യുപിയില്‍ 2017 മുതല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍ എന്ന് ഡിജിപി; പരുക്കേറ്റത് 9467 പേര്‍ക്ക്

ഉത്തര്‍പ്രദേശില്‍ കുറ്റവാളികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 238 ക്രിമിനലുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 2017 മുതല്‍ ഇതുവരെ മാത്രം പൊലീസും ക്രിമിനല്‍ സംഘങ്ങളും തമ്മില്‍ 15000ലേറെ ഏറ്റുമുട്ടലുകള്‍ നടന്നെന്നാണ് കണക്കുകള്‍. 9000ലേറെ കുറ്റവാളികള്‍ക്ക് പൊലീസില്‍ നിന്നും കാലില്‍ വെടിയേറ്റിട്ടുണ്ട്. ഡിജിപി രാജീവ് കൃഷ്ണ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരങ്ങളുള്ളത്. (238 criminals killed over 9,000 shot in leg since 2017 in UP)
പിടികിട്ടാപ്പുള്ളികള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെയാണ് ഇത്തരം ഓപ്പറേഷനുകള്‍ നടന്നതെന്ന് ഡിജിപി വ്യക്തമാക്കി. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14,973 ഓപ്പറേഷനുകള്‍ നടത്തി. 30,694 ക്രിമിനലുകളെ പിടികൂടാന്‍ സാധിച്ചു. പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ച 9467 പേര്‍ക്ക് നേരെ അരയ്ക്ക് താഴെ വെടിവയ്‌ക്കേണ്ടി വന്നു. ഏറ്റുമുട്ടലില്‍ 238 കുറ്റവാളികള്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്തിയത്. മീററ്റ് മേഖലയില്‍ നിന്ന് 7,969 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ഏറ്റുമുട്ടലുകളില്‍ 2,911 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആഗ്ര മേഖലയില്‍ നിന്ന് 5529 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലില്‍ 741 പേര്‍ക്ക് പരുക്കേറ്റു. ബറേലി മേഖലയില്‍ നിന്ന് 4383 കുറ്റവാളികളെ പിടികൂടി. ഏറ്റുമുട്ടലില്‍ 921പേര്‍ക്ക് പരുക്കേറ്റു. വാരണാസി മേഖലയില്‍ നിന്ന് പൊലീസ് 2,029 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും 620 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും ഡിജിപി പ്രസ്താവനയില്‍ പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ ലഘൂകരിക്കാനും ക്രമസമാധാന നില മെച്ചപ്പെടുത്താനുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഇത്രയേറെ ഓപ്പറേഷനുകള്‍ നടത്തിയതെന്ന് ഡിജിപി വ്യക്തമാക്കി. 2017ല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ക്രമസമാധാനം മെച്ചപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. പൊലീസിന് ആധുനിക രീതിയിലുള്ള ആയുധങ്ങള്‍ എത്തിച്ചുനല്‍കിയെന്നും മികച്ച പരിശീലനം ഉറപ്പാക്കിയെന്നും ഡിജിപി വ്യക്തമാക്കി.
Story Highlights : 238 criminals killed over 9,000 shot in leg since 2017 in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here