ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ത്?

ചെങ്ങന്നൂര്‍ നിയോജക മണ്ഡലം എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് വന്ന ഒഴിവില്‍ ചെങ്ങന്നൂരില്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം ഭരണത്തിനെ സ്വാധീനിക്കില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ ലോകം തെരഞ്ഞെടുപ്പിനെ കാണുന്നത്. കോണ്‍ഗ്രസ് ക്യാമ്പ് പ്രത്യേകിച്ചും.
നിലവില്‍ എല്‍ഡിഎഫ് മണ്ഡലമാണെങ്കിലും ചെങ്ങന്നൂരിന്റെ ചരിത്രം കോണ്‍ഗ്രസിനൊപ്പമാണ്. 1991മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറാറുള്ള മണ്ഡലത്തില്‍ 2016ലെ തോല്‍വി പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണമായിരുന്നു. തോറ്റത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവശബ്ദം എന്ന് വിശേഷിപ്പിക്കുന്ന മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥ് കൂടിയായപ്പോള്‍ ക്ഷീണം ഇരട്ടിയായിരുന്നു. ആ ക്ഷീണം മാറ്റാനും അടുത്ത വര്‍ഷം വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാനും കോണ്‍ഗ്രസിന് വിജയം അനിവാര്യമാണ്. കഴിഞ്ഞ തവണയുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും മാറ്റമുണ്ട് എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 29ശതമാനത്തിന് മുകളില്‍ വോട്ട് നേടിയ ബിജെപിയ്ക്ക് ഇത്തവണ അത്രയധികം വോട്ട് പിടിക്കാനാവുമോ എന്നത് തന്നെയാണ് ഉറ്റുനോക്കപ്പെടുന്നതും. ബിഡിജെഎസ് ഒപ്പമില്ലാത്തതും പാര്‍ട്ടയ്ക്കുള്ളിലെ പടലപിണക്കവും ബിജെപിയ്ക്ക് തിരിച്ചടിയാണ്. ആ തിരിച്ചടികള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കിയാല്‍ ചെങ്ങന്നൂരിലെ അവസാന ചിരി കോണ്‍ഗ്രസിന്റേതാകും.
പിസി വിഷ്ണുനാഥ് തന്നെയാവും യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് മഞ്ജുവാര്യര്‍ അടക്കമുള്ള പേരുകള്‍ ഉയര്‍ത്തുന്നുണ്ട്. സിഎസ് സുജാത, സജി ചെറിയാന്‍ തുടങ്ങിയ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ദീര്‍ഘ കാലം യുഡിഎഫ് എംഎല്‍എയായിരുന്ന ശോഭനാ ജോര്‍ജ്ജ്, കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിയും ചെങ്ങന്നൂരിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ ശ്രീധരന്‍ പിള്ള, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നീ പേരുകളാണ് ബിജെപി പരിഗണിക്കുന്നത്.
കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ അലട്ടുന്നത് ഇനിയും അവസാനിച്ചിട്ടില്ലാത്ത ഗ്രൂപ്പ് യുദ്ധം തന്നെയാണ്.
കടുത്ത ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരനായ പിസി വിഷ്ണുനാഥിന്റെ കഴിഞ്ഞ തവണത്തെ തോല്‍വിയ്ക്ക് കാരണം ഐ ഗ്രൂപ്പിന്റെ കാലുവാരലാണെന്ന് അണികള്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി പ്രതിരോധ കവചമൊരുക്കുന്നതില്‍ ഒന്നാമനായിരുന്നു പിസി വിഷ്ണുനാഥ്.
സരിത ആരോപണം ഉന്നയിച്ചവരില്‍ മുന്‍നിരയിലുള്ള വിഷ്ണുനാഥിന് ആരോപണ കറ കഴുകി കളഞ്ഞ് ഇമേജ് തിരിച്ച് പിടിയ്ക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഇനിയും നല്ലൊരു പ്രതിപക്ഷമാവാന്‍ കഴിയാത്ത കോണ്‍ഗ്രസിന് നിയമസഭയില്‍ വിഷ്ണുനാഥ് എത്തിയാല്‍ ഉണ്ടാകുന്ന ഊര്‍ജ്ജം ചെറുതാവില്ല. എന്നാല്‍ ഗ്രൂപ്പ് യുദ്ധങ്ങളും പാളയത്തില്‍ പടയും ചെങ്ങന്നൂരില്‍ വീണ്ടും സംസാരമായാല്‍ അത്ര നല്ല ഫലമാകില്ല കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here