താടിയൊരുക്കാന്‍ കോടികള്‍

beard fashion

ഫാഷനിലും ആണ്‍ -പെണ്‍ ഭേദമുണ്ടോ …ഉണ്ടത്രേ….പെണ്‍ ഫാഷന്‍ വിപണിക്കൊപ്പം കുതിച്ചു ചാട്ടത്തിലാണ് ആണ്‍ ഫാഷനും.സുന്ദരക്കുട്ടപ്പന്മാരാകാന്‍ ആണ്‍പടയൊരുങ്ങിയപ്പോള്‍ വളര്‍ന്നത് 5,000 കോടിയുടെ വിപണി. പല കമ്പനികളും ഇപ്പോള്‍ ആണ്‍ സൗന്ദര്യവര്‍ധകങ്ങള്‍ വിപണനം ചെയ്ത് നേടുന്നത് കോടികള്‍ ആണേ്രത ..എന്താല്ലേ…ഒരുങ്ങിയിറങ്ങാന്‍ ഒരുപാട് സമയം വേണ്ടത് പെണ്‍കൊടികള്‍ക്ക് മാത്രമല്ലാതായി.

ആണ്‍ഫാഷനിലെ പ്രധാന ഇനമാണ് താടിയൊരുക്കല്‍..90 കളില്‍ ഷേവിങ് ട്രെന്‍ഡായിരുന്നെങ്കില്‍ ഇപ്പോള്‍ നോ ഷേവാണ് തരംഗം. മതവിശ്വാസത്തിന്റെ ഭാഗമായി ചെറിയൊരു വിഭാഗം മാത്രം ചെയ്തിരുന്ന താടിയൊരുക്കല്‍ ഇന്ന് ആണ്‍ ഫാഷന്റെ അളവുകോലായി. ബിയേര്‍ഡോ എന്ന ആല്‍ബം പുറത്തിറങ്ങിയത് താടിക്കാരുടെ എണ്ണംകൂട്ടാനിടയാക്കിയെന്നാണ് ഫാഷന്‍ ഗുരുക്കളുടെ കണ്ടെത്തല്‍…ഇതിനു പുറമേ ക്രിക്കറ്റ് താരങ്ങളും, സിനിമാ താരങ്ങളും പലവിധ താടികളുമായി തിളങ്ങി താടിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായപ്പോള്‍, സാധാരണക്കാരും താടിയുടെ മോടിയിലേക്കു മൂക്കുംകുത്തി വീണു പോയി. താടി വെച്ചാല്‍ മാത്രം പോരല്ലോ…അതിങ്ങനെ തിളങ്ങി നല്ല പളപളാന്നിരിക്കണ്ടേ..അതിനാണ് ബിയര്‍ഡ് കെയര്‍ അഥവാ താടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍. ബിയര്‍ഡ് ഓയില്‍, ബിയര്‍ഡ് വാഷുകള്‍, ബിയര്‍ഡ് വാക്‌സ് , ടാറ്റൂ ഓയില്‍, ഹെയര്‍ സെറം എന്നിവയാണ് ലഭ്യമായ ചില ഉല്‍പ്പന്നങ്ങള്‍.

ആണൊരുക്കം കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ കമ്പനികള്‍ എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നങ്ങളുമായെത്തിയപ്പോള്‍ ആണ്‍ സൗന്ദര്യ വിപണിയിലെ വളര്‍ച്ച 42% . ആണ്‍സൗന്ദര്യ വര്‍ധനയ്ക്ക് അടിമുടി സഹായിക്കുന്നതും, താടിയൊരുക്കത്തില്‍ സ്‌പെഷ്യലൈസ് ചെയ്തതുമായ ദി മാന്‍ കമ്പനിയില്‍ ഇമാമി നിക്ഷേപം നടത്തിയതും ഈ കച്ചവടക്കണ്ണ് വെച്ചു തന്നെ. ഇമാമി ഡയറക്ടര്‍ ഹര്‍ഷാ വി അഗര്‍വാള്‍ പറയുന്നത് വര്‍ക്കിനൊപ്പം ലുക്കിലും ആണുങ്ങള്‍ കടുത്ത ശ്രദ്ധ കൊടുത്തു തുടങ്ങിയെന്നാണ്. മുഖ സംരക്ഷണത്തിനും, കേശ സംരക്ഷണത്തിനും ,സുഗന്ധ ദ്രവ്യങ്ങള്‍ക്കുമായി പുരുഷകേസരികള്‍ എത്ര ചെലവ് ചെയ്യാനും തയാറായതോടെ പല കമ്പനികളും ഈയിനത്തില്‍ സ്‌ക്കോപ്പ് കണ്ടെത്തിയതോടെ ആണ്‍ ഓണ്‍ലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും വന്ന് തുടങ്ങി. ഫേസ് വാഷുകള്‍ പോലും പുരുഷന്മാര്‍ക്കായി പ്രത്യേകം വന്നതോടെ മാസ വാങ്ങലുകളില്‍ ഫേസ് വാഷുകളുടെ എണ്ണം രണ്ടായിത്തുടങ്ങി. പൊതുവായി ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ക്ക് വേണ്ടെന്ന് ആണുങ്ങളെക്കൊണ്ട് പറയിക്കാനായി എന്നതാണ് കമ്പനികളുടെ നേട്ടം.

പുരുഷ കേസരികളെക്കൊണ്ട് താടി വളര്‍ത്താനും,അത് സംരക്ഷിക്കാനും പഠിപ്പിച്ച കമ്പനികള്‍ പിന്നീട് പകര്‍ന്നു കൊടുത്തത് കളര്‍ ചെയ്ത താടികളുടെ സ്റ്റൈല്‍ സെന്‍സാണ്. 2017 ബൈഗണിന്റെ താടി കളര്‍ വിപണി വളര്‍ന്നത് 40% ആണ്. താടി കെയറിന് വന്‍ തുക മുടക്കാന്‍ കഴിയാത്തവര്‍ക്കായി എന്‍ട്രി ലെവല്‍ ഉല്‍പ്പന്നങ്ങളുമുണ്ട്. 500 രൂപ മുടക്കാനായില്ലെങ്കില്‍ 50 ഓ 100 ഓ മുടക്കില്‍ താടി മിനുക്കാനുള്ള ഉല്‍പ്പന്നങ്ങളുമായി കമ്പനികളെത്തി.
പ്രിമീയം ഉല്‍പ്പന്നങ്ങളുടെ ആരാധകര്‍ക്കായി കിടുക്കന്‍ പ്രൈസില്‍ സാധനങ്ങളെത്തിത്തുടങ്ങി. ബിയര്‍ഡോയുടെ 24 കാരറ്റ് ബിയര്‍ഡ് ഗോള്‍ഡ് ഓയിലിന്റെ വില 2,500 രൂപയാണ് വില. വിലയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കായി 250 രൂപയ്ക്ക് ബിയര്‍ഡോ ഓയില്‍ ലഭിക്കും.

അലമാരകളിലെ ആണ്‍ അറകളില്‍ സൗന്ദര്യ വര്‍ധകങ്ങളുടെ നീണ്ട നിരയെത്തിക്കുന്നതിന് കമ്പനികള്‍ ശ്രമിക്കുമ്പോള്‍ ആണഴകിന് എണ്ണമില്ലാത്ത അവസ്ഥാന്തരങ്ങളുണ്ടാകാനാണ് സാധ്യത.

beard fashionനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More