Advertisement

‘പതാക നേരെ പിടിക്കൂ’; ഇന്ത്യയുടെ ദേശീയ പതാകയെ ബഹുമാനിച്ച് പാക് ക്രിക്കറ്റര്‍ അഫ്രീദി

February 11, 2018
Google News 1 minute Read

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധത്തിന് സമാനമാണ് മൈതാനത്ത് ക്രിക്കറ്റ് കളിക്കാനായി ഇരു രാജ്യങ്ങളുടെയും ആഭ്യന്തര ടീമുകള്‍ അണിനിരക്കുന്നത്. മറ്റ് ടീമുകള്‍ക്കൊപ്പം കളിക്കുന്നതിനേക്കാള്‍ വാശിയോടെയായിരിക്കും ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ എത്തുക. എന്നാല്‍ താരങ്ങള്‍ തമ്മില്‍ കളിക്കളത്തിലല്ലാതെ കളത്തിന് പുറത്തേക്ക് ആ വാശിയും വൈരാഗ്യവും കൊണ്ടുപോകാറില്ല. മാത്രമല്ല, പരസ്പരം ഇരു രാജ്യങ്ങളെയും ക്രിക്കറ്റ് താരങ്ങള്‍ വേണ്ടത്ര ബഹുമാനത്തോടെ കാണുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവം ഉണ്ടായി. ക്രിക്കറ്റ് ആരാധകര്‍ അത് വേണ്ടുവോളം ആഘോഷിക്കുകയും ചെയ്തു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുന്ന സെന്റ്.മോറിറ്റ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് സംഭവം. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് നയിക്കുന്ന ഡൈമണ്ട് ഇലവനും പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരം ഷഹിദ് അഫ്രീദി നയിക്കുന്ന റോയല്‍സ് ഇലവനും തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം. കളിക്കിടയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷഹിദ് അഫ്രീദി കാണികള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ എത്തി. അതിനിടയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയും കൈകളിലേന്തി ഒരു യുവതി അഫ്രീദിക്കൊപ്പം ഫോട്ടോ എടുക്കാന്‍ പോസ് ചെയ്തു. കൈയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ പതാക ഫോട്ടോ എടുക്കാന്‍ പോകുന്നതുകൊണ്ട് മടക്കി കൈകളില്‍ പിടിച്ചു. ഇത് കണ്ട പാകിസ്താന്‍ ക്രിക്കറ്റര്‍ ആ യുവതിയോട് ദേശീയ പതാക നേരെ പിടിക്കാന്‍ ആവശ്യപ്പെട്ടു. ‘Flag Seedha Karo apna’ (straighten the flag) എന്ന് അഫ്രീദി പറയുന്നത് വീഡിയോ രംഗങ്ങളില്‍ എടുത്തുകാണിക്കുന്നുണ്ട്. യുവതി പതാക നേരെ പിടിച്ചതിനുശേഷം ഇന്ത്യന്‍ പതാകയുടെ പുറകില്‍ നിന്നാണ് അഫ്രീദി ഫോട്ടോക്ക് പോസ് ചെയ്തത്. ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഭാഗികമായി തടസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ സംഭവം. രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയുടെ പേരില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പോലും വിലക്കുന്നത് ഉചിതമായ നടപടിയല്ലെന്ന് പലപ്പോഴായി തുറന്നുപറഞ്ഞിട്ടുള്ള പാകിസ്ഥാന്‍ താരം കൂടിയാണ് ഷഹിദ് അഫ്രീദി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here