ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഉരുളക്കിഴങ്ങ് കൊണ്ടിട്ട് കർഷകരുടെ പ്രതിഷേധം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ ഉരുളക്കിഴങ്ങ് കൊണ്ടിട്ട് കർഷകരുടെ പ്രതിഷേധം. ഉരുളക്കിഴങ്ങിന് ന്യായമായ വില കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നിയമസഭയുടെ മുന്നിലും ഗവർണർ രാം നായികിന്റെ വസതിക്ക് മുന്നിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറി.
ഒരു ക്വിന്റൽ ഉരുളക്കിഴങ്ങിന് മൂന്ന് മുതൽ നാല് രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്നും എന്നാൽ 10 രൂപയെങ്കിലും കിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം. ട്രക്കിൽ കൊണ്ടുവന്ന് ഉരുളക്കിഴങ്ങ് തട്ടുകയായിരുന്നു. എന്നാൽ അതീവ സുരക്ഷാ മേഖലയിൽ ഉരുളക്കിഴങ്ങ് കൊണ്ടിടാൻ കാരണമായതിന് സുരക്ഷാചുമതലയുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നാല് കോൺസ്റ്റബിൾമാർക്കും ഒരു സബ് ഇൻസ്‌പെക്ടർക്കുമെതിരെയാണ് നടപടി.
അതേസമയം, ഇരുട്ടിന്റെയും മഞ്ഞിന്റെയും മറപറ്റി കർഷകർ കടക്കുകയും നൂറുകണക്കിന് ഉരുളക്കിഴങ്ങ് നിക്ഷേപിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here