സ്വന്തം വീടിന്റെ ടെറസിൽ പോകാൻ അനുവാദമില്ല; വീട്ടിൽ അതിഥികൾ വന്നാൽ ഉടൻ പോലീസിൽ അറിയിക്കണം ! കാരണം ഇതാണ്

സ്വന്തം വീടിന്റെ ടെറസിൽ പോകാൻ അനുവാദമില്ല, അവിടെ നിന്ന് ചിത്രങ്ങളെടുക്കാൻ പാടില്ല, വീട്ടിൽ അതിഥികൾ വന്നാൽ പോലീസിൽ അറിയിക്കുകയും വേണം ! അവിശ്വസനീയം, അല്ലേ ? എന്നാൽ അത്തരത്തിലുള്ള വിചിത്രമായ ഒരു ചട്ടക്കൂടിൽ ഏറെ നാളുകളായി കഴിയുകയാണ് നാരായണ യാദവ്.
റായ്പൂറിനടുത്ത് ബറോഡ ഗ്രാമത്തിലാണ് നാരായണ യാദവിന്റെ വീട്. മറ്റൊന്നുംകൊണ്ടല്ല നാരായണ യാദവിന് ഇത്തരം ചട്ടക്കൂടുകളിൽ ജീവിക്കേണ്ടി വന്നത് മറിച്ച് സുരക്ഷ കണക്കിലെടുത്താണ്…നാരായണ യാദവിന്റെ അല്ല…സ്വാമി വിവേകാനന്ദ വിമാനത്താവളത്തിന്റെ !
ഒന്നുകൂടി വ്യക്തമാക്കിയാൽ, സ്വാമി വിവേകാനന്ദ വിമാനത്താവളത്തിന്റെ തൊട്ടടുത്താണ് നാരായണ യാദവിന്റെ വീട്. അതുകൊണ്ട് തന്നെ നാരായണ യാദവിന്റെ വീടിന്റെ ടെറസിൽ നിന്ന് റൺവേ സുഖമായി കാണാം. മാത്രമല്ല വിമാനത്തിലെ വിൻഡോ സീറ്റിലിരിക്കുന്ന യാത്രക്കാരന്റെ മുഖംവരെ നാരായണ യാദവിന് വ്യക്തമായി കാണാം !
ആദ്യമൊക്കെ വീട്ടുകാർക്ക് ഇത്രയടുത്ത് വിമാനം പറന്നുപൊങ്ങുന്നതും പറന്നിറങ്ങുന്നതും കാണുക ഒരു രസമായിരുന്നു . അയൽ ജില്ലകളിൽ നിന്നുവരെ വിമാനം കാണാൻ ആളുകൾ നാരായണ യാദവിന്റെ വീട്ടിൽ വരുമായിരുന്നു. എന്നാൽ ഇക്കാര്യം സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കാര്യങ്ങൾ തലകീഴായി മറിയുന്നത്.
അപ്പോഴാണ് നാരായണ യാദവിനോടും ടെറസിൽ പോകരുതെന്നും, ടെറസിൽ പോകാൻ ആരെയും അനുവദിക്കരുതെന്നും സുരക്ഷാ ഉദ്യോസ്ഥർ ചട്ടംകെട്ടുന്നത്. ഇതിനുപിന്നാലെയാണ് മറ്റു നിർദ്ദേശങ്ങളും വരുന്നത്. നാരായണ യാദവിന്റെ വീട്ടിൽ നിന്നിരുന്ന മരങ്ങളും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ മുറിച്ചു മാറ്റി. ഇപ്പോൾ സ്വന്തം വീട്ടിൽ ഒരു ചിത്രം പോലുമെടുക്കാനുള്ള സ്വാതന്ത്ര്യമില്ലാതെയാണ് ഇവർ ജീവിക്കുന്നത്.
swami vivekananda airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here