ജെഡിയുവിന്റെ മുന്നണിമാറ്റത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ജെഡിയു നടത്തിയ മുന്നണിമാറ്റത്തെ രാഷ്ട്രീയ വഞ്ചനയെന്ന് വിലയിരുത്തി കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍ രംഗത്ത്. എം.പി വീരേന്ദ്രകുമാര്‍ മുന്നണിമാറ്റത്തെ കുറിച്ച് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ച ശേഷം അതേ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഹസ്സന്‍. മുന്നണിമാറ്റം നടത്തുമ്പോള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിക്കേണ്ട കടമ ജെഡിയു കാണിക്കണമെന്ന് ഇന്നലെ ഹസ്സന്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജെഡിയുവിനെ കടന്നാക്രമിച്ചു. ജെഡിയു രാഷ്ട്രീയ മര്യാദ പുലര്‍ത്തിയില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. ഫോണ്‍ വിളിച്ചുപോലും മുന്നണിമാറ്റത്തെ കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അതേ കുറിച്ച് അറിഞ്ഞതെന്നും പറഞ്ഞാണ് ചെന്നിത്തല വിമര്‍ശനമുന്നയിച്ചത്. യുഡിഎഫില്‍ നിന്ന് തങ്ങള്‍ക്ക് നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവനക്കെതിരെയും ചെന്നിത്തല വിമര്‍ശനമുന്നയിച്ചു. ജെഡിയുവിന് യുഡിഎഫ് നല്‍കിയ അധികാരങ്ങള്‍ എണ്ണിപറഞ്ഞായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചത്. എ.കെ.ജി സെന്ററില്‍ നിന്ന് സിപിഎം ചവിട്ടിപുറത്താക്കിയ ജെഡിയുവിന് അഭയം നല്‍കിയത് യുഡിഎഫ് ആണെന്ന കാര്യം മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here