ്ത്രീകളുടെ ആർത്തവകാല ശുചിത്വത്തിന് വേണ്ടി സാധാരണക്കാരായ സ്ത്രീകൾക്കും സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കാൻ മുരുകാനന്ദത്തിന് കടന്നുപോകേണ്ടി വന്നത് കൊടിയ മാനസിക സംഘർഷങ്ങളിലൂടെയാണ്. ആർത്തവത്തെ കുറിച്ചുള്ള സംസാരങ്ങൾ ഇന്നും അടക്കിപിടിച്ച സ്വരങ്ങളുടെ അതിർവരമ്പുകളിൽ തന്നെയാണ് കേൾക്കുന്നത്. സ്വന്തം ആർത്തവത്തെ കുറിച്ച് സ്ത്രീ തന്നെ തുറന്ന് പറയാൻ മടിക്കുന്ന പ്രവണത മാറി വരുന്നുണ്ടുങ്കെലും ഇന്നും പുരുഷന്മാർക്ക് അന്യമായി നിൽക്കുന്നു മനുഷ്യന്റെ ഉത്പത്തിക്ക് തന്നെ കാരണമായ ആർത്തവം…അതും ഇന്നത്തെ കാലത്ത്. അപ്പോൾ ഒന്നോർത്ത് നോക്കൂ രണ്ട് പതിറ്റാണ്ട് മുമ്പ് ആർത്തവത്തെ കുറിച്ച് ചിന്തിക്കുകയും ആർത്തവകാല ശുചിത്വത്തിനായി സാനിറ്ററി നാപ്കിൻ നിർമിക്കുകയും ചെയ്ത മുരുകാന്ദത്തിന് എത്രമാത്രം പ്രശ്‌നങ്ങളായിരിക്കാം സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്നത് ?
മുരുകാനന്ദത്തിൽ നിന്നും മൻസ്ട്രുവൽ മാനിലേക്ക്
1998 ൽ ശാന്തിയുമായി വിവാഹം കഴിഞ്ഞ മുരുകാനന്ദം അന്നുവരെ തന്റെ ശ്രദ്ധയിൽപ്പെടാത്ത ഒരു കാര്യത്തിന് സാക്ഷ്യം വഹിച്ചു. ശാന്തി പഴയ പത്രങ്ങളും, പഴകിയ തുണിയും തിരഞ്ഞും പെറുക്കിയും നടക്കുന്നു..ഇത് കണ്ട മരുകാനന്ദം ആദ്യമൊന്ന് അതിശയിച്ചുവെങ്കിലും പിന്നീട് കാര്യറിഞ്ഞപ്പോൾ ആശ്ചര്യം ഞെട്ടലിലേക്ക് വഴിമാറി. ആർത്തവകാലത്ത് ഉപയോഗിക്കാൻ ഇന്നത്തെ പോലെ സാനിറ്റി നാപ്കിനുകൾ അന്ന് ലഭ്യമല്ല…ലഭ്യമായതൊക്കെയും സാധാരണക്കാരന് വിലകൊടുത്ത് വാങ്ങാൻ കഴിയാതത്ര തീ പിടിച്ച വിലയിലും…അതുകൊണ്ട് തന്നെ ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകൾ പഴകിയ തുണിയും പേപ്പറുമാണ് ഉയോഗിച്ചിരുന്നത്.
എത്രമാത്രം വൃത്തിഹീനമായ വസ്തുക്കളാണ് ആർത്തവകാലത്ത് സ്ത്രീകൾക്ക് ഉപയോഗിക്കേണ്ടി വരുന്നത്, എത്രയെത്ര ആരോഗ്യ പ്രശ്‌നങ്ങൾക്കാണ് ഇത് വഴിവെക്കുന്നത് എന്നിങ്ങനെ ചിന്തകളുടെ ഒരു ലോകത്തേക്കാണ് ആ സംഭവം മുരുകാനന്ദത്തെ കൂട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ അസ്വസ്ഥനായ മുരുകാനന്ദം സ്വന്തമായി സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. ആദ്യം പരുത്തി തുണികൊണ്ട് സാനിറ്ററി നാപ്കിനുകൾ ഉണ്ടാക്കിയെങ്കിലും മുരുകാനന്ദത്തിന്റെ പരീക്ഷണത്തിന് കൂട്ടുനിൽക്കാൻ ഭാര്യയും സഹോദരിമാരും തയ്യാറായിരുന്നില്ല. ആർത്തവത്തെ കുറിച്ച് സ്ത്രീകൾ തന്നെ പരസ്പരം പറയാൻ മടിക്കുന്ന അക്കാലത്ത് എങ്ങനെ സ്വന്തം സഹോദരനോട് അവർ ഇക്കാര്യം സംസാരിക്കും ?
കടമ്പകൾ ഏറെ….
മുരുകാനന്ദൻ പലതരം നാപ്കിനുകൾ ഉണ്ടാകാൻ ശ്രമിച്ചുവെങ്കിലും സഹോദരിമാരും ഭാര്യയും മുരുകാനന്ദന്റെ പരീക്ഷണങ്ങളെ പൂർണമായും എതിർക്കുകയായിരുന്നു. ഇതോടെ തന്റെ കണ്ടുപിടുത്തങ്ങൾ പരീക്ഷിക്കാൻ വേണ്ടി ഒരു സ്ത്രീക്കായുള്ള അന്വേഷണം അദ്ദേഹം ആരംഭിച്ചു. ഇതിൽ പരാജയപ്പെട്ട മുരുകാനന്ദം സ്വയം പരീക്ഷണം നടത്താൻ തീരുമാനിച്ചു.
മൃഗരക്തം നിറഞ്ഞ ബ്ലാഡർ ഉപയോഗിച്ച് താൻ നിർമ്മിച്ച നാപ്കിനുകൾ പരീക്ഷിക്കാൻ അദ്ദേഹം തുടങ്ങി. സാനിറ്ററി നാപ്കിനുകൾ ഉണ്ടാക്കാനുള്ള വസ്തുക്കൾക്ക് 10 പൈസ മാത്രം വിലവരുമ്പോൾ കനമ്പനികൾ 40 ഇരട്ടി വിലയാണ് ഇതിന് ഈടാക്കുന്നതെന്ന സത്യം മുരുകാനന്ദം തിരിച്ചറിഞ്ഞത് അപ്പോഴാണ്. താൻ സ്വന്തമായി കണ്ടുപിടിച്ച സാനിറ്ററി നാപ്കിനുകൾ പരീക്ഷിക്കാൻ മുരുകാനന്ദം സ്ത്രീകളെ ക്ഷണിച്ചുവെങ്കിലും ആരും തയ്യാറായില്ല.
എന്നാൽ തോറ്റ് പിന്മാറാൻ മുരുകാനന്ദം തയ്യാറായിരുന്നില്ല. അടുത്തുള്ള മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഇടയിൽ തന്റെ നാപ്കിനുകൾ മുരുകാനന്ദം വിതരണം ചെയ്തു. ഉപയോഗിച്ചിട്ട് ഫലം പറയണമെന്ന ഒറ്റ ഉറപ്പിൻമേലായിരുന്നു ഇത്.
വിപണിയിൽ ലഭിക്കുന്ന നാപ്കിനുകളിൽ പൈൻ മരത്തടിയുടെ വുഡ് പൾപിൽ നിന്നും ഉണ്ടാക്കുന്ന സെല്ലുലോസ് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം രണ്ട് വർഷത്തിന് ശേഷമാണ് മുരുകാനന്ദം തിരിച്ചറിയുന്നത്. ഈ സെല്ലുലോസാണ് രക്തം വലിച്ചെടുത്ത് നാപ്കിൻ ഷെയ്പിൽ നിൽക്കാൻ സഹായിക്കുന്നത്. ഇത്തരം നാപ്കിനുകൾ നിർമ്മിക്കാനുപയോഗിക്കുന്ന മെഷീന് 35 മില്യണായിരുന്നു വില. ഇത് താങ്ങാനാവാത്ത സാധാരണക്കാരനായ ആ യുവാവ് നാപ്കിനുകൾ നിർമ്മിക്കാൻ സ്വന്തമായി ഒരു മെഷീനും രൂപകൽപ്പന ചെയ്തു. 65,000 രൂപ മാത്രമായിരുന്നു ഈ ഉപകരണത്തിന്റെ മുതൽമുടക്ക്. നാപ്കിനുണ്ടാക്കാനുള്ള വുഡ് പൾപ്പ് മരുകാനന്ദം മുംബൈയിൽ നിന്നാണ് വരുത്തിച്ചത്.
2006 ൽ മദ്രാസ് ഐഐടി സന്ദർശിച്ച മുരുകാനന്ദം തന്റെ മെഷീനെ കുറിച്ച് പറയുകയും അവരുടെ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. മുരുകാനന്ദത്തിന്റെ കണ്ടുപിടുത്തത്തിൽ ആകൃഷ്ടരായ അവർ അദ്ദേഹത്തെ നാഷ്ണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ ഗ്രാസ് റൂട്ട് ടെക്‌നോളജീസ് ഇന്നോവേഷൻസ് പുരസ്‌കാരത്തിനായി രെജിസ്റ്റർ ചെയ്തു. അദ്ദേഹം ആ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.
പിന്നീട് ജയശ്രീ ഇൻഡസ്ട്രീസ് എന്ന കമ്പനിക്ക് രൂപം കൊടുത്ത അദ്ദേഹം ഇത്തരം മെഷീനുകൾ ഗ്രാമങ്ങളിലെ സ്ത്രീകൾക്കായി നിർമ്മിക്കാൻ തുടങ്ങി.
നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഈ കണ്ടുപിടുത്തത്തെ ആഗോള വിപണിയിൽ എത്തിക്കാൻ വേണ്ടി നിരവധി പേർ മുരുകാനന്ദത്തെ സമീപിച്ചുവെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയില്ല. അത്തരം സാമ്പത്തിക ലാഭങ്ങളെല്ലാം വേണ്ടെന്ന വെച്ച അദ്ദേഹം സ്ത്രീകൾ നടത്തുന്ന സ്വയം സഹായ സംഘങ്ങൾക്ക് വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം.
ആർത്തവകാലത്ത് സ്വന്തം ഭാര്യയും സഹോദരിമാരും അനുഭവിച്ച ദുരിതങ്ങൾ നേരിട്ട് കണ്ട മനംമടുത്ത അദ്ദേഹത്തിന് സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തിനപ്പുറം എങ്ങനെ ഇതിൽ സാമ്പത്തിക ലാഭം കാണാൻ കഴിയും ?
ആഗോള പ്രശസ്തി നേടിയ മുരുകാനന്ദത്തെ തേടി പുരസ്‌കാരങ്ങളും, ബഹുമതികളും എത്തി. ടെഡ് ടോക്‌സിലും മരുകാനന്ദന് ക്ഷണം ലഭിച്ചിട്ടുണ്ട്. 2014ൽ ഇറങ്ങിയ റ്റൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം കണ്ടെത്തിയ ഒരു ഭാരതീയനുമാണ് അരുണാചലം മുരുകാനന്ദം.
മുരുകാനന്ദത്തിൽ നിന്നും പാഡ്മാനിലേക്ക്
ഗ്രാമങ്ങളിലെ സ്ത്രീകളുടെ മാസംതോറുമുള്ള കഷ്ടപ്പാടുകൾക്ക് അറുതിവരുത്തിയ അദ്ദേഹത്തിന്റെ ജീവതകഥ പറയുന്ന ചിത്രവും ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. അക്ഷയ് കുമാർ രാധിക ആപ്‌തെ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളിൽ അവതരിപ്പിച്ച് ആർ ബൽകി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26 നാണ് തിയറ്ററുകളിൽ എത്തുന്നത്.
lifestory of arunachalam muruganandam the real padman menstrual man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here