കലോത്സവത്തിന് മോടി കൂട്ടാന്‍ ഹരിതനയം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പൂരനഗരിയില്‍ അരങ്ങുണരാന്‍ ഇനി നാല് ദിനങ്ങള്‍ കൂടി. തൃശൂരില്‍ കലോത്സവ വേദികള്‍ ഒരുങ്ങുമ്പോള്‍ എല്ലാ വേദികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നയം ഇടം പിടിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഹരിതനയത്തിന് ജില്ലാ കലോത്സവങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിനാല്‍,സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹരിതനയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. പൂര്‍ണമായി പ്ലാസ്റ്റിക്കിനും പ്ലാസ്റ്റിക്ക് ഉപകരണങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയാണ് ഹരിതനയം കലോത്സവവേദികളില്‍ നടപ്പിലാക്കുന്നത്. ഭക്ഷണശാലകളില്‍ പ്ലാസ്റ്റിക്ക് ഗ്ലാസുകള്‍ക്ക് പകരം സ്റ്റീല്‍ ഗ്ലാസുകളാണ് ഉപയോഗിക്കുക. മാധ്യമങ്ങള്‍ക്ക് വേണ്ടി സജ്ജമാക്കുന്ന സ്റ്റാളുകള്‍ തുണി സാമഗ്രികള്‍ ഉപയോഗിച്ചാണ് തയ്യാറാക്കുക. വേദികള്‍ക്കെല്ലാം വൃക്ഷങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിക്ക് ‘നീര്‍മാതളം’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മത്സരങ്ങള്‍ക്ക് മുന്‍പ് മത്സരാര്‍ത്ഥികള്‍ എടുക്കുന്ന നറുക്കുകള്‍ ഇടാന്‍ പ്രത്യേക മുളനാഴി നിര്‍മ്മിച്ചിരിക്കുന്നു. ചണവും നൂലും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബാഡ്ജുകളും കടലാസുകൊണ്ട് നിര്‍മ്മിക്കുന്ന പേനകളും കലോത്സവ വേദികളിലെ ശ്രദ്ധാകേന്ദ്രം ആകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here