ശുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് മുഖ്യമന്ത്രി

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്ത്. സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ് കൊലയാളികള്‍ എന്നതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊലപാതകം നടന്ന് ആറ് ദിവസങ്ങള്‍ക്കു ശേഷവും അഭിപ്രായം പറയാത്തതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിഷയത്തെകുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ശുഹൈബിന്റെ കൊലപാതകത്തെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
ശുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്നും സംഭവം നടന്ന ഉടന്‍ തന്നെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. കുറ്റവാളികള്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here