വാടിയ ‘റോസാപ്പൂ’; വാടാത്ത അഞ്ജലി

ഉന്മേഷ് ശിവരാമന്‍
‘റോസാപ്പൂ’ സിനിമയ്ക്കുള്ളിലെ സിനിമയാണ്.തിരശ്ശീലയ്ക്ക് പിന്നിലെ സിനിമാ ലോകമാണ് മുഖ്യ പ്രമേയം. സിനിമാജീവിതം പ്രമേയമായ ചിത്രങ്ങള്‍, മലയാളത്തില്‍ ആദ്യമല്ല. ‘ഉദയനാണ് താര’ത്തിലൂടെ തുടങ്ങിയ ‘സിനിമാക്കഥ’കള്‍ തുടരുന്നുമുണ്ട്. ‘എന്നാല്‍ , ഇക്കിളി സിനിമകളുടെ ‘ ലോകത്തേക്കാണ് ‘റോസാപ്പൂ’ ക്യാമറ തിരിച്ചിരിക്കുന്നത്. ആഴത്തില്‍ വേരോടിയ ചില സിനിമാബോധങ്ങളെ ‘റോസാപ്പൂ’ അപനിര്‍മ്മിക്കുന്നുണ്ട്. സ്ത്രീപക്ഷത്തും സിനിമ ചുവടുറപ്പിക്കുന്നു.
ലൈംഗികതയുടെ ഉല്‍പ്രേരകം
മലയാളത്തില്‍, 1990-കളുടെ ഒടുവിലാണ് ലൈംഗികാതിപ്രസര സിനിമകള്‍ വലിയ വിജയം നേടിയത്. പ്രായഭേദമില്ലാതെ ഇത്തരം സിനിമകള്‍ക്ക് കാഴ്ചക്കാരുണ്ടായി. ഷക്കീല, മരിയ,രേഷ്മ എന്നീ നടിമാരുടെ ശരീരപ്രദര്‍ശനം തിയേറ്ററുകളില്‍ തള്ളിക്കയറ്റത്തിന് കാരണമായി. ചെറിയ മുതല്‍മുടക്കില്‍ പുറത്തുവന്ന ഇത്തരം ചിത്രങ്ങള്‍ വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കുകയും ചെയ്തു. ഒന്നിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തും ‘ഷക്കീലപ്പടങ്ങള്‍’ സാമ്പത്തിക ലാഭം കൊയ്തു.
ലൈംഗികതയുടെ , കുടുംബസങ്കല്‍പ്പം തകര്‍ത്ത ഈ ചിത്രങ്ങള്‍ സ്ത്രീയെ കച്ചവടവത്കരിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്.ഇടക്കാലത്ത് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ഇക്കിളി സിനിമാ വ്യവസായത്തിന്റെ തകര്‍ച്ചയ്ക്കും കാരണമായി. ജീവിക്കാന്‍ മറ്റ് വഴികളില്ലാതെ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞവരും ഉണ്ട്. കഠിനമായ ജീവിത സാഹചര്യങ്ങളെ അതിജീവിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ആരുമറിയാതെ,തിരശ്ശീലയ്ക്ക് പിന്നില്‍ അവരുടെ ജീവിതങ്ങള്‍ പുകഞ്ഞുതീര്‍ന്നു. അപ്പോഴും തിരശ്ശീലയിലെ സീല്‍ക്കാരങ്ങളിലാണ് അവര്‍ പുരുഷമനസുകളില്‍ ജീവിച്ചത്.
ശരീരം മാത്രമല്ല സ്ത്രീ
ശരീരം മാത്രമല്ല ഒരു സിനിമാനടി എന്ന് കഴിയുന്നത്ര ഉച്ചത്തില്‍ ‘റോസാപ്പൂ’ വിളിച്ചുപറയുന്നുണ്ട്. രശ്മി(അഞ്ജലിയുടെ കഥാപാത്രം) എന്ന ‘മാദകനായിക’യുടെ ജീവിതവും സിനിമയുടെ ഭാഗമാണ്.തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും ഒരേ ഛായയല്ല രശ്മിക്ക്. അഞ്ജലിയുടെ സ്വാഭാവിക അഭിനയമാണ് രശ്മിയെ ഉജ്ജ്വലമാക്കുന്നത്. കാമക്കണ്ണുകളോടെ നോക്കുന്നവരെ പ്രതിരോധിക്കുന്ന രശ്മി കരുത്തുറ്റ സ്ത്രീപാത്രമാണ്. തിരശ്ശീലയില്‍ എന്താണോ, ജീവിതത്തിലും അങ്ങനെതന്നെയാണ് ഒരു നടി എന്ന പുരുഷബോധത്തെയാണ് രശ്മി ചോദ്യം ചെയ്യുന്നത്.
ഷൂട്ടിംഗ് രാത്രികളില്‍ കതകില്‍ മുട്ടുന്നവരെയെല്ലാം (സംവിധായകനെ ഒഴികെ) രശ്മി ആട്ടിയോടിക്കുന്നുണ്ട്. ഒരിക്കല്‍, സംവിധായകനോട്( നീരജിന്റെ കഥാപാത്രം) രശ്മി ചോദിക്കുന്നുണ്ട്; നിങ്ങള്‍ മാത്രമെന്താണ് കതകില്‍ തട്ടാത്തതെന്ന്. തന്നോട് പ്രണയമാണോ എന്നാണ് രശ്മിയുടെ തുടര്‍ചോദ്യം. സംവിധായകനോട് തോന്നിയ അടുപ്പം പല ഘട്ടങ്ങളിലും പ്രകടിപ്പിച്ചതാണെങ്കിലും അതേയെന്ന മറുപടി രശ്മിയെ കരയിപ്പിക്കുന്നു. കാമം സമം പുരുഷന്‍ എന്ന സമവാക്യത്തെ സിനിമ തകര്‍ക്കുന്നത് നീരജ് അവതരിപ്പിക്കുന്ന കഥാപാത്രത്തില്‍ കൂടിയുമാണ്. സംവിധായകന്റെ പ്രണയനഷ്ടത്തെയും സിനിമാസ്വപ്‌നങ്ങളെയും മാറി നിന്ന് നോക്കിക്കാണുന്ന കഥാപാത്രമല്ല അഞ്ജലിയുടേത് ; ഒന്നിലേറെ തവണ സംവിധായകന്റെ ജീവിതത്തെ പിടിച്ചുനിര്‍ത്തുന്ന സ്ത്രീനിര്‍മ്മിതി കൂടിയാണ്.
ഷൂട്ടിംഗിനിടെ സഹതാരം കാമാസക്തിയോടെ രശ്മിയുടെ ചുണ്ടു കടിച്ച് മുറിക്കുന്നുണ്ട്. അയാളെ തള്ളിമാറ്റി മടങ്ങുന്ന രശ്മി കരുത്തിന്റെ പ്രതീകമാണ്.ഷൂട്ടിംഗിനിടെ നടി മരിച്ചാല്‍ നിങ്ങള്‍ക്കെന്താല്ലേ എന്നാണ് സംവിധായകനോട് രശ്മിയുടെ ചോദ്യം . ജീവിക്കാന്‍ വേണ്ടിയാണ് താന്‍ അഭിനയിക്കാന്‍ വന്നതെന്ന് രശ്മി പറയുമ്പോള്‍ കാമവെറിപൂണ്ടവര്‍ക്കുള്ള മറുപടി കൂടിയാണത്. സ്‌നേഹം തോന്നുന്ന പുരുഷനുവേണ്ടി (നീരജിന്റെ കഥാപാത്രം) പ്രതിഫലം പോലും വേണ്ടെന്നുവയ്ക്കാന്‍ മനസ്സുണ്ട് രശ്മിക്ക്. പുരുഷ കഥാപാത്രങ്ങളെ നിശ്ശബ്ദമാക്കുന്ന ധൈര്യവും ഇത്തരം ഘട്ടങ്ങളില്‍ രശ്മിയെ വേറിട്ട നിര്‍മ്മിതിയാക്കുന്നു.
രശ്മിയുടെ ശിഷ്ടകാലത്തേക്ക് സിനിമ ക്യാമറ വെയ്ക്കുന്നില്ല. അതിജീവനസമരമാണ് രശ്മിയുടെ ജീവിതം. അതിലവള്‍ പരാജയപ്പെട്ടതായി കാണുന്നുമില്ല.
ബിജുവും നീരജും സൗബിനും
ജീവിക്കാനായി സിനിമ പിടിക്കാന്‍ ഇറങ്ങുന്ന ഷാജഹാനാണ്(ബിജു മേനോന്‍) ‘റോസാപ്പൂവി’ലെ ഒരിതള്‍. സിനിമാ മോഹവുമായി നടക്കുന്ന നീരജ് മാധവിന്റെ കഥാപാത്രവും പ്രോഡക്ഷന്‍ കണ്‍ട്രോളറായ സൗബിന്റെ കഥാപാത്രവും കൂടി ചേരുമ്പോള്‍ സിനിമയ്ക്കുള്ളിലെ സിനിമാലോകമായി. പല ബിസിനസ്സുകളും ചെയ്ത് പരാജയപ്പെട്ടാണ് ഷാജഹാന്‍ സിനിമ പിടിക്കാന്‍ ഇറങ്ങുന്നത്. ‘ഓര്‍ഡിനറി’ക്ക് ശേഷം പാലക്കാടന്‍ ഭാഷയുടെ തടവിലായിരുന്ന ബിജു മേനോന്‍ അതില്‍ നിന്ന് പുറത്തുകടന്നത് ആശ്വാസം തന്നെ. കൂടുതലൊന്നും ചെയ്യാനില്ല ബിജു മേനോന് സിനിമയില്‍. വെറുപ്പിക്കാത്ത അഭിനയമാണ് നീരജ് മാധവിന്റേത്. കുറച്ചുകൂടി കരുത്ത് നേടേണ്ടതില്ലേ നീരജ് എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളുമുണ്ട്.
‘മഹേഷിന്റെ പ്രതികാര’ത്തിലെ ‘കുമ്മട്ടിക്കാജൂസ്’ ശൈലിയാണ് സൗബിന്‍ പിന്തുടരുന്നത്. അതില്‍നിന്നുള്ള സൗബിന്റെ മടക്കമാണ് ഇനിയുള്ള സിനിമകള്‍ ആവശ്യപ്പെടുന്നതെന്ന് തോന്നുന്നു. വിജയരാഘവന്‍,സലിംകുമാര്‍,സുധീര്‍ കരമന,സംവിധായകന്‍ ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ശരാശരി സിനിമ മാത്രം
ചിലപ്പോഴൊക്കെ തിരക്കഥയുടെ പരാജയം സിനിമയെ വിരസമാക്കുന്നുണ്ട്. ശ്രദ്ധ നേടുന്ന ഗാനങ്ങളില്ലെന്ന് പറയാം. ചില എഡിറ്റിംഗ് എടുത്തുചാട്ടങ്ങളും വേണ്ടായിരുന്നു. ചുരുക്കത്തില്‍ ‘റോസാപ്പൂ’ ഒരു ശരാശരി സിനിമ മാത്രമാണ്. കൈകാര്യം ചെയ്യുന്ന പ്രമേയമാണ് കാഴ്ചക്കാരനെ മടുപ്പിക്കാത്തത്. അഞ്ജലിയുടെ അഭിനയവും മികച്ചത് തന്നെ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here