ഒരു നായകനായിട്ടല്ല ഫഹദ് പലപ്പോഴും സിനിമയിൽ ജീവിക്കുന്നത്; കുറഞ്ഞ ഉയരവും കയറിയ കഷണ്ടിത്തലയുമൊന്നും അയാൾക്ക് ഭാരമാകില്ല

ക്ലൈമാക്സ് തന്നെയാണ് കാർബൺ സിനിമയുടെ കാതൽ. നിഗൂഢമായ നിധി തേടലിൽ തോറ്റിടത്തു നിന്നും വീണ്ടും ജനിച്ച് നിധി കൊടുത്തിട്ടും തോൽക്കുമ്പോഴും നിധിയേക്കാൾ തിളങ്ങുന്ന ആ രണ്ടു കണ്ണുകൾ… ഫഹദിന്റെ അഭിനയം കണ്ടിരിക്കാൻ എത്രയോ രസകരമാണ്. ഒരു നായകനായിട്ടല്ല ഫഹദ് പലപ്പോഴും സിനിമയിൽ ജീവിക്കുന്നത്. കുറഞ്ഞ ഉയരവും കയറിയ കഷണ്ടിത്തലയുമൊന്നും അയാൾക്ക് ഭാരമാകില്ല. അയാൾ താരപദവി അലങ്കാരമാക്കാത്തതു കൊണ്ട് മാത്രം മലയാള സിനിമയ്ക്ക് സ്വന്തമായ മഹേഷിനും തൊണ്ടിമുതലിനും ഒക്കെ ശേഷം കാത്തു വെച്ച കാർബൺ സത്യത്തിൽ പ്രേക്ഷകരുടെ കാഴ്ചവട്ടത്തിൻ കഴുത്തിലണിയിച്ച ഡയമണ്ട് നെക്‌ലേസ് തന്നെയാണ്.
സമീറ… വലിയ അഭിനയ മാസ്മരികതയൊന്നും ആവശ്യമില്ലാത്ത ആ കഥാപാത്രത്തെ മംമ്താ മോഹൻദാസ് അത്രമേൽ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. ഭാവനയുടെ അതിർവരമ്പിൽ കണ്ണും ക്യാമറയും വെച്ചും സ്ഥലകാലബോധത്തിലേക്ക് തിരിച്ചെത്തിച്ചും വേണുവും മോഹനനും അത്ഭുതപ്പെടുത്തുന്നു. സ്ത്രീവിരുദ്ധതയുടെ കൊടും കലികാലത്ത് താനെങ്ങിനെയാണ് ഇവിടെ ഇടം ഉറപ്പിക്കുന്നതെന്നു വിസ്മയിപ്പിക്കുന്നുണ്ട് ബീനാ പോൾ എഡിറ്റിംഗ് മികവിലൂടെ! കാട് കണ്ട് മതിവരാതെ ഏറ്റവും അടുത്ത അവധി ദിനത്തേയ്ക്ക് ഒരു വനയാത്ര നിശ്ചയിച്ചുറപ്പിച്ചിരിക്കും നിങ്ങൾ ഈ സിനിമ കണ്ടിറങ്ങുന്ന പക്ഷം.. തീർച്ച!
carbon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here