മാറിപ്പോയതറിയാതെ മൂന്ന് വര്‍ഷം വളര്‍ത്തി, സത്യം തിരിച്ചറിഞ്ഞപ്പോള്‍ കുഞ്ഞിനെ കൈമാറാതെ മാതാപിതാക്കള്‍

ഒരു സിനിമയിലോ മറ്റോ കണ്ടേക്കാവുന്ന ദൃശ്യം. ആശുപത്രിയില്‍ നിന്ന് മാറിപ്പോയ രണ്ട് കുഞ്ഞുങ്ങള്‍ രണ്ട് വീടുകളിലായി വളരുന്നു. മൂന്നാം വര്‍ഷം മാതാപിതാക്കള്‍ തിരിച്ചറിയുന്നു തങ്ങളുടെ കുഞ്ഞിനെയല്ല ഇതു വരെ വളര്‍ത്തിയതെന്ന്. കോടതി വിധിയിലൂടെ കുഞ്ഞിനെ കൈമാറ്റാന്‍ അവസരം വന്ന ദിവസം ഇത്രയും നാള്‍ തങ്ങളുടെ ചൂടേറ്റ് വളര്‍ന്ന കുഞ്ഞിനെ കൈമാറാനാകാതെ തരിച്ച് നില്‍ക്കുന്ന രണ്ട് അച്ഛന്മാര്‍. സ്വന്തം അച്ഛനമ്മമാരുടെ കൈയ്യിലേക്ക് കൂട്ടാക്കാതെ അത് വരെ വളര്‍ത്തിയ അച്ഛനമ്മമാരെ കെട്ടിപ്പിടിച്ച് കരയുന്ന കുരുന്നുകള്‍. അത് വരെ വളര്‍ത്തിയ പിഞ്ചോമനയെ അത് സ്വന്തം ചോരയല്ലാഞ്ഞിട്ട് കൂടി തിരികെ നല്‍കാന്‍ കഴിയാത്ത അമ്മ മനസുകള്‍.
ആസ്സാമിലെ ദരംഗ് ജില്ലയിലാണ് സംഭവം. 2015 മാര്‍ച്ച് 11നാണ് രണ്ട് കുടുംബങ്ങളിലേയും യുവതികള്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജാമ്യം നല്‍കുന്നത്. പ്രസവം കഴിഞ്ഞ് രണ്ട് കുടുംബങ്ങളും അവരവരുടെ വീടുകളിലേക്ക് മടങ്ങി. എന്നാല്‍ കൂട്ടത്തിലെ അധ്യാപകന്റെ ഭാര്യയ്ക്ക് ഒരു സംശയം തന്റെ ഒപ്പം ഉള്ള കുഞ്ഞിന് അന്ന് ആശുപത്രിയില്‍ ഒപ്പം ഉണ്ടായിരുന്ന ബോഡോ സ്ത്രീയുടെ മുഖഛായ ഉണ്ടോ എന്ന്. അവര്‍ ആ സംശയം ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവ് ആശുപത്രി അധികൃതരെ സമീപിച്ചു. എന്നാല്‍ ഭാര്യയ്ക്ക് ഭ്രാന്തായിരിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. എന്നാല്‍ അധ്യാപകന്‍ മടങ്ങാന്‍ തയ്യാറായില്ല. വിവരാവകാശ നിയമപ്രകാരം അന്നേ ദിവസം ആശുപത്രിയില്‍ നടന്ന് പ്രസവങ്ങളുടെ കണക്കും മറ്റ് വിവരങ്ങളും എടുത്തു. ഇതെ തുടര്‍ന്നാണ് സംശയം അന്ന് അശുപത്രിയില്‍ ഉണ്ടായിരുന്ന ബോഡോ കുടുംബത്തിലേക്ക് മാത്രമായി ചുരുങ്ങുന്നത്. ഈ വിവരം ധരിപ്പിക്കാനായി ബോഡോ കുടുംബത്തെ കണ്ടെങ്കിലും ആ കുടുംബം അത് വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തുകയായിരുന്നു. റിസള്‍ട്ട് കാണിച്ച് പോലീസ് കേസു വന്നു.
സത്യം തിരിച്ചറിഞ്ഞതോടെ രണ്ട് കുടുംബങ്ങളും സംയുക്തമായി കുഞ്ഞിനെ കൈമാറാനായി രംഗത്ത് വന്നു. ജനുവരി 4 ഇതിനായി കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിനേയും കൊണ്ട് എത്തിയ രണ്ട് കുടുംബങ്ങള്‍ക്കും തങ്ങള്‍ വളര്‍ത്തിയ കുഞ്ഞിനെ വിട്ട് സ്വന്തം കുഞ്ഞിനെ ഏറ്റുവാങ്ങാനായില്ല. കരഞ്ഞ് തളര്‍ന്ന കുഞ്ഞുങ്ങളെ കൈമാറാതെ അവര്‍ വീട്ടിലേക്ക് തിരികെ പോയി. ആ യാത്രയില്‍ ഇവര്‍ മറ്റൊന്നു കൂടി തീരുമാനിച്ചു. ജനുവരി 24ന് ഒരു സംയുക്ത ഹര്‍ജി കൂടി നല്‍കാന്‍. കുഞ്ഞിനെ കൈമാറ്റം ചെയ്യാനല്ല, കൈമാറ്റം ചെയ്യാതിരിക്കാന്‍. രണ്ട് വര്‍ഷമെങ്കില്‍ രണ്ട് വര്‍ഷം തങ്ങള്‍ വളര്‍ത്തിയ ആ കുഞ്ഞുങ്ങളെ തന്നില്‍ നിന്ന് അകറ്റരുതേ എന്ന അപേക്ഷ കോടതിയെ ബോധ്യപ്പെടുത്താന്‍. രക്ത ബന്ധത്തേക്കാള്‍ വലുതായ ആ വൈകാരിക ബന്ധത്തിന്റെ കെട്ടുകള്‍ നിയമം കൊണ്ട് പൊട്ടിക്കാതിരിക്കാനാണ് ആ ഹര്‍ജി. സ്നേഹത്തേയും മനുഷ്യ ബന്ധത്തേയും കുറിച്ച് മാത്രം ഒരു മാതാപിതാക്കള്‍ ഈ അവസരത്തിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവരുടെ മനസിലെ സ്നേഹത്തിന്റെ ആഴം എന്തായിരിക്കുമെന്ന് ഒരു ചിന്തിച്ച് നോക്കൂ.
Two Babies Swapped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here